പലപ്പോഴും വളരെ വിചിത്രമായ വാര്‍ത്തകളാണ് ലോകത്തെ പലയിടങ്ങളില്‍ നിന്നായി ആരോഗ്യമേഖലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യാറുള്ളത്. അടുത്ത കാലത്തായി തലയില്‍ കൊമ്പ് മുളച്ചൊരു വൃദ്ധന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് വാര്‍ത്തയാവുകയും ഇത് വലിയ രീതിയില്‍ ജനശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഭോപ്പാലിലായിരുന്നു എഴുപത്തിനാലുകാരന്റെ തലയിലുണ്ടായ മുഴ പിന്നീട് കൊമ്പിന്റെ രൂപത്തിലേക്ക് മാറിയ സാഹചര്യമുണ്ടായത്.

ഇപ്പോഴിതാ ഈ കേസുമായി സാമ്യത തോന്നിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്തുവന്നിരിക്കുകയാണ്. ബ്രിട്ടനില്‍ നിന്നാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിര്‍ധനനായ ഒരു അമ്പതുകാരനാണ് ഈ കേസില്‍ രോഗി.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇദ്ദേഹം മുതുകില്‍ ചെറിയൊരു പാട് ഉണ്ടായിരിക്കുന്നതായി കണ്ടെത്തി. തൊലി മൊരിഞ്ഞിരിക്കുന്നത് പോലൊരു പാടായിരുന്നു അത്. എന്നാല്‍ മറ്റ് പ്രശ്‌നങ്ങളൊന്നും അനുഭവപ്പെടാതിരുന്നത് കൊണ്ട് തന്നെ അദ്ദേഹം അത് അവഗണിച്ചു. എന്നാല്‍ ഈ പാട് പിന്നീട് വലുതാകാന്‍ തുടങ്ങി.

സാമ്പത്തികാവസ്ഥ പിന്നോക്കമായതിനാലും ആരോഗ്യകാര്യങ്ങളില്‍ ഒട്ടും ശ്രദ്ധയില്ലാഞ്ഞതിനാലും ശരീരത്തിലുണ്ടായ വലിയൊരു മാറ്റം പോലും അദ്ദേഹം കണക്കിലെടുത്തില്ല. ഒടുവില്‍ മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം മുതുകില്‍ അഞ്ച് ഇഞ്ച് നീളത്തിലും രണ്ടര ഇഞ്ചോളം വീതിയിലുമായി ഒരു കൊമ്പിന്റെ പരുവത്തിലേക്ക് ആ പാട് വളര്‍ന്നു.

ഇത്രയുമായപ്പോഴേക്കും ചെസ്റ്ററിലെ ഒരു ആശുപത്രിയില്‍ അദ്ദേഹം ചികിത്സ തേടിയെത്തി. സംഗതി എന്താണെന്ന് കണ്ടെത്താന്‍ ഇവിടുത്തെ ഡോക്ടര്‍മാര്‍ക്ക് അധികസമയമൊന്നും വേണ്ടിവന്നില്ല. പ്രത്യേകതരത്തിലുള്ള സ്‌കിന്‍ കാന്‍സറായിരുന്നു അദ്ദേഹത്തിന്. അവഗണിച്ച് വിട്ടത് കൊണ്ടുതന്നെ, അത് വളര്‍ന്നപോയിരിക്കുന്നു. എന്നിട്ടും അപകടകരമായ അവസ്ഥയിലേക്കൊന്നും എത്തിയിട്ടില്ല.

വളരെ പതിയെ മാത്രം വളരുകയും, അത്ര ഭീഷണിയാകാതിരിക്കുകയും ചെയ്യുന്ന 'സ്‌ക്വാമസ് സെല്‍ കാര്‍സിനോമ' എന്ന ക്യാന്‍സറാണ് പിടിപെട്ടിരുന്നത്. ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ ഇത് മുറിച്ചുമാറ്റി. 'ഡ്രാഗണ്‍ ഹോണ്‍' എന്നായിരുന്നു മുതുകില്‍ വളര്‍ന്ന ക്യാന്‍സര്‍ മുഴയെ ചെസ്റ്ററിലെ ഡോക്ടര്‍മാര്‍ വിശേഷിപ്പിച്ചത്. അതായത്, ഒരു കൊമ്പ് പോലെ ആ ക്യാന്‍സര്‍ മുഴ വളര്‍ന്നുപോയിരിക്കുന്നു എന്ന്.

ആരോഗ്യകാര്യങ്ങളില്‍ അല്‍പമെങ്കിലും അവബോധമുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തിന് തന്റെ രോഗം ഇത്രത്തോളം എത്തിക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും സൗജന്യ ചികിത്സ വരെ ലഭ്യമാകുന്ന സാഹചര്യമുണ്ടായിട്ടും അത് ഉപയോഗപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിയാതിരുന്നത് ദൗര്‍ഭാഗ്യകരമായ സംഗതിയായെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. സ്‌കിന്‍ ക്യാന്‍സറിനെക്കുറിച്ച് ജനങ്ങളില്‍ കൂടുതല്‍ ജാഗ്രതയും അവബോധവും ഉണ്ടാക്കിയെടുക്കേണ്ടതുണ്ടെന്നും ഇവര്‍ പ്രതികരിച്ചു.

അപൂര്‍വ്വമായ കേസ് ആയതുകൊണ്ട് തന്നെ ഇത് ബ്രിട്ടനിലെ മിക്ക ആരോഗ്യപ്രസിദ്ധീകരണങ്ങളിലും ഇതര പ്രസിദ്ധീകരണങ്ങളിലുമെല്ലാം സ്ഥാനം പിടിച്ചിട്ടുണ്ട്. ഇപ്പോള്‍ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി സുഖം പ്രാപിച്ചുവരികയാണെന്ന് 'കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റില്‍' അധികൃതര്‍ അറിയിച്ചു. മുതുകില്‍ മുഴ നീക്കം ചെയ്ത ശേഷമുണ്ടായിരിക്കുന്ന വലിയ സുഷിരത്തില്‍ തുടയില്‍ നിന്ന് ചര്‍മ്മമെടുത്ത് ചേര്‍ത്ത് വയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കൊന്നും ക്യാന്‍സര്‍ പടര്‍ന്നിട്ടില്ലെന്നും മുറിവ് ഉണങ്ങിക്കഴിഞ്ഞാല്‍ രോഗം ഭേദമായതായി കണക്കാക്കാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.