''ആരോഗ്യമേഖലയില്‍ വ്യക്തിഗത ആരോഗ്യത്തിനായി നാം നമ്മുടെ എല്ലാ വിഭവങ്ങളും പാഴാക്കുന്നു, അതിനേക്കാള്‍ ഗൗരവമുള്ള കാര്യം നാം സാമൂഹിക ആരോഗ്യത്തെ മുഴുവനായും അവഗണിക്കുകയും, അതുവഴി  രോഗങ്ങള്‍ കൂടുതല്‍ കൂടുതല്‍ ഉണ്ടാക്കുകയും, അതിനു ശേഷം രോഗങ്ങളെ  തെറ്റായി കൈകാര്യം ചെയ്യുന്നു എന്ന അവസ്ഥയാണ് ഇപ്പോള്‍ ഇന്ത്യയിലെങ്ങും എന്നതാണ്...''

സാമൂഹിക ആരോഗ്യമേഖല ( Social Health ) നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും എങ്ങനെ അതിനെ പരിഹരിക്കാമെന്നതിനെ കുറിച്ചും ഡോ. പി കെ ശശിധരന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച ( Facebook Post ) കുറിപ്പ് ശ്രദ്ധേയമാകുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ജനറല്‍ മെഡിസിന്‍ വിഭാഗം മുന്‍ മേധാവിയാണ് ഡോ. പി കെ ശശിധരന്‍. 

വ്യക്തിഗത ആരോഗ്യത്തിനാണ് ഇപ്പോള്‍ ആരോഗ്യമേഖലയില്‍ ഊന്നല്‍ കൊടുക്കപ്പെടുന്നതെന്നും ഇത് നല്ല പ്രവണതയല്ലെന്നുമാണ് ഡോ. പി കെ ശശിധരന്‍ ചൂണ്ടിക്കാട്ടുന്നത്. ഒട്ടേറെ വസ്തുതകളും അതിലധികം നമ്മെ മുന്നോട്ടുനയിക്കാന്‍ ഉതകുന്ന നിര്‍ദേശങ്ങളും അടങ്ങുന്നതാണ് ഡോക്ടറുടെ കുറിപ്പ്. അത് പൂര്‍ണമായും വായിക്കൂ...

ഡോക്ടറുടെ കുറിപ്പ്...

ആരോഗ്യ മേഖലയുടെ ഇപ്പോഴത്തെ പോക്ക് തിരുത്തിയേ തീരൂ.

ആരോഗ്യ മേഖലയില്‍ വ്യക്തിഗത ആരോഗ്യത്തിനായി നാം നമ്മുടെ എല്ലാ വിഭവങ്ങളും പാഴാക്കുന്നു, അതിനേക്കാള്‍ ഗൗരവമുള്ള കാര്യം നാം സാമൂഹിക ആരോഗ്യത്തെ മുഴുവനായും അവഗണിക്കുകയും, അതുവഴി രോഗങ്ങള്‍ കൂടുതല്‍ കൂടുതല്‍ ഉണ്ടാക്കുകയും, അതിനു ശേഷം രോഗങ്ങളെ തെറ്റായി കൈകാര്യം ചെയ്യുന്നു എന്ന അവസ്ഥയാണ് ഇപ്പോള്‍ ഇന്ത്യയിലെങ്ങും എന്നതാണ്.

മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാരോ, പാലിയേറ്റീവ് കെയര്‍ ചെയ്യുന്നവരോ, ബദല്‍ ചികിത്സാ സംവിധാനത്തിലുള്ളവരോ, ആത്മീയ നേതാക്കന്മാരോ, ഭരണത്തിലുള്ളവരോ ആകട്ടെ, എല്ലാവരും ഒരേ പോലെ ആരോഗ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതും സംവാദിക്കുന്നതും എല്ലാം വ്യക്തിഗത ആരോഗ്യത്തിന്റെ ചെറിയ ചെറിയ വശങ്ങളെക്കുറിച്ചാണ്- അതും പലപ്പോഴും കമ്പാര്‍ട്ടുമെന്റല്‍ രീതിയില്‍. വ്യക്തിഗത ആരോഗ്യത്തിന്റെ കാര്യത്തില്‍ പോലും, മനസ്സ്-ശരീരം-പരിസ്ഥിതി- മനുഷ്യ ബന്ധങ്ങള്‍, ആരോഗ്യത്തിന്റെ സാമൂഹിക നിര്‍ണ്ണായക ഘടകങ്ങള്‍ എന്നിവ ചേര്‍ത്ത് സമഗ്രമായ വീക്ഷണകോണില്‍ ആരും ചിന്തിക്കുന്നില്ല, സ്പര്‍ശിക്കുന്നില്ല. 

സര്‍ക്കാര്‍ തലത്തില്‍ മുഴുവന്‍ ഔദ്യോഗിക വകുപ്പുകള്‍ പോലും വ്യക്തിഗത ആരോഗ്യ പ്രശ്‌നങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വിരോധാഭാസം എന്തെന്നാല്‍, സാമൂഹിക ആരോഗ്യത്തില്‍ ഒരു സ്വാധീനവും ചെലുത്താത്ത, ഇത്തരത്തിലുള്ള വ്യക്തിഗത പരിചരണം മാത്രം ചെയ്യുന്നതിലൂടെ, അവരെല്ലാം തന്നെ വലിയ രീതിയില്‍ സാമൂഹിക ആരോഗ്യത്തെ അഭിസംബോധന ചെയ്യുന്നതായി വീമ്പിളക്കുന്നു എന്നതാണ്. അങ്ങനെ എല്ലാ ചികിത്സാ സംവിധാനങ്ങളും, മെഡിക്കല്‍ കോളേജുകളും, തൃതീയ പരിചരണ സൗകര്യങ്ങളും, ബദല്‍ ചികിത്സാ സംവിധാനങ്ങള്‍ക്ക് കീഴിലുള്ള വെല്‍നസ് സെന്ററുകളും, എല്ലാം വ്യക്തിഗത ആരോഗ്യത്തിന്റെ ഏതെങ്കിലും ഒരു ചെറിയ ഘടകത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു! വ്യക്തിഗത ആരോഗ്യം തന്നെ സാമൂഹിക ആരോഗ്യത്തിന്റെ ഉപോല്‍പ്പന്നമാണെന്ന വസ്തുത എല്ലാവരാലും അവഗണയ്ക്കപ്പെടുകയോ, മറന്നു പോവുകയോ അല്ലെങ്കില്‍ അറിയുന്നേയില്ല എന്നതാണ് വാസ്തവം.

വ്യക്തിഗത ആരോഗ്യം തന്നെ ഒരു വിശാലമായ വിഷയമാണെന്നും അത് ആരോഗ്യത്തിന്റെ സാമൂഹിക നിര്‍ണ്ണായക ഘടകങ്ങളുടെ പ്രതിഫലനമാണെന്നും നാം സൗകര്യപൂര്‍വ്വം മറക്കുകയാണ്. ശക്തമായ പൊതുജനാരോഗ്യം ഇല്ലാതെ, വ്യക്തിഗത ആരോഗ്യം സുസ്ഥിരമാകില്ലെന്ന് നാമെല്ലാം സൗകര്യപൂര്‍വ്വം മറക്കുകയും വ്യക്തിഗത പരിചരണത്തിന്റെ കമ്പാര്‍ട്ടുമെന്റലൈസ്ഡ് പ്രശ്നങ്ങളില്‍ നമ്മളുടെ എല്ലാ വിഭവങ്ങളും പാഴാക്കുകയും ചെയ്യുന്നു. പൊതുജനാരോഗ്യത്തിന്റെ മാനങ്ങളെക്കുറിച്ചുള്ള അവബോധമില്ലായ്മയാണ് എവിടെയും - അതുകൊണ്ട് തന്നെ സര്‍ക്കാരുകളും ജനങ്ങളും പരസ്പരം തര്‍ക്കിക്കുകയും, ചര്‍ച്ച ചെയ്യുകയും, സമയം കളയുകയും, വിഭവങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്യുന്നതു നിത്യ കാഴ്ചയാണ്; ബദല്‍ ചികിത്സാ സംവിധാനങ്ങളും ഉയര്‍ന്ന നിലവാരമുള്ള ത്രിതീയ പരിചരണത്തില്‍ ഏര്‍പെടുന്നവരും എല്ലാം പലപ്പോഴും യുക്തിരഹിതമായ കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കാരണം ഇതാണ്.

ഇനിയെങ്കിലും നാം മനസ്സിലാക്കണം യഥാര്‍ത്ഥ വ്യക്തിഗത ആരോഗ്യത്തിനും, രോഗങ്ങള്‍ തടയുന്നതിനുമായി പോലും, എല്ലാ വിഭാഗം ആളുകള്‍ക്കും, ആരോഗ്യത്തിന്റെ എല്ലാ സാമൂഹിക നിര്‍ണ്ണയ ഘടകങ്ങളും ലഭ്യമാക്കുന്നതിനായുള്ള സംഘടിത പൊതുജനാരോഗ്യപ്രവര്‍ത്തനമാണ് ചെലവ് കുറഞ്ഞതും നിലനില്‍ക്കുന്നതും ഫലപ്രദവുമായ ഒരേയൊരു നടപടി. 

വ്യക്തിഗത ആരോഗ്യം, പൊതുജനാരോഗ്യം എന്നിവയുടെ സംരക്ഷകരായി പ്രവര്‍ത്തിക്കാനും രോഗങ്ങള്‍ വളരെ നേരത്തെ കണ്ടുപിടിക്കാനും സാമൂഹിക പശ്ചാത്തലത്തില്‍ ചെലവ് കുറഞ്ഞ ശാസ്ത്രാധിഷ്ഠിത ചികിത്സ വാഗ്ദാനം ചെയ്യാനും സമര്‍പ്പിതരും പരിശീലനം സിദ്ധിച്ചവരുമായ ഫാമിലി ഡോക്ടര്‍മാരുടെ ഒരു സൈന്യം തന്നെ നമുക്കാവശ്യമാണ് എന്നതാണ് പൊതുജനാരോഗ്യത്തിന്റെ അടിസ്ഥാനം. ഇനി മുതല്‍ എങ്കിലും നമ്മുടെ ഭൂരിപക്ഷം ഡോക്ടര്‍മാരെയും അതിനു വേണ്ടി പരിശീലിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. MBBS ഡോക്ടര്‍മാരില്‍ 80% പേരെയെങ്കിലും പ്രാഥമിക പരിചരണ (GP)ഡോക്ടര്‍മാരാക്കാന്‍ പരിശീലിപ്പിക്കേണ്ടതുണ്ട്, അവര്‍ ശാസ്ത്രീയ തത്വങ്ങള്‍ ഉപയോഗിച്ച് സാമൂഹിക ആരോഗ്യം പ്രോത്സാഹിപ്പിക്കും. ലോകത്തിലെ എല്ലാ പുരോഗമന രാഷ്ട്രങ്ങളിലും സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സമര്‍പ്പിത കുടുംബ ഡോക്ടര്‍മാരുടെ ഒരു സൈന്യം ഉള്ളപ്പോള്‍, അവരില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ ഇപ്പോള്‍ നമുക്കുള്ളൂ, അതും ഇന്ത്യയിലെ സര്‍ക്കാരുകളുടെ യഥാര്‍ത്ഥ പിന്തുണയില്ലാതെ മാത്രം പ്രവര്‍ത്തിക്കുന്നവരാണ്.

ഓരോ വര്‍ഷവും 55000 എംബിബിഎസ് ഡോക്ടര്‍മാരുടെ മനുഷ്യശേഷി നാം പാഴാക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത് എന്നോര്‍ക്കണം. നമുക്ക് ഇപ്പോള്‍ ഇന്ത്യയില്‍ 80,000 MBBS സീറ്റുകളുണ്ട്, എന്നാല്‍ 25000 PG സീറ്റുകളും, അതില്‍ വെറും നൂറോളം മാത്രമാണ് family medicine പിജി സീറ്റുകള്‍. എന്ന് വെച്ചാല്‍ ബാക്കിയുള്ള 55000 ഡോക്ടര്‍മാരും ഓരോ വര്‍ഷവും അവരുടെ കഴിവുകള്‍ പാഴാക്കുകയാണ്, ഫലമോ ശരീരത്തിന്റെ ഒരൊറ്റ സിസ്റ്റത്തില്‍ സ്‌പെഷ്യലൈസ് ചെയ്യാന്‍ PG ബിരുദം നേടണമെന്നു അവരെല്ലാം ഒരേപോലെ സ്വപ്നം കാണുന്നു. ഫലത്തില്‍ ഓരോ കൊല്ലവും 55000 പേര്‍ ഒന്നുമായിത്തീരാത്ത NULL ഡോക്ടര്‍മാരാവുന്നു, അവര്‍ ഫാമിലി ഡോക്ടര്‍മാരോ സ്‌പെഷ്യലിസ്റ്റുകളോ അല്ല. എന്നാല്‍ വിരോധാഭാസമെന്നു പറയട്ടെ, ഇന്ത്യന്‍ സര്‍ക്കാരിനെ ഉപദേശിക്കുന്ന NITI AYOG അവരെ എല്ലാം GP അല്ലെങ്കില്‍ കുടുംബ ഡോക്ടര്‍മാരായാണ് കാണുന്നത്. പാസായതിന് ശേഷം മൂന്ന് വര്‍ഷം കൂടി സംഘടിത പരിശീലനം ലഭിച്ചില്ലെങ്കില്‍ എംബിബിഎസ് ഡോക്ടര്‍മാര്‍ക്ക് സ്വതന്ത്രരും കഴിവുള്ളവരുമായ ജിപി/ഫാമിലി ഡോക്ടര്‍മാരാകാന്‍ കഴിയില്ലെന്ന് നാം ഇനിയെങ്കിലും മനസ്സിലാക്കണം.

കേന്ദ്രസര്‍ക്കാരിനെ ഉപദേശിക്കുന്ന ഡോ.ദേവി ഷെട്ടിയെപ്പോലുള്ള സ്വാധീനമുള്ള ചിലര്‍ സ്‌പെഷ്യലിറ്റി പി.ജി സീറ്റുകള്‍ വര്‍ധിപ്പിക്കാനും മെഡിക്കല്‍ കോളേജുകളുടെ എണ്ണം വര്‍ധിപ്പിക്കാനും ഊന്നല്‍ നല്‍കുന്നത് പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ഈ തെറ്റായ പ്രവണതകള്‍ നിമിത്തം, തൃതീയ പരിചരണത്തില്‍ മാത്രം അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍, ജനങ്ങളുടെ ഇടയില്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റെ സാമൂഹിക സേവനത്തിന്റെ മുഖം അതിവേഗം നഷ്ടപ്പെടുത്തുന്നു. ഈ അവസരം മുതലാക്കി ഇന്ത്യയിലെ ബദല്‍ ചികിത്സാ സംവിധാനങ്ങള്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു. ഇത് നമ്മെ ഏറ്റവും വലിയ പൊതുജനാരോഗ്യ ദുരന്തത്തിലേക്കാണ് വലിച്ചു കൊണ്ട് പോവുന്നത്.

കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാന്‍ ഇടയാക്കുന്നത്, ആധുനിക വൈദ്യശാസ്ത്രത്തിന്റെ യഥാര്‍ത്ഥ മുഖം ഫാമിലി ഡോക്ടര്‍ (GP) ആണെന്ന് മനസ്സിലാക്കാത്ത ആധുനിക മെഡിക്കല്‍ ഡോക്ടര്‍മാരുടെ സംഘടനകള്‍ തന്നെയാണ്. എല്ലാ പുരോഗമന രാഷ്ട്രങ്ങളിലും ഡോക്ടര്‍മാരുടെ സംഘടനകള്‍ നിയന്ത്രിക്കുന്നത് ജിപി ഡോക്ടര്‍മാരാണ്, കാരണം അവരില്‍ ഭൂരിപക്ഷവും GP അല്ലെങ്കില്‍ കുടുംബ ഡോക്ടര്‍ മാരാണ് എന്നത് കൊണ്ടാണത്. കൂടുതല്‍ ഡോക്ടര്‍മാരും GP ഡോക്ടര്‍ മാരായാല്‍, ജനസൗഹൃദ ആരോഗ്യ നയങ്ങള്‍ കൊണ്ടുവരുന്നതിനും, നയരൂപീകരണക്കാരെ സ്വാധീനിച്ചു ആരോഗ്യച്ചെലവുകള്‍ തുല്യമായ രീതിയില്‍ വകമാറ്റാനും, അത് വഴി ആധുനിക വൈദ്യശാസ്ത്രത്തിനു ജനസേവനത്തിന്റെ യഥാര്‍ത്ഥ മുഖം തിരികെ കൊണ്ട് വരാനും സാധിക്കും.

Also Read:- കൊവിഡ് സംശയം തോന്നിയാലുടനെ ഈ ഗുളിക വാങ്ങിക്കഴിക്കുന്നവര്‍ അറിയാന്‍...