കാമുകിക്ക് നല്‍കാനായി മരത്തില്‍ കൊത്തുപണികള്‍ ചെയ്‌തൊരു സമ്മാനം ഉണ്ടാക്കുകയായിരുന്നു എയ്ഡന്‍ എഡ്കിന്‍സ്. നിമിഷനേരത്തെ അശ്രദ്ധയില്‍ കണ്ണൊന്ന് പാളിയപ്പോള്‍ ഉളി ചെന്നുകൊണ്ടത് ഇടതുകയ്യിലെ തള്ളവിരലില്‍. 

ചീറ്റിത്തെറിച്ച ചോര കൊണ്ട് കയ്യൊന്നാകെ മറഞ്ഞുപോയിരുന്നു. അതിനിടെയാണ് കണ്ടത്, തള്ളവിരല്‍ അറ്റ് പോയിരിക്കുന്നു. വളരെ വേഗത്തില്‍ ഉളി കൊണ്ട് മരക്കഷ്ണം ചെത്തിയതായിരുന്നു, അതില്‍ പോയത് വിരലായിരുന്നു. 

എയ്ഡന്റെ ബഹളം കേട്ട് വീട്ടുകാര്‍ ഓടിവന്നു, പെട്ടെന്ന് തന്നെ എയ്ഡനെയും കൊണ്ട് അവര്‍ ആശുപത്രിയിലേക്ക് തിരിച്ചു. അവിടെ ചെന്നപ്പോള്‍ അറ്റുപോയ വിരല്‍ തിരികെ കൊണ്ടുവരികയാണെങ്കില്‍ ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നാല് മണിക്കൂറിനകം വിരല്‍ കിട്ടണം. ഇല്ലെങ്കില്‍ ഉപകാരമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ വീട്ടില്‍ തിരിച്ചെത്തി അവിടെയെല്ലാം തിരഞ്ഞുനോക്കിയെങ്കിലും എവിടെയും അറ്റുവീണ വിരലുണ്ടായിരുന്നില്ല. അങ്ങനെ ഇനിയെന്ത് ചെയ്യണം എന്ന അവസ്ഥയിലായി എയ്ഡനും വീട്ടുകാരും. 

ഇതിനിടെ ഡോക്ടര്‍മാര്‍ ഒരു നിര്‍ദേശം മുന്നോട്ടുവച്ചു. കാല്‍വിരലുകളിലൊന്ന് എടുത്ത് കയ്യിലെ അറ്റുപോയ തള്ളവിരലിന് പകരം ചേര്‍ത്ത് തുന്നുക. എയ്ഡനും വീട്ടുകാര്‍ക്കുമെല്ലാം ഇത് സമ്മതമായിരുന്നു. അങ്ങനെ ഡോക്ടര്‍മാര്‍ ആ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. 

 

 

ശസ്ത്രക്രിയ നടത്തി ഇപ്പോള്‍ മൂന്ന് മാസം കഴിഞ്ഞു. മിഷിഗണ്‍ സ്വദേശിയായ എയ്ഡന്‍ വളരെ സന്തോഷത്തിലാണ്. പഴയ ജീവിതത്തിലേക്ക് എയ്ഡന്‍ പതിയെ മടങ്ങിവരികയാണ്. കാമുകിയും വീട്ടുകാരുമെല്ലാം 'ഹാപ്പി'. മെഡിക്കല്‍ രംഗത്ത് ഏറെ ആശ പകരുന്ന ഒന്ന് കൂടിയാവുകയാണ് എയ്ഡന്റെ കേസ്. ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഒരു വിരല്‍ നഷ്ടപ്പെടുമ്പോള്‍ അത്ര തന്നെ ഉപയോഗിക്കപ്പെടാത്ത വിരല്‍ പകരം വയ്ക്കുന്ന ആശയം വളരെയധികം പ്രായോഗികകമാണെന്നാണ് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നത്.