കൊറോണാ വൈറസ് ലോകമെമ്പാടും പടർന്നു പിടിക്കുകയാണ്. ചില രാജ്യങ്ങൾ അവരുടെ ഏറ്റവും മോശപ്പെട്ട ദിനങ്ങൾ കടന്നു പോയിക്കഴിഞ്ഞു. ചില രാജ്യങ്ങളിൽ മരണം സംഹാര നൃത്തമാടുകയാണ്. മറ്റു ചില രാജ്യങ്ങൾ ഇപ്പോഴും സാമൂഹിക വ്യാപനം ഉണ്ടോ ഇല്ലയോ എന്നുള്ള സംശയത്തിൽ നിൽക്കുകയാണ്. അവരും, വരാനിരിക്കുന്ന മോശം ദിനങ്ങളെ നേരിടാൻ വേണ്ടി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.  

കൊവിഡ് 19  എന്ന മഹാമാരിയുടെ പ്രത്യേകത അത് ബാധിക്കുന്നവരുടെ ശരീരത്തിന്റെ പ്രതിരോധ വ്യൂഹം പരിക്ഷീണമാണ് എങ്കിൽ അത് എളുപ്പത്തിൽ ശരീരത്തെ ബാധിക്കുകയും, മരണത്തിനു വരെ കാരണമാവുകയും ചെയ്യും  എന്നുള്ളതാണ്. അതുകൊണ്ട് പൊതുജനം ഇന്ന് പ്രതിരോധ ശേഷി വർധിപ്പിക്കാൻ എന്തൊക്കെ ചെയ്യാം എന്നുള്ള അന്വേഷണത്തിലാണ്. അങ്ങനെ ഒന്നോ രണ്ടോ ആഴ്ച കൊണ്ട് 'ബൂസ്റ്റ്' ചെയ്തെടുക്കാൻ പറ്റിയ ഒന്നല്ല മനുഷ്യ ശരീരത്തിന്റെ പ്രതിരോധ ശേഷി എങ്കിലും, പലരും തങ്ങളുടെ റഫ്രിജറേറ്ററുകളിൽ പച്ചക്കറികളും ഡ്രൈ ഫ്രൂട്ട്സും പാലും ഇറച്ചിയും ഒക്കെ കൊണ്ട് നിറക്കുന്നുണ്ട്. ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ചിലർക്കൊക്കെ 'വർക്ക് ഫ്രം ഹോം' എന്നൊരു ഓപ്‌ഷനുണ്ട് എങ്കിലും മിക്കവാറും പേരും കാര്യമായി ഒന്നും ചെയ്യാതെ ചുമ്മാതിരിക്കുക തന്നെയാണ് വീട്ടിൽ.

അതിനിടെ ഹെൽത്ത്.കോം പോലുള്ള ചില പ്രസിദ്ധ ആരോഗ്യ വെബ്‌സൈറ്റുകളിൽ ഉയർന്നിരിക്കുന്ന വളരെ പ്രസക്തമായ ഒരു ചോദ്യമിതാണ്. സ്വയംഭോഗം ചെയ്യുന്നത് മനുഷ്യശരീരത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുമോ? ആദ്യത്തെ കേൾവിയിൽ ഇതിനെ ചിരിച്ചു തള്ളാനാണ് പലർക്കും തോന്നുക. പക്ഷേ, ഒന്നിനെയും അങ്ങനെ പഠനവിധേയമാക്കാതെ തള്ളിക്കളയുന്ന ശീലം ശാസ്ത്രലോകത്തിനില്ല. അതുകൊണ്ട് ഈ വിഷയത്തിലും ചില പഠനങ്ങളൊക്കെ നടന്നിട്ടുണ്ട്.

പഠനം നടത്തിയിരിക്കുന്നത് ചില്ലറക്കാരല്ല, ജർമനിയിലെ യൂണിവേഴ്സിറ്റി ക്ലിനിക് ഓഫ് എസ്സെൻ എന്ന സ്ഥാപനത്തിലെ മെഡിക്കൽ സൈക്കോളജി വിഭാഗമാണ് പഠനത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത്.  

 'ന്യൂറോ ഇമ്മ്യൂണോ മോഡുലേഷൻ' എന്ന എന്ന ന്യൂറോളജി ജേർണലിലാണ് ഈ പഠനം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.  

പഠനം ഇപ്രകാരമായിരുന്നു. വളണ്ടിയർമാരായി മുന്നോട്ടുവന്ന പതിനൊന്നു പുരുഷന്മാരിൽ സ്വയംഭോഗം മൂലമുണ്ടാകുന്ന രതിമൂർച്ഛയുടെ ഫലങ്ങൾ അവർ നിരീക്ഷിച്ചു. ആ സമയത്ത് അവരുടെ ശരീരത്തിൽ രക്തത്തിലെ വൈറ്റ് ബ്ലഡ് സെല്ലിന്റെ കൗണ്ടിൽ ഉണ്ടാകുന്ന വ്യതിയാനം രേഖപ്പെടുത്തി. ലബോറട്ടറി സാഹചര്യങ്ങളിൽ ഇരുന്നുകൊണ്ട് സ്വയംഭോഗത്തിൽ ഏർപ്പെട്ട ഓരോ വളണ്ടിയറുടെയും ശരീരത്തിലെ വൈറ്റ് ബ്ലഡ് സെൽ കൗണ്ട് ഓർഗാസം പ്രാപിക്കുന്നതിന് അഞ്ചു മിനിറ്റ് മുമ്പും, നാല്പത്തഞ്ചു മിനിറ്റ് ശേഷവും പരിശോധനയ്ക്ക് വിധേയമാക്കി. സ്വയംഭോഗത്തിലൂടെ രതിമൂർച്ഛയുണ്ടായതിനു ശേഷമുള്ള വൈറ്റ് ബ്ലഡ് സെൽ കൗണ്ട് അതിനു മുമ്പുള്ളതിനേക്കാൾ കൂടുതലായിരുന്നു. 

അപ്പോൾ, ഈയൊരു പഠനത്തിന്റെ പുറത്ത് അതങ്ങുറപ്പിക്കാൻ പറ്റുമോ? വരട്ടെ. അത്ര ലളിതമല്ല കാര്യങ്ങൾ. "ലൈംഗികമായ ഉത്തേജനത്തിലൂടെ ശരീരത്തിന്റെ പ്രതിരോധ വ്യൂഹവുമായി ബന്ധമുള്ള ചില രാസവസ്തുക്കൾ വർദ്ധിക്കുന്നുണ്ട് എന്ന് ചില ഒറ്റപ്പെട്ട പഠനങ്ങൾ പറയുന്നുണ്ട്. ശരിതന്നെ. എന്നാൽ, അത്തരം പഠനങ്ങളുടെ സാമ്പിൾ സൈസ് അഥവാ പരിശോധനയ്ക്ക് വിധേയമാക്കപ്പെട്ടവരുടെ എണ്ണം വളരെ കുറവായിരുന്നു. അതുമാത്രമല്ല, അത്തരം പഠനങ്ങൾ ആവർത്തിച്ച സമയത്ത് ഒരുപോലുള്ള ഫലങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടില്ല" എന്നാണ് ന്യൂയോർക്കിലെ വെയ്ൽ കോർണെൽ സ്‌കൂൾ ഓഫ് മെഡിസിനിലെ സൈക്യാട്രി അസോസിയേറ്റ് പ്രൊഫസർ ആയ ഗെയിൽ സാൽറ്റ്‌സിന്റെ അഭിപ്രായം. ശരീരത്തെ ബാധിക്കുന്ന ഒരു ബാഹ്യ അണുബാധയെ തുരത്താൻ സഹായിക്കുന്നത്ര അളവിൽ ശരീരത്തിന്റെ പ്രതിരോധ ശേഷിയെ വർധിപ്പിക്കാൻ സ്വയം ഭോഗത്തിനു സാധിക്കും എന്നു വെളിപ്പെടുത്തുന്ന ഒരു പഠനവും ഇന്നുവരെ നടന്നിട്ടില്ല എന്നും അദ്ദേഹം പറയുന്നു. 

എന്നാൽ ശരീരത്തിൽ രോഗത്തെ ചെറുക്കാൻ മാത്രമുള്ള രാസമാറ്റങ്ങൾ ഉണ്ടാക്കുന്നില്ല എന്നത്, ഒരിക്കലും സ്വയംഭോഗത്തിന്റെ മാനസികവും ശാരീരികവുമായ ഗുണഫലങ്ങളെ അവഗണിക്കാൻ കാരണമാകുന്നില്ല. സ്വയംഭോഗവും അതുമായി ബന്ധപ്പെട്ട രതിമൂർച്ഛയും മനുഷ്യരിൽ മാനസിക സമ്മർദ്ദം, രക്താതിമർദ്ദം എന്നിവ കുറയ്ക്കാനും, ആത്മവിശ്വാസം വർധിപ്പിക്കാനും, വേദനയ്ക്ക് ആശ്വാസമുണ്ടാക്കാനും സഹായിക്കുന്നു എന്ന് ചില പഠനങ്ങൾ തെളിയിക്കുന്നുണ്ട്. എൻഡോർഫിൻ പോലുള്ള 'ഫീൽ ഗുഡ്' കെമിക്കലുകളുടെ റിലീസിന് സ്വയംഭോഗം കാരണമാകുന്നുണ്ട് എന്ന് ചില പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. 

ശാരീരികമായ മാറ്റങ്ങളെക്കാൾ കൂടുതൽ മാനസികമായ സ്വാധീനങ്ങൾ വൈവാഹിക ബന്ധങ്ങളിൽ ചെലുത്താൻ സ്വയംഭോഗങ്ങൾക്ക് കഴിയുന്നുണ്ട് എന്നാണ് ജേർണൽ ഓഫ് സെക്സ് എജുക്കേഷൻ ആൻഡ് തെറാപ്പി എന്ന ശാസ്ത്ര ജേർണലിൽ പ്രസിദ്ധപ്പെടുത്തിയ പഠനം പറയുന്നത്. അതിലെ പഠനം സൂചിപ്പിക്കുന്നത് സ്വയംഭോഗം ചെയുന്ന സ്ത്രീകൾ, ചെയ്യാത്തവരെക്കാൾ സംതൃപ്തമായ ദാമ്പത്യജീവിതം നയിക്കുന്നവരാണ് എന്നാണ്. 

അപ്പോൾ എന്താണ് അന്തിമ നിഗമനം? സ്വയംഭോഗം ചെയ്തതുകൊണ്ട് പ്രതിരോധ ശേഷി കൂടുമോ? ഒറ്റവാക്കിൽ പറഞ്ഞാൽ, ഇല്ല. നമ്മുടെ പ്രതിരോധ വ്യൂഹത്തിനു ശക്തി പകരണമെങ്കിൽ ആദ്യം ചെയ്യേണ്ടത് കൃത്യമായ വ്യായാമവും സമീകൃതമായ ആഹാരവും ശീലിച്ച് ശാരീരികാരോഗ്യം മെച്ചപ്പെടുത്തുക എന്നതാണ്. 'ഡയറ്റ്, എക്സർസൈസ് എന്നിവയാണ് പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന്റെ ആദ്യപടി' എന്ന് തിമോത്തി മൈനാർഡി എന്ന അമേരിക്കൻ ഇമ്മ്യൂണോളജിസ്റ്റ് ഹെൽത്ത് ഡോട്ട് കോമിനോട് പറഞ്ഞു. ഇത് രണ്ടും ഉറപ്പുവരുത്തുന്നതോടൊപ്പം നല്ല ഉറക്കം കിട്ടുന്നുണ്ട് എന്നും ഉറപ്പുവരുത്തണം. ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് കൈകളും മുഖവും ഒക്കെ വൃത്തിയായി കഴുകി അണുവിമുക്തമാക്കണം. കഴിവതും വീട്ടിനുള്ളിൽ നിന്നും പുറത്തിറങ്ങാതെ സൂക്ഷിക്കണം. പുറത്തിറങ്ങിയാൽ മാസ്ക് ധരിക്കണം. സാമൂഹിക അകലം പാലിക്കണം.