Asianet News MalayalamAsianet News Malayalam

World Alzheimer's Day 2023 : ഇന്ന് ലോക അൽഷിമേഴ്സ് ദിനം ; ഓര്‍മ്മകള്‍ ഇല്ലാതാകുമ്പോള്‍...

ലോക അൽഷിമേഴ്സ് ദിനത്തോടനുബന്ധിച്ച് അൽഷിമേഴ്സ് എന്ന മറവിരോ​ഗത്തെ കുറിച്ച് എഴുതുകയാണ് 
മെഡികെയർ ഹോമിയോപ്പതിക്ക് സ്പെഷ്യാലിറ്റി മെഡിക്കൽ സെന്ററിലെ ഡോ. മുഹമ്മദ് അസ്ലം വാണിയമ്പലം... 
 

dr muhammed aslam write about world alzheimers day-rse-
Author
First Published Sep 21, 2023, 9:01 AM IST

മധ്യവയസ്‌ക്കയായ സ്ത്രീ വലിയ വിഷമത്തോടെയാണ് ക്ലിനിക്കിൽ വന്നത്. വലിയവിഷാദം അവരെ ബാധിച്ചിട്ടുണ്ടെന്ന് അവരെ ഒറ്റ നോട്ടത്തിൽ കണ്ടാൽ തന്നെ അറിയാം, അവരുമായി സംസാരിച്ചു തുടങ്ങിയപ്പോഴാണ് കാര്യങ്ങൾ മനസിലായി തുടങ്ങിയത്. തന്റെ ഭർത്താവിന്റെ അമ്മയുടെ കൂടെയാണ് താമസം. ഭർത്താവ് വിദേശത്താണ്, തന്റെ സ്വന്തം അമ്മയെപ്പോലെ അവർ അവരെ പരിപാലിച്ചു പോന്നിരുന്നു. 

സന്തോഷകരമായ ജീവിതം തുടർന്ന് പോരുന്നതിനിടയിൽ അപ്പോ ഇടയ്ക്കിടെ വല്ലാതെ ചീത്ത പറയും, പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും ഇടക്കിടെ നമ്മളെകുറിച്ച് പറയും. രാത്രി ഉറക്കം വളെരെ കുറവ്. ഇടക്കിടെ തൻറെ റൂമിൽ വന്ന് നോക്കും.ആദ്യമൊക്കെ നിസ്സാരമാക്കിയെങ്കിലും പിന്നീട് പിന്നീട് ഗൗരവം കൂടി വന്നു. അമ്മയുടെ കാര്യങ്ങൾ എല്ലാം ചെയ്ത് കൊടുത്താലും പരാതിയും പരിഭവവും ബാക്കിയാണ്. 

ആദ്യമൊക്കെ പ്രായത്തിൻറെതായിരിക്കും എന്ന് വിചാരിച്ചു അവർ സമാധാനിച്ചു. ദിവസങ്ങൾ കഴിയുമ്പോൾ പക്ഷേ പ്രശ്നങ്ങൾ കൂടുതൽ കൂടുതൽ സങ്കീർണ്ണമായി വന്നു. വിദേശത്ത് നിന്നും ഭർത്താവും ഇവരെ വഴക്ക് പറഞ്ഞു തുടങ്ങി.അമ്മയെ നോക്കുന്നില്ല എന്ന് തുടങ്ങി മരുമകൾ ഭക്ഷണം പോലും നൽകുന്നില്ല എന്ന പരാതി ഭർത്താവിന്റെ അടുത്തും ബന്ധുക്കൾക്കിടയിലുമെത്തി. 

ഭക്ഷണം എല്ലാം നൽകി അമ്മ നല്ലവണ്ണം ഭക്ഷണം കഴിച്ചാലും ബന്ധുക്കൾ വന്നാൽ അവരോട് താൻ കഴിച്ചില്ലെന്നും അവൾ തനിക്ക് ഭക്ഷണം തന്നില്ലെന്നും അമ്മ മറുപടി പറയുന്ന അവസ്ഥ വലിയ കുടുംബ വഴക്കിലേക്കും ഈ സ്ത്രീ വലിയ വിഷാദരോഗത്തിലേക്കും വഴി മാറി എന്നാണ് മനസിലായത്. അപ്പോഴും യഥാർത്ഥവില്ലൻ അമ്മയുടെ  ഈ രോഗാവസ്ഥയാണെന്ന് ആ കുടുംബത്തിലെ പലർക്കും മനസിലായിരുന്നില്ല എന്നതാണ് വാസ്തവം.

 വർഷം രണ്ട് കഴിഞ്ഞു അനുഭവിക്കാനുള്ള എല്ലാം ആ കുടുംബം അനുഭവിച്ചതിന് ശേഷമാണ് ആ കുടുംബം അൽഷിമേഴ്സ് രോഗമാണ് തങ്ങളുടെ അമ്മക്കുള്ളതെന്നും അമ്മ കളവ് പറയുന്നതല്ല ആ രോഗാവസ്ഥയാണ് അവരെകൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നതെന്നും തിരിച്ചറിഞ്ഞത്.

മറവി രോഗമാണെന്ന് മറക്കാതെ അവരെ പരിചരിക്കുക എന്നത് വലിയൊരു ഉത്തരവാദിത്വമാണ്. ഇത് തിരിച്ചറിയാതെ പോയാൽ ഇതിന് സമാനമായ വലിയ കുടുംബ വഴക്കുകൾക്കു കൂടി കാരണമാകുന്ന രോഗമാണ് എന്നാണ് ഈ രോഗിയുടെ സാഹചര്യം വ്യക്തമാക്കുന്നത്. ഇത് ഒരു രോഗമാണെന്ന് ബന്ധുമിത്രാധികൾ തിരിച്ചറിഞ്ഞാൽ തീരുന്ന പ്രശ്നമേ ഇവിടെ ഉണ്ടായിരുന്നൊള്ളൂ. അമ്മയുടെ ഈ രോഗാവസ്ഥ തിരിച്ചറിയുകയും അമ്മക്കാണ് ചികിൽസ നൽകേണ്ടത് എന്ന കാര്യം ആ കുടുംബത്തിന് വ്യക്തമായപ്പോൾ തന്നെ അവരുടെ കുടുംബ പ്രശ്നം അവസാനിച്ചിരുന്നു.

മറവിയുണ്ടാക്കുന്ന നിരവധി അസുഖങ്ങളിൽ ഒന്നുമാത്രമാണ് എല്ലാവരും ‘മറവിരോഗം’ എന്നുവിളിക്കുന്ന അൽഷിമേഴ്‌സ് രോഗം (Alzheimer’s disease). അൽഷിമേഴ്‌സിന് പുറമെ പക്ഷാഘാതം, തലച്ചോറിലെ മുഴകൾ,  എച്ച്.ഐ.വി അണുബാധ, പാർക്കിൻസൺസ് രോഗം, രക്താർബുദമായ ലിംഫോമ തുടങ്ങി നിരവധി രോഗങ്ങളുടെ ഭാഗമായി രോഗിക്ക് മറവി അനുഭവപ്പെടാം. എന്താണ് മറവി രോഗത്തിൻറെ കാരണം എന്ന് കൃത്യമായി നിർണ്ണയിക്കപ്പെടണം.

മസ്തിഷ്കത്തിലുള്ള നാഡീകോശങ്ങൾ ക്രമേണ ദ്രവിക്കുകയും തുടർന്ന് പ്രവർത്തനരഹിതമാവുകയും ചെയ്യുന്ന അവസ്ഥയിലാണ് ഒരാൾ അൽഷിമേഴ്‌സ് രോഗിയായിത്തീരുന്നത്. ഒരിക്കൽ നശിച്ചുപോകുന്ന നാഡീകോശങ്ങളെ പിന്നീട് പുനർജീവിപ്പിക്കാൻ  കഴിയാത്തതുകൊണ്ടുതന്നെ ഈ അസുഖത്തിന് തികച്ചും ഫലപ്രദമായ ചികിത്സ നിലവിലുണ്ടെന്ന് പറയാൻ കഴിയില്ല.

സെപ്തംബറിനെ അൾഷിമേഴ്സ് മാസമായും സെപ്തംബർ 21നെ അൾഷിമേഴ്സ് ദിനമായും ലോകമെമ്പാടും  ആചരിച്ചുവരികയാണ്. അൾഷിമേഴ്സ് ഓർഗനൈസേഷെൻറയും അൾസിമേഴ്സ് ഡിസീസ് ഇൻറർനാഷണൽ എന്ന സംഘടനയുടെയും ആഭിമുഖ്യത്തിൽ വർഷന്തോറുമുള്ള ദിനാചരണത്തിെൻറ ഭാഗമായി ആഗോളതലത്തിൽ ബോധവത്കരണ പ്രവർത്തനങ്ങളും ചർച്ചകളും മറ്റും സംഘടിപ്പിക്കുന്നു. 

2012 മുതൽ ഇത്തരത്തിൽ ബോധവത്കരണപ്രവർത്തനങ്ങൾ നടത്തിയിട്ടും ലോക ജനസംഖ്യയിൽ മുന്നിൽ രണ്ട് ഭാഗം ജനങ്ങളും ഈ രോഗത്തെക്കുറിച്ച് തീരെ അറിവില്ലത്തവരോ അൽപജഞാനികളോ ആണ്. ഈ വർഷത്തെ സന്ദേശം
"Never too early, never too late", എന്നതാണ്. രോഗിയെ നേരെത്തെ തിരിച്ചറിയുക, കൃത്യമായ പരിചരണം നൽകുക, ബന്ധുക്കളും രോഗിപരിചാരകരും രോഗത്തെ മറക്കാതിരിക്കുക എന്നത് പ്രധാനമാണ്.

ലേഖനം എഴുതിയത്...

ഡോ.മുഹമ്മദ് അസ്ലം വാണിയമ്പലം
മെഡികെയർ ഹോമിയോപ്പതിക്ക് സ്പെഷ്യാലിറ്റി മെഡിക്കൽ സെൻറർ
വാണിയമ്പലം,മലപ്പുറം ജില്ല
Whatsapp: 9188303203

 ലോക അൽഷിമേഴ്‌സ് ദിനം ; ഈ ദിനത്തിന്റെ പ്രധാന്യത്തെ കുറിച്ചറിയാം

 

Follow Us:
Download App:
  • android
  • ios