Asianet News MalayalamAsianet News Malayalam

സ്ത്രീയുടെ കണ്ണില്‍ നിന്ന് ഡോക്ടര്‍ നീക്കം ചെയ്തത് 23 കോണ്ടാക്ട് ലെൻസുകള്‍

ഉറങ്ങുമ്പോള്‍ പതിവായി കോണ്ടാക്ട് ലെൻസ് ഊരിവയ്ക്കാൻ മറന്നുപോയ സ്ത്രീയുടെ കണ്ണില്‍ നിന്ന് ഇരുപത്തിമൂന്നോളം ലെൻസ് ഒന്നിച്ച് നീക്കം ചെയ്തിരിക്കുകയാണൊരു ഡോക്ടര്‍. 

doctor removed 23 contact lenses from womans eye
Author
First Published Oct 14, 2022, 1:20 PM IST

കണ്ണുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങള്‍ക്കും പ്രതിവിധിയായി കോണ്ടാക്ട് ലെൻസ് ഉപയോഗിക്കുന്നവരുണ്ട്. കണ്ണട ഉപയോഗിക്കുന്നതിന് പകരമാണ് അധികപേരും ഇത്തരത്തില്‍ കോണ്ടാക്ട് ലെൻസ് ഉപയോഗിക്കുക. എന്നാല്‍കോണ്ടാക്ട് ലെൻസ് ഉപയോഗിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. 

പ്രധാനമായും ഇത് വൃത്തിയായി സൂക്ഷിക്കുകയെന്നതാണ്. അല്ലാത്തപക്ഷം കണ്ണില്‍ അണുബാധ വരാൻ സാധ്യതകളേറെയാണ്. അതുപോലെ തന്നെ ഉറങ്ങുമ്പോള്‍ ലെൻസ് ഊരിവയ്ക്കുകയും വേണം. ഉറങ്ങുമ്പോള്‍ ഇത് മാറ്റിവച്ചില്ലെങ്കില്‍ ലെൻസ് കണ്ണിനുള്ളിലേക്ക് കയറിപ്പോയിരിക്കാൻ സാധ്യതയുണ്ട്.

അത്തരത്തിലൊരു സംഭവമാണിപ്പോള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഉറങ്ങുമ്പോള്‍ പതിവായി കോണ്ടാക്ട് ലെൻസ് ഊരിവയ്ക്കാൻ മറന്നുപോയ സ്ത്രീയുടെ കണ്ണില്‍ നിന്ന് ഇരുപത്തിമൂന്നോളം ലെൻസ് ഒന്നിച്ച് നീക്കം ചെയ്തിരിക്കുകയാണൊരു ഡോക്ടര്‍. 

കാലിഫോര്‍ണിയയില്‍ നിന്നുള്ള നേത്രരോഗ വിദഗ്ധയായ ഡോ. കത്രീന കുര്‍തീവയാണ് സംഭവത്തിന്‍റെ വീഡിയോ പങ്കുവച്ചത്. തന്‍റെ ക്ലിനിക്കില്‍ നടന്ന സംഭവമാണെന്ന അടിക്കുറിപ്പോടെ ഇവര്‍ പങ്കുവച്ച വീഡിയോയും ഫോട്ടോയുമെല്ലാം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. 

സ്ത്രീയുടെ കണ്‍പോളയ്ക്ക് അകത്തായി, കുടുങ്ങിക്കിടക്കുന്ന രീതിയിലായിരുന്നു ലെൻസുകള്‍. പതിയെ ഇത് പുറത്തെടുത്ത ശേഷം ഏറെ പണിപ്പെട്ടാണത്രേ ഡോക്ടര്‍ ഓരോ ലെൻസും വേര്‍തിരിച്ചെടുത്ത് എത്ര ലെൻസുണ്ടായിരുന്നുവെന്ന് എണ്ണിത്തിട്ടപ്പെടുത്തിയത്. കാരണം കണ്ണിനുള്ളില്‍ കിടന്ന് ഇവയെല്ലാം പരസ്പരം ഒട്ടിച്ചേര്‍ന്ന അവസ്ഥയായിരുന്നുവത്രേ. 

ദിവസവും രാത്രി ലെൻസ് ഊരിവയ്ക്കാൻ ഇവര്‍ മറന്നുപോകുമത്രേ. പിന്നീട് പുതിയൊരു ലെൻസ് വയ്ക്കും. ഇങ്ങനെയാണത്രേ ഇത്രയധികം ലെൻസ് ഇവരുടെ കണ്ണിനുള്ളില്‍ കുടുങ്ങിപ്പോയത്. എങ്ങനെയാണ് ഇവരിങ്ങനെ എല്ലാ ദിവസവും ലെൻസ് മാറ്റാൻ മറന്നുപോകുന്നതെന്ന അമ്പരപ്പ് ഏവരും പങ്കുവയ്ക്കുന്നുണ്ട്. ഇവര്‍ക്ക് മറവിരോഗമുണ്ടോയെന്നത് പരിശോധിക്കണമെന്നും ലെൻസിന് പകരം കണ്ണട നല്‍കുന്നതാണ് നല്ലതെന്നുമെല്ലാം അഭിപ്രായപ്പെടുന്നവര്‍ ഏറെയാണ്. എന്തായാലും ഇവര്‍ക്ക് മറവിരോഗമുണ്ടോയെന്നതോ ഇവരുടെ മറ്റ് വിശദാംശങ്ങളോ ഒന്നും തന്നെ നിലവില്‍ ലഭ്യമല്ല. 

വീഡിയോ കാണാം...

 

Also Read:- ആരോഗ്യനില വഷളായി ആശുപത്രിയിലെത്തിച്ച യുവാവിന്‍റെ വയറ്റില്‍ നിന്ന് കണ്ടെത്തിയത്...

Follow Us:
Download App:
  • android
  • ios