വയറുവേദനയോ മറ്റ് ലക്ഷണങ്ങളോ ഇല്ലാതിരുന്നിട്ടും ശസ്ത്രക്രിയ നടത്തി അപ്പെന്‍ഡിക്സ് നീക്കം ചെയ്തതായും സിടി സ്കാന്‍ റിപ്പോര്‍ട്ടില്‍ തലച്ചോറിലെ പ്രശ്നങ്ങള്‍ കണ്ടെത്തിയിട്ടും അത് അവഗണിച്ചുവെന്നും കുടുംബം ആരോപിക്കുന്നു

ലണ്ടന്‍: ബ്രെയിന്‍ ട്യൂമര്‍ ബാധിതനായ 25 വയസുകാരന് ഡോക്ടര്‍ തെറ്റായി രോഗനിര്‍ണയം നടത്തിയെന്ന് കുടുംബത്തിന്റെ പരാതി. സി.ടി സ്കാന്‍ റിപ്പോര്‍ട്ട് പരിശോധിച്ച ഡോക്ടര്‍ അത് കംപ്യൂട്ടറിന് സംഭവിച്ച പിശകാണെന്ന് പറഞ്ഞ് അവഗണിച്ചുവെന്നാണ് ആരോപണം. അപ്പന്‍ഡിസൈറ്റിസാണ് യുവാവിന്റെ രോഗമെന്ന് പറഞ്ഞ് ശസ്ത്രക്രിയ നടത്തുകയും ചെയ്തു. യുകെയില്‍ നടന്ന സംഭവത്തെ കുറിച്ച് ന്യൂയോര്‍ക്ക് പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തത്.

കാര്‍പെന്ററായി ജോലി ചെയ്തിരുന്ന ജോഷ് വാര്‍ണര്‍ എന്ന 25 വയസുകാരന്‍ കടുത്ത തലവേദനയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂണിലാണ് ഡാരന്റ് വാലി ഹോസ്‍പിറ്റിലില്‍ എത്തിയത്. സിടി സ്കാന്‍ എടുത്ത ഡോക്ടര്‍ അദ്ദേഹത്തിന് അപ്പന്‍ഡിസൈറ്റിസാണെന്ന് കണ്ടെത്തിയെന്നാണ് ആരോപണം. വയറുവേദനയോ മറ്റ് ലക്ഷണങ്ങളോ ഇല്ലാതിരുന്നിട്ടും ശസ്ത്രക്രിയ നടത്തി അപ്പെന്‍ഡിക്സ് നീക്കം ചെയ്തതായും കുടുംബം ആരോപിക്കുന്നു. ശസ്ക്രക്രിയക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം മണിക്കൂറുകള്‍ക്ക് ശേഷം അതേ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ തിരിച്ചെത്തി. മറ്റൊരു സി.ടി സ്കാന്‍ പരിശോധനയില്‍ തലച്ചോറില്‍ പ്രശ്നങ്ങള്‍ കണ്ടെത്തിയെങ്കിലും അത് കംപ്യൂട്ടറിലെ പിശകാണെന്ന് പറ‍ഞ്ഞ് യുവാവിനെ ഡിസ്‍ചാര്‍ജ് ചെയ്തുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. സ്കാന്‍ മെഷീനിന്റെ പ്രശ്നം കാരണമാണ് ഇത്തരത്തില്‍ കാണിക്കുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Read also: തലച്ചോറിന്‍റെ പ്രവര്‍ത്തനം പ്രശ്നത്തിലാക്കുന്ന ചില ദുശ്ശീലങ്ങള്‍...

വീട്ടിലെത്തിയ ശേഷം പിന്നീട് പലതവണ അദ്ദേഹം ആശുപത്രിയില്‍ പോവുകയും ഡോക്ടര്‍ തിരിച്ചയക്കുകയും ചെയ്തുവത്രെ. ഒടുവില്‍ ഒരു ദിവസം ബാത്ത്റൂമില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ക്യൂന്‍ എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വീണ്ടും സ്കാന്‍ ചെയ്തു. നേരത്തെ ലഭിച്ച സ്കാന്‍ റിപ്പോര്‍ട്ടിന് സമാനമായ റിപ്പോര്‍ട്ടാണ് അപ്പോഴും ലഭിച്ചത്. തലച്ചോറിലെ വലതുവശത്തു നിന്ന് പിന്‍ ഭാഗത്തേക്കും ബ്രെയിന്‍ സ്റ്റെമിലേക്കും വ്യാപിച്ച വലിയ മുഴയാണ് സ്കാനില്‍ കണ്ടത്. സെപ്റ്റംബര്‍ അഞ്ചാം തീയ്യതി ബയോപ്സി നടത്തി. ഫലം വന്നപ്പോള്‍ വളരെ വേഗം വ്യാപിക്കുന്ന അപകടകാരിയായ മിഡ്‍ലൈന്‍ ഗ്ലിയോമ എന്ന ക്യാന്‍സര്‍. 

മൂന്ന് മാസം മാത്രമേ ജീവിച്ചിരിക്കാന്‍ സാധ്യതയുള്ളൂ എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയെങ്കിലും രോഗനിര്‍ണയം വന്ന് പന്ത്രണ്ടാം ദിവസം അദ്ദേഹം മരണത്തിന് കീഴടങ്ങി. ഗുരുതര രോഗത്തെക്കുറിച്ചുള്ള ബോധവത്കരണം മുന്‍നിര്‍ത്തി കുടുംബാംഗങ്ങളാണ് അദ്ദേഹത്തിന്റെ ചികിത്സാ അനുഭവം ഇപ്പോള്‍ പുറത്തുവിട്ടത്. രോഗലക്ഷണങ്ങള്‍ അവഗണിക്കാനോ തെറ്റായി രോഗനിര്‍ണയം നടത്തപ്പെടാനോ ഇനി ആര്‍ക്കും ഇടവരരുതെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അവര്‍ പറയുന്നു.

യുവാവിന്റെ ചികിത്സയ്ക്ക് ധനസമാഹരണത്തിനായി ഓണ്‍ലൈനിലൂടെ ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഈ പണം അദ്ദേഹത്തിന്റെ മകന് വേണ്ടി ചെലവഴിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. രോഗനിര്‍ണയം പിഴച്ചുവെന്നാരോപിച്ച് കുടുംബം ആശുപത്രിക്കെതിരെ പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. സംഭവം പരിശോധിച്ച് വരികയാണെന്ന് ആശുപത്രി വക്താവും എന്‍എച്ച്എസ് അധികൃതരും വ്യക്തമാക്കി.

(പ്രതീകാത്മക ചിത്രം)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...