Asianet News MalayalamAsianet News Malayalam

വീര്‍ത്ത കവിളുമായി ഏഴുവയസുകാരന്‍; ശസ്ത്രക്രിയയിലൂടെ നീക്കിയത് 526 പല്ലുകള്‍!

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ രോഗമാണിത്. ജനിതകഘടനയിലെ വ്യതിയാനങ്ങള്‍ മൂലമോ റേഡിയേഷന്‍ മൂലമോ ഒക്കെ ഈ അസുഖമുണ്ടാകാം. 2014ല്‍ മുംബൈയില്‍ സമാനമായ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് ഒരു കുട്ടിയുടെ വായില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ഏതാണ്ട് 240 പല്ലുകളായിരുന്നു

doctors removed 526 teeth from seven year old boy
Author
Chennai, First Published Aug 1, 2019, 2:59 PM IST

ചെന്നൈ സ്വദേശിയായ ഏഴ് വയസുകാരന്‍ രവീന്ദ്രനാഥിനെ കവിളിലെ അസാധാരണമായ വീക്കത്തെ തുടര്‍ന്നാണ് മാതാപിതാക്കള്‍ ആശുപത്രിയിലെത്തിച്ചത്. ആദ്യം സര്‍ക്കാര്‍ ആശുപത്രിയിലാണ് കാണിച്ചത്. എന്നാല്‍ അവിടെ നിന്ന് നിര്‍ദേശിച്ച് പരിശോധനകള്‍ നടത്തുന്നതിന് കുട്ടി, വിസമ്മതിച്ചതിനെ തുടര്‍ന്ന് ചികിത്സ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കുടുംബം തീരുമാനിച്ചു. 

എന്നാല്‍ അസുഖം വീണ്ടും കൂടിയതോടെയാണ് മറ്റൊരു പ്രൈവറ്റ് ആശുപത്രിയിലേക്ക് അവര്‍ പോയത്. അവിടെ വച്ചെടുത്ത സ്‌കാനിംഗ് റിപ്പോര്‍ട്ട് കണ്ട ഡോക്ടര്‍മാര്‍ ഞെട്ടി. കുട്ടിയുടെ താടിയെല്ലിനോട് ചേര്‍ന്ന് എത്രയോ പല്ലുകള്‍ പൊട്ടിമുളച്ചുണ്ടായിരിക്കുകയാണ്. 

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ രോഗമാണിത്. ജനിതകഘടനയിലെ വ്യതിയാനങ്ങള്‍ മൂലമോ റേഡിയേഷന്‍ മൂലമോ ഒക്കെ ഈ അസുഖമുണ്ടാകാം. 2014ല്‍ മുംബൈയില്‍ സമാനമായ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് ഒരു കുട്ടിയുടെ വായില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ഏതാണ്ട് 240 പല്ലുകളായിരുന്നു. 

രവീന്ദ്രനാഥിന്റെ കാര്യത്തിലും അടിയന്തരമായി ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ക്ക് മനസിലായി. കാര്യങ്ങള്‍ ബോധിപ്പിച്ചപ്പോള്‍ കുടുംബത്തിനും സംഭവത്തിന്റെ ഗൗരവം മനസിലായി. എന്നാല്‍ ശസ്ത്രക്രിയയക്കും മറ്റ് പരിശോധനകള്‍ക്കും കുട്ടിയെ പറഞ്ഞുസമ്മതിപ്പിക്കാന്‍ വീട്ടുകാരും ഡോക്ടര്‍മാരും ഏറെ ബുദ്ധിമുട്ടി. എങ്കിലും ഒടുവില്‍ കുട്ടി സമ്മതിച്ചു. 

അങ്ങനെ അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടന്നു. ഡോക്ടര്‍മാരെ അമ്പരപ്പിച്ചുകൊണ്ട് 526 പല്ലുകളാണ് കുട്ടിയുടെ വായില്‍ നിന്ന് നീക്കം ചെയ്തത്. കീഴ്ത്താടിയെല്ലിനോട് ഒട്ടിച്ചേര്‍ന്ന നിലയില്‍ ഒരു കട്ട പോലെയായിരുന്നു പല്ലുകള്‍ വളര്‍ന്നുനിന്നിരുന്നത്. അതിനാല്‍ ആ കട്ട, മൊത്തത്തില്‍ എടുത്തുനീക്കുകയായിരുന്നു. ഓരോ പല്ലും ഓരോ ഘടനയിലും വലിപ്പത്തിലുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ചിലത് ആരോഗ്യമുള്ള ഒരു പല്ലിന് വേണ്ട എല്ലാ സവിശേഷതകളോടും കൂടിയുമിരുന്നു. 

സാധാരണഗതിയില്‍ ഏഴ് വയസായ ഒരു കുട്ടിക്ക് വേണ്ട 21 പല്ലുകള്‍ മാത്രമാണ് ഇപ്പോള്‍ രവീന്ദ്രനാഥിനുള്ളത്. ശസ്ത്രക്രിയയുടെ മുറിവെല്ലാം ഉണങ്ങിത്തുടങ്ങിയിരിക്കുന്നു. ചെറിയ രീതിയില്‍ അനുബന്ധ ചികിത്സകള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടിവരും. എങ്കിലും അപകടകരമായ ഘട്ടം കടന്നുകിട്ടിയെന്ന് തന്നെയാണ് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇത്രയും ഗുരുതരമായ അവസ്ഥയിലൂടെയായിരുന്നു മകന്‍ പോയിരുന്നത് എന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്നായിരുന്നു മാതാപിതാക്കള്‍ പ്രതികരിച്ചത്. അതോടൊപ്പം ഡോക്ടര്‍മാര്‍ക്കും ആശുപത്രിയില്‍ തങ്ങളെ സഹായിച്ച മറ്റ് ജീവനക്കാര്‍ക്കും ഇവര്‍ നന്ദിയും അറിയിക്കുന്നു.

Follow Us:
Download App:
  • android
  • ios