പിറ്റ്സ്ബർ​ഗ്: കരൾമാറ്റ ശസ്ത്രക്രിയ ചെയ്യുന്നതിനായാണ് പിറ്റ്‌സ്ബര്‍ഗ് സ്വദേശിയായ അറുപത്തിയൊന്നുകാരി ആശുപത്രിയിലെത്തിയത്. എന്നാൽ അമിതമായി മദ്യപിക്കുന്നുവെന്ന് ആരോപിച്ച് ഡോക്ടർമാർ ശസ്ത്രക്രിയ മാറ്റിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. സ്ത്രീയുടെ മൂത്രം പരിശോധിച്ചപ്പോഴാണ് മദ്യത്തിന്റെ അളവ് കൂടുതലായി കണ്ടെത്തിയത്. എന്നാൽ, താൻ അമിതമായി മദ്യപിക്കുന്നയാളല്ലെന്ന് സ്ത്രീ ഡോക്ടർമാരോട് ആവർത്തിച്ച് പറഞ്ഞു. ഒടുവിൽ അവർ പറയുന്നത് സത്യമാണോ എന്ന് അറിയാൻ ഡോക്ടർമാർ ചില പരിശോധനകൾ നടത്തി. സ്ത്രീയുടെ മൂത്രം നിരവധി തവണ പരിശോധനയ്ക്ക് വിധേയമാക്കിയ ഡോക്ടർമാർ ഒടുവിൽ അവരുടെ രക്തം പരിശോധിക്കുന്നതിനായി സാംപിളുകൾ ശേഖരിച്ചു. ഇതിൽനിന്നും ഞെട്ടിക്കുന്ന വിവരമായിരുന്നു ഡോക്ടർമാർക്ക് ലഭിച്ചത്.

രക്തപരിശോധനയിൽ സ്ത്രീയുടെ രക്തത്തിൽ‌ ഒരുതരിപോലും മദ്യമില്ലെന്ന് കണ്ടെത്തി. അപ്പോൾ‌ എങ്ങനെയാണ് മൂത്രത്തിൽ മാത്രം ഇത്രയും അളവിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയത് എന്നായി ഡോക്ടർമാരുടെ സംശയം. ഇതിനുള്ള ഉത്തരവും അമേരിക്കയിൽനിന്നുള്ള അതിവിദ​ഗ്ധരായ ഡോക്ടർമാർ പങ്കുവയ്ക്കുന്നുണ്ട്. പിറ്റ്സ്ബർഗ് സ്കൂൾ ഓഫ് മെഡിസിനിലേയും മെഡിക്കൽ സെന്ററിലെയും ഡോക്ടർമാരാണ് ഈ പ്രതിഭാസത്തെക്കുറിച്ച് വ്യക്തമാക്കുന്നത്. സ്ത്രീയുടെ മൂത്രത്തിൽനിന്ന് മദ്യം ഉത്പാദിപ്പിക്കുന്നതിനെക്കുറിച്ച് പിറ്റ്സ്ബർഗ് മെഡിക്കൽ സെന്ററിലെ മെഡിക്കൽ പ്രൊഫഷണലുകൾ കൂടുതൽ പരിശോധനകൾ നടത്തുകയായിരുന്നു. ഇതിൽനിന്ന് സ്ത്രീയുടെ മൂത്രാശത്തിൽ പ്രശ്നം ഉണ്ടെന്ന് കണ്ടെത്തി. അതായത് അവരുടെ മൂത്രാശയം സ്വന്തമായി തന്നെ മദ്യം ഉത്പാദിപ്പിക്കുകയാണെന്നായിരുന്നു ഡോക്ടർമാരുടെ കണ്ടെത്തൽ.

ഡോക്ടർമാർ നൽകിയ വിവരങ്ങൾ ഉൾപ്പെടുത്തി അമേരിക്കൻ സയൻ‌സ് ജേണലായ അന്നൽസ് ഓഫ് ഇന്റേണൽ മെഡിസിൻ ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. എന്താണ് ഇത്തരമൊരു പ്രതിഭാസത്തിന് പിന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. സ്ത്രീയുടെ മൂത്രാശയത്തില്‍ യീസ്റ്റിന്റെ സാന്നിദ്ധ്യം കാരണം ഫെര്‍മെന്റേഷന്‍ നടക്കുന്നു. ഇതിലൂടെ ശരീരത്തിലെ പഞ്ചസാര എഥനോളായി മാറുന്നു. "ബ്ലാഡര്‍ ഫെര്‍മെന്റേഷന്‍ പ്രതിഭാസം" അല്ലെങ്കിൽ "യൂറിനറി ഓട്ടോ ബ്രൂവറി സിൻഡ്രോം" എന്നാണ് ഈ അപൂർവമായ മെഡിക്കൽ അവസ്ഥയ്ക്ക് ആരോഗ്യ വിദഗ്ദ്ധര്‍ നൽകിയിരിക്കുന്ന പേര്.

പരിശോധനകള്‍ സ്ത്രീയുടെ മൂത്രാശയത്തില്‍ കാന്‍ഡിഡ ഗ്ലബ്രാട്ട എന്ന പ്രകൃതിദത്ത യീസ്റ്റിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്. മദ്യമുണ്ടാക്കാന്‍ ഉപയോഗിക്കുന്ന യീസ്റ്റുമായി ബന്ധമുണ്ട് കാന്‍ഡിഡ ഗ്ലബ്രാട്ടയ്ക്ക്. ഇത് മനുഷ്യശരീരത്തില്‍ ഉണ്ടാകാറുണ്ടെങ്കിലും ഇത്രയും കൂടിയ അളവില്‍ കണ്ടെത്തുന്നത് അസാധാരണമാണ്. ഇത്തരമൊരു സംഭവം മെഡിക്കല്‍ ചരിത്രത്തില്‍തന്നെ ആദ്യമാണെന്ന് സയന്‍സ് അലർട്ട് എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.

രോഗിയുടെ ഡയബറ്റിസ് നില മോശമായതിനാല്‍ ആന്റി ഫംഗസ് മരുന്നുകള്‍ കൊടുത്ത് ഈ യീസ്റ്റിനെ നശിപ്പിക്കാന്‍ സാധിച്ചില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ മൂത്രത്തില്‍ മദ്യത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് ജീവിച്ചിരിക്കുന്നയാളിന്റെ മൂത്രത്തില്‍ മദ്യം കണ്ടെത്തുന്നത്. ഈ അപൂര്‍വ രോഗമുള്ളവര്‍ വേറെ ഉണ്ടായിട്ടുണ്ടാകുമെങ്കിലും ഇതുവരെ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.