Asianet News MalayalamAsianet News Malayalam

'കൊവിഡിന് ശേഷമുള്ള എല്ലാ ആരോഗ്യപ്രശ്നങ്ങളും പോസ്റ്റ് കൊവിഡിന്‍റേതല്ല'; ഡോ. സുല്‍ഫി നൂഹു

കൊവിഡിന് ശേഷമുള്ള എല്ലാ ആരോഗ്യപ്രശ്നങ്ങളും പോസ്റ്റ് കൊവിഡിന്‍റേതായി തെറ്റിദ്ധരിക്കരുതെന്ന് ഡോ. സുള്‍ഫി നൂഹു. ഇതിനെക്കുറിച്ച് ഡോ. സുൽഫി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

doctor sulphi noohu fb post about post covid problems
Author
Thiruvananthapuram, First Published Nov 8, 2021, 3:13 PM IST

കൊവിഡിന് ശേഷമുള്ള എല്ലാ ആരോഗ്യപ്രശ്നങ്ങളും പോസ്റ്റ് കൊവിഡിന്‍റേതായി തെറ്റിദ്ധരിക്കരുതെന്ന്  ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ ) സമൂഹമാധ്യമ വിഭാഗം നാഷണല്‍ കോര്‍ഡിനേറ്റര്‍ ഡോ. സുള്‍ഫി നൂഹു. ഇതിനെക്കുറിച്ച് ഡോ. സുൽഫി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

'ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ മാനദണ്ഡമനുസരിച്ച് പോസ്റ്റ് കൊവിഡ്  എന്നാൽ കൊവിഡ് വന്ന തീയതി മുതൽ മൂന്ന് മാസങ്ങൾക്കു ശേഷവും ശക്തമായ  ക്ഷീണം, ശ്വാസംമുട്ടൽ, ബൗദ്ധികമായ പ്രവർത്തനങ്ങളിലെ വ്യത്യാസങ്ങൾ കുറഞ്ഞത് രണ്ട് മാസങ്ങളിൽ ഏറെ നിലനിൽക്കുകയും അവ മറ്റൊരു രോഗംമൂലം അല്ലെന്ന് അസന്നിഗ്ധമായി തെളിയിക്കപ്പെടുകയും വേണം. കൊവിഡ് വന്നു എന്ന ഒറ്റക്കാരണത്താൽ  എല്ലാ അസുഖങ്ങളും അതുമൂലം ആണെന്ന് ഒരിക്കലും ധരിക്കരുത്'- ഡോ. സുല്‍ഫി കുറിച്ചു. 

ഡോക്ടറുടെ കുറിപ്പ് വായിക്കാം...

തെക്കേലെ മീനാക്ഷിയമ്മയെ ആദ്യം കാണുന്നത് ഏതാണ്ട് അഞ്ചു കൊല്ലങ്ങൾക്ക് മുൻപാണ്. നെറ്റിയിൽ വരിഞ്ഞ് മുറുക്കി കെട്ടിയ തോർത്തുമായിയായിരുന്നു ആ വരവ്. കൂടെ നാലഞ്ച് ഘടോൽകചൻമാരായ ബന്ധുജനങ്ങളും.

വിയർത്തുകുളിച്ച മീനാക്ഷിയമ്മ  രോഗവിവരം പറഞ്ഞു. കൂടെ വന്ന ബന്ധുക്കളും   ചോദ്യാവലിയിലെ  വിട്ടുപോയ ഭാഗം പൂരിപ്പിക്കുന്നതുപോലെ പൂരിപ്പിച്ചു. നിർത്താത്ത തലവേദന. അതായത്, പരസ്യങ്ങളിൽ പറയുന്നതുപോലെ, തല വെട്ടി പൊളിക്കുന്ന പോലെ. ചർദ്ദിക്കാൻ തുടങ്ങിയാൽ നിർത്താൻ പറ്റില്ലത്രേ. തുടരെത്തുടരെ ഛർദ്ദിക്കും. പക്ഷേ അത് കഴിഞ്ഞാൽ അല്പം ആശ്വാസം. 

ചുറ്റുമുള്ളവരൊക്കെ ഒന്നിലേറെ ബിംബങ്ങളായി കാണും.  വലിയ ശബ്ദം, വെളിച്ചം അവയൊക്കെ തീർത്തും അരോചകം. വർഷങ്ങളായി വേദന വരുമ്പോൾ തൊട്ടടുത്ത ആശുപത്രിയിൽ പോയി ഇൻജക്ഷൻ എടുക്കും. പിന്നെ നാലഞ്ച് ദിവസത്തേക്ക് ആശ്വാസം. അതുകഴിഞ്ഞാൽ ഇരട്ടി ശക്തിയോടെ  തലവേദന വീണ്ടും. മാസത്തിൽ ഒരു എട്ട് പത്ത് ദിവസം ഉഗ്രൻ തലവേദന ഉറപ്പ്.

കഥ കേൾക്കുമ്പോഴേ സംഭവം മൈഗ്രേനെന്ന്  മനസ്സിലാക്കാൻ വലിയ ഡാക്കിട്ടറൊന്നുമാകണ്ടായെന്നുള്ളത് വലിയ സത്യം.  മീനാക്ഷിഅമ്മയെ ഞാൻ ആശ്വസിപ്പിച്ചു. മൈഗ്രൈൻ വരാതിരിക്കാനുള്ള ചികിത്സ ആരംഭിക്കാമെന്ന ഉപദേശം നൽകി. ചികിത്സ ആരംഭിച്ച രണ്ടാഴ്ച കഴിഞ്ഞപ്പോൾ തലവേദനയ്ക്ക് നല്ല ശമനം.

മീനാക്ഷിയമ്മയ്ക്ക് എന്നോട് കടുത്ത ബഹുമാനം. നാട്ടിലുള്ള മറ്റ് തലവേദന കാരെയൊക്കെ  കൂട്ടി വരാൻ തുടങ്ങി നമ്മുടെ മീനാക്ഷിയമ്മ. പക്ഷേ ആ ആരാധന അധികം നീണ്ടില്ല. കുറഞ്ഞത് മൂന്നു മാസമെങ്കിലും കഴിക്കേണ്ട മൈഗ്രേൻ ഗുളിക  ഏതാണ്ട് മൂന്നാഴ്ച കഴിഞ്ഞപ്പോൾ  മീനാക്ഷിയമ്മയങ് നിർത്തി. തലവേദന വീണ്ടും. ഏറ്റവും കുറഞ്ഞത് മൂന്നു മാസം ഗുളിക കഴിച്ചാൽ തലവേദന കുറയുമെന്ന്  ഞാൻ വീണ്ടും ഉപദേശിച്ചു.

സംഭവം വീണ്ടും തഥൈവ. രണ്ടാഴ്ച കൂടി കഴിക്കും . തല വേദന കുറയുമ്പോൾ നിർത്തും. ആ കഥ കഴിഞ്ഞ അഞ്ചു കൊല്ലമായി ഇടയ്ക്കിടയ്ക്ക് തുടരുന്നു. അപ്പോഴാണ് കഷ്ടകാലത്തിന് മീനാക്ഷി അമ്മയ്ക്ക് കോവിട് പിടിപെടുന്നത്. എന്നാൽ, വലിയ ബുദ്ധിമുട്ടുണ്ടാകാതെ കോവിഡ് ഭേദമായി . 

പിന്നെയാണ് സംഭവത്തിലെ വലിയ ട്വിസ്റ്റ്. ഈ കഴിഞ്ഞ ദിവസം  മീനാക്ഷിയമ്മ തലയിലെ  കെട്ടുമായി നാലഞ്ച് പുതിയ ഘടോൽക്കചൻമാരുമായി  വീണ്ടും. മൈഗ്രൈൻ അറ്റാക്ക്. സംഭവം അത്രേയുള്ളൂ. പക്ഷേ മീനാക്ഷിയമ്മയുടെ ചിന്ത മറ്റൊന്നാണ്. അത്യാവശ്യം വായനാശീലമുള്ള മീനാക്ഷിയമ്മ ഇത് പോസ്റ്റ് കോവിഡാണെന്ന് തീരുമാനിച്ചു. അഞ്ചുകൊല്ലമായുള്ള മൈഗ്രേൻ മാത്രമല്ലേയെന്ന് വീണ്ടും വീണ്ടും പറഞ്ഞിട്ടും മീനാക്ഷി അമ്മയുടെ മനസ്സിലേക്ക് അത് കയറുന്നില്ല. ഞാനെന്‍റെ സർവ്വ നമ്പരുകളും ഇറക്കി ഒന്ന് കൺവിൻസ് ചെയ്യാൻ ശ്രമിച്ചു. കിം ഫലം.

"ഇത് പോസ്റ്റ് കോവിഡാണ്
പോസ്റ്റ് കോവിഡ് മാത്രമാണ്
പോസ്റ്റ് കോവിഡ് തന്നെയാണ്"
മീനാക്ഷിയമ്മ തറപ്പിച്ചു പറഞ്ഞു.

എന്നാൽ പിന്നെ അങ്ങനെ തന്നെ എന്ന്  ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ട്  മൈഗ്രൈൻ ഗുളിക വീണ്ടും നൽകി മീനാക്ഷിഅമ്മയെവീട്ടിലേക്കു വിട്ടു. കുറഞ്ഞത് മൂന്നു മാസം കഴിക്കണമെന്ന് എൻറെ സ്ഥിരം ഉപദേശവും. മൈഗ്രേൻ എന്ന യഥാർത്ഥ രോഗത്തെ പോസ്റ്റ് കോവിഡ് എന്ന പുതിയ പേരിട്ട് വിളിച്ച മീനാക്ഷിയമ്മ  ചികിത്സ മുടക്കുമെന്നും വീണ്ടും വരുമെന്ന് എനിക്ക് ആയിരം വട്ടം ഉറപ്പ്.

കഥ പറഞ്ഞത് താഴെ പറയുന്നത് പറയാനാണ് . നമുക്ക് ചുറ്റും ധാരാളം മീനാക്ഷി അമ്മമാരുണ്ട്.  എന്തിനെയും ഏതിനെയും പോസ്റ്റ് കോവിഡ് എന്ന രോഗത്തിന്‍റെ തലയിൽ കെട്ടി വയ്ക്കുന്നു , പല മീനാക്ഷി അമ്മമാരും. അത്തരം "പോസ്റ്റ് കോവിഡ് ഫോബിയയും" മായി ആശുപത്രിയിലെത്തുന്നവർ  പതിനായിരക്കണക്കിന് വരുമെന്നാണ്  പല ഡോക്ടർമാരും സാക്ഷ്യപ്പെടുത്തുന്നത്.

പഴയ മൈഗ്രൈൻ,
പഴയ നടുവേദന,
പഴയ തലകറക്കം,
പഴയ ഹൈപ്പർ അസിഡിറ്റി,
തൊട്ടതും പിടിച്ചതുമെല്ലാം പോസ്റ്റ് കോവിഡ് മൂലമാണെന്ന് ഭയക്കുന്ന ഒരു വലിയ കൂട്ടം മീനാക്ഷി അമ്മമാർ!

ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ മാനദണ്ഡമനുസരിച്ച് പോസ്റ്റ് കോവിഡ്  എന്നാൽ  കോവിഡ് വന്ന തീയതി മുതൽ മൂന്ന് മാസങ്ങൾക്കകം  ശക്തമായ ക്ഷീണം, ശ്വാസംമുട്ടൽ, ബൗദ്ധികമായ പ്രവർത്തനങ്ങളിലെ വ്യത്യാസങ്ങൾ കുറഞ്ഞത് രണ്ട് മാസങ്ങളിൽ ഏറെ നിലനിൽക്കുകയും അവ മറ്റൊരു രോഗംമൂലം അല്ലെന്ന് അസന്നിഗ്ധമായി തെളിയിക്കപ്പെടുകയും വേണം. കോവിഡ് വന്നു എന്ന ഒറ്റക്കാരണത്താൽ  എല്ലാ അസുഖങ്ങളും അതുമൂലം ആണെന്ന് ഒരിക്കലും ധരിക്കരുത്. ഈ പേരും പറഞ്ഞ് ഡോക്ടർ ഷോപ്പിങ് നടത്തുന്ന ധാരാളം പേരെ എന്നും കാണുന്നുണ്ട്.

ഡോക്ടർമാരെ മാറി മാറി കണ്ട്  സ്വയം പോസ്റ്റ് കോവിഡ് എന്ന് ധരിച്ചുവശായ ചില മീനാക്ഷി അമ്മമാർ. നിർവചനം ഒന്നുകൂടി കേൾക്കൂ. ലാബ് പരിശോധനകളിലൂടെയോ രോഗലക്ഷണങ്ങളിലൂടെയോ  കോവിഡ്-19 തുടക്കമിട്ട മൂന്നുമാസത്തിനകം, ദിവസേനയുള്ള ദിനചര്യകളെ പോലും ബാധിക്കുന്ന തരത്തിൽ ഗുരുതരമായ ക്ഷീണം, ശക്തമായ ശ്വാസംമുട്ടൽ, ബൗദ്ധികമായ പ്രവർത്തനങ്ങളിലെ വ്യതിയാനം  തുടങ്ങിയ രോഗലക്ഷണങ്ങൾ മറ്റ് അസുഖങ്ങൾ മൂലം അല്ല എന്ന് തെളിയിക്കപ്പെടുകയും അവർ കുറഞ്ഞത് രണ്ടു മാസത്തിലേറെ നിലനിൽക്കുകയും ചെയ്യുകയാണെങ്കിൽ മാത്രമാണ് എന്‍റെ പൊന്നു മീനാക്ഷിഅമ്മെ  നിങ്ങൾക്കും മറ്റുള്ളവർക്കും പോസ്റ്റ് കോവിഡ് എന്ന് പറയാൻ കഴിയുകയുള്ളൂ.

പക്ഷേ ഇങ്ങനെ എഴുതി കഴിഞ്ഞപ്പോൾ എനിക്കൊരു തോന്നൽ. ഞാൻ " കമ്പിളിപ്പുതപ്പെ കമ്പിളിപ്പുതപ്പെ" എന്ന് വിളിച്ചു പറയുന്നത് പോലെ.  പക്ഷേ മീനാക്ഷിയമ്മ അങ്ങ് അവരുടെ വീട്ടിൽ മൈഗ്രേൻ ഗുളികയും കഴിച്ച് എന്നോട് ഇങ്ങനെ മറുപടി പറയുന്നതുപോലെ തോന്നി.
"കേൾക്കുന്നില്ല കേൾക്കുന്നില്ല". എന്നാലും പറയാതെ വയ്യ. ഡോക്ടർ ഷോപ്പിംഗ് നഹി നഹി. ധനനഷ്ടം സമയനഷ്ടം .

-ഡോ സുൽഫി നൂഹു

 

Also Read: 'കൊവിഡോ വൈറൽ പനിയോ പോലെ പടർന്നുപിടിക്കുന്ന രോഗമല്ല; നിപ വന്ന പോലെ പോകും'; ഡോ. സുല്‍ഫി നൂഹു

Follow Us:
Download App:
  • android
  • ios