Asianet News MalayalamAsianet News Malayalam

'ബെഡ് കിട്ടിയില്ല, ഡ്രിപ്പ് തീർന്നിട്ട് സിസ്റ്റർ വന്ന് മാറ്റിയില്ല, ബ്ലഡ് സാമ്പിൾ എടുത്തില്ല'; കുറിപ്പ്

റൗണ്ട്സ് തീർന്ന ഉടൻ തന്നെ ഡിസ്ചാർജ് എവിടെ എന്ന് ചോദിച്ച് ആളുകൾ വരുന്നുണ്ടാവും. ബാക്കി പണികൾ തീർത്തിട്ട് എഴുതി തരാം എന്ന് മര്യാദയോടെ പറയും. ഈ ചോദ്യം തുടർന്ന് കൊണ്ടിരിക്കും. ക്ഷമയുടെ പരിധി കഴിയുമ്പോ മറുപടി പറയുന്ന രീതി കുറച്ച് മാറും.


 

dr. Muhammed Yazin face book post about medical college poster
Author
Trivandrum, First Published Oct 31, 2021, 8:07 PM IST
  • Facebook
  • Twitter
  • Whatsapp

ഒക്ടോബർ 28ന് രാത്രിയാണ്‌ മുന്നറിയിപ്പില്ലാതെ മന്ത്രി വീണാ ജോർജ് മന്ത്രി മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശിച്ചത്‌. ആ സമയത്ത് അത്യാഹിത വിഭാഗത്തിലും വാർഡുകളിലും മന്ത്രിക്ക് നേരിട്ട് ബോധ്യപ്പെട്ട കാര്യങ്ങൾക്കും രോഗികളും കൂട്ടിരുപ്പുകാരും ജീവനക്കാരും പലതരത്തിലുള്ള പ്രശ്‌നങ്ങളും മന്ത്രിയോട് ഉന്നയിച്ചു.

ഡ്യൂട്ടിയെടുക്കാതെ ചിലർ മാറി നിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഇതിന്റെ കാരണം വിശദമാക്കണമെന്ന് നിർദേശം നൽകി. ഡ്യൂട്ടിയിലുള്ളവരുടെ പേര് വിവരങ്ങൾ ഇനിമുതൽ ബോർഡിൽ പ്രസിദ്ധപ്പെടുത്തണം. ഇവർ ഡ്യൂട്ടിയെടുക്കാതെ വന്നാൽ കർശന നടപടി സ്വീകരിക്കും. സർക്കാർ ഉത്തരവനുസരിച്ചുള്ള കാഷ്വാലിറ്റി പ്രോട്ടോകോൾ പാലിക്കാൻ കർശന നിർദേശം നൽകി. ഇതുസംബന്ധിച്ച് 24 മണിക്കൂറിനകം റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ആവശ്യപ്പെട്ടു. 

രാത്രി പത്തരയ്ക്കെത്തിയ മന്ത്രി 12ന് ശേഷമാണ് മടങ്ങിയത്. പരിശോധന കഴിഞ്ഞിറങ്ങുമ്പോൾ പതിനാറാം വാർഡിന്റെ ഭിത്തിയിൽ ഒരു പോസ്റ്റർ. ‘ഇവിടെ എത്തുമ്പോൾ നിങ്ങൾക്കു തോന്നാവുന്ന കാര്യങ്ങളും അതിനുള്ള പരിഹാരങ്ങളും’ എന്ന തലക്കെട്ടിൽ ചോദ്യം, ഉത്തരം ക്രമത്തിലാണു പോസ്റ്ററിലെ വാചകങ്ങൾ.

മന്ത്രിയുടെ നിർദേശപ്രകാരം അപ്പോൾ തന്നെ പോസ്റ്റർ ഇളക്കി മാറ്റി. വീഴ്ചകളിൽ ആശുപത്രി അധികൃതരോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടാണ് മന്ത്രി മടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് ഡോ.മുഹമ്മദ് യാസിൻ പങ്കുവച്ച ഫേസ് ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വെെറലാവുകയാണ്. 

ഡോക്ടറുടെ ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം...

പഴേ കഥയാണ്.

മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുന്ന സമയം. മെഡിസിൻ പോസ്റ്റിംഗ്. M6. ഒരിക്കലെങ്കിലും മെഡിസിൻ വാർഡിൽ അഡ്മിഷൻ ദിവസം വന്നിട്ടുള്ളവർക്ക് അറിയാം അവിടുത്തെ അവസ്ഥ. അതുകൊണ്ട് തന്നെ ഈ പറയുന്നത് എല്ലാവർക്കും മനസ്സിലാവണമെന്നില്ല. 
  കൊറോണക്ക് മുൻപുള്ള കാലമാണ്. രണ്ട് യൂണിറ്റിന് ഒരു വാർഡ്. ആകെ 50 ബെഡ്. എനിക്ക് പോസ്റ്റിംഗ് വാർഡ് 16 ൽ. മെഡിക്കൽ കോളജിലെ തന്നെ ഏറ്റവും സൗകര്യം കുറഞ്ഞ വാർഡുകളിൽ ഒന്ന്. ഇടയ്ക്ക് ഒന്ന് രണ്ട് ബെഡ് ഒക്കെ ചേർത്ത് മൊത്തം 56 ഓ 58 ഓ ബെഡ് ആക്കിയിട്ടുണ്ട്. അത് M3, M6, ഹെമറ്റോളജി ഇങ്ങനെ വീതിച്ചിട്ടുണ്ട്. അപ്പോ M6 ന് 25 ബെഡ് .
ശനിയാഴ്ച്ച അഡ്മിഷൻ. ശരാശരി 80-100 അഡ്മിഷൻ ഉണ്ടാവും. നമുക്കുള്ളത് ബെഡ് 25ഉം. 
രാവിലെ റൗണ്ട്സ് ഒക്കെ കഴിഞ്ഞ് ഇരിക്കുമ്പോ അഡ്മിറ്റായവർ ഓരോരുത്തരായി വരാൻ തുടങ്ങും.  വൈകുന്നേരം ആകുമ്പഴേക്കും എണ്ണം കൂടിക്കൂടി വരും. ഈ വരവ് രാവിലെ 9 മണി വരെ തുടരും. നമുക്കുള്ള 25 ബെഡ് കഴിയുമ്പോ അടുത്ത യൂണിറ്റിൻ്റെ ഒഴിവുള്ള ബെഡിൽ രോഗികളെ കിടത്തും. അങ്ങനെ ഒഴിവുള്ള ബെഡിൽ മുഴുവൻ ആളായാൽ അടുത്ത അടവ് ഡബിളിംഗ് ആണ്. ഒരു ബെഡിൽ 2 പേരെ വച്ച് കിടത്തും. ബെഡിൽ ഒരാളെ കൂടി കിടത്താൻ പറ്റാത്ത അവസ്ഥയിലുള്ളവർക്ക് മാത്രം ഒറ്റക്ക് ഒരു ബെഡ് കിട്ടും. അങ്ങനെ ഡബിളിംഗ് കഴിഞ്ഞാൽ അടുത്തത് ഫ്ളോർ ആണ്. രണ്ട് ബെഡുകൾക്ക് ഇടക്കുള്ള സ്ഥലത്ത് തറയിൽ രോഗികളെ കിടത്തി തുടങ്ങും. ഒരിക്കലെങ്കിലും 16- ആം വാർഡിൽ വന്നിട്ടുള്ളവർക്ക് ചിലപ്പോൾ അൽഭുതം തോന്നാം, അവിടെ എവിടെയാണ് സ്ഥലം എന്ന്. ഒരു മാർഗ്ഗവും ഇല്ലാത്തത് കൊണ്ട് അത് അങ്ങനെയേ പറ്റൂ. ഇതിനിടയിൽ ബെഡ് കിട്ടിയവർക്ക് തറയിലേക്ക് മാറേണ്ടി വരും. ഒറ്റക്ക് കിടക്കുന്നവർക്ക് കൂട്ടിന് ആളിനെ കിട്ടും. ഈ അറേഞ്ച്മെന്റ്സ് എല്ലാം രോഗികളുടെ രോഗത്തിൻ്റെ അവസ്ഥ മാത്രം നോക്കിയാണ് തീരുമാനിക്കുന്നത്. ഇതിനിടയിൽ രോഗികളോടൊപ്പം വന്ന ആളുകൾ കൂടി ആവുമ്പോ തൃശൂർ പൂരം നടക്കുന്ന തിരക്കാവും വാർഡിൽ. ഇത്രയും രോഗികളെ മാനേജ് ചെയ്യാൻ ആകെ ഉണ്ടാവുന്നത് 2 ഹൗസ് സർജൻ, 3 പി ജി ഡോക്ടർമാർ, 3 നഴ്സ്. നഴ്സുമാർക്ക് അടുത്ത യൂണിറ്റിലെ രോഗികളെ കൂടി നോക്കേണ്ടി വരും. ഓരോരുത്തരും ഒരു 10 പേരുടെ പണി എടുക്കേണ്ടി വരും.
അങ്ങനെ നെട്ടോട്ടമോടുന്ന സമയത്താണ് കൂട്ടിരിപ്പുകാർ പരാതികളുമായി എത്തുന്നത്. ബെഡ് കിട്ടിയില്ല, വേറെ ആളിൻ്റെ കൂടെ കിടക്കാൻ ബുദ്ധിമുട്ടാണ്, ഡ്രിപ്പ് തീർന്നിട്ട് സിസ്റ്റർ വന്ന് മാറ്റിയില്ല, ബ്ലഡ് സാമ്പിൾ എടുത്തില്ല,  അങ്ങനെ പരാതികളുടെ ബഹളം.
രോഗികൾ വരുന്ന ഓർഡറിൽ തന്നെ അവരെ അറ്റൻഡ് ചെയ്യണം എന്നില്ല. രോഗാവസ്ഥ അനുസരിച്ച് സീരിയസ് ആയിട്ടുള്ളവരെ ആദ്യം നോക്കും, മരുന്നുകൾ എഴുതും. നഴ്സുമാർ അവർക്കുള്ള മരുന്നുകൾ കൊടുത്ത് പരിശോധനക്കുള്ള സാമ്പിളുകൾ എടുത്ത് കൊടുക്കും. ഇങ്ങനെയാണ് സാധാരണ നടക്കുന്നത്.
അടുത്ത ദിവസം രാവിലെ 8 മണിക്ക് റൗണ്ട്സ് തുടങ്ങും. അപ്പോഴും തലേ ദിവസത്തെ ബാക്കി അഡ്മിഷൻ വരുന്നുണ്ടാവും. പി ജി, ഹൗസ് സർജൻ ഒക്കെ പഴേത് തന്നെ (തലേ ദിവസം രാവിലെ ഡ്യൂട്ടിക്ക് കേറിയവർ, ഇതുവരെ ഡ്യൂട്ടി കഴിഞ്ഞിട്ടില്ല). റൗണ്ട്സിൽ കുറച്ച് പേർ ഡിസ്ചാർജ് ആവും. കുറെ പേർക്ക് പുതിയ പരിശോധനകൾ, മരുന്നുകൾ ഒക്കെ എഴുതും. ഈ പണികൾ തീർത്തിട്ട് വേണം ഡിസ്ചാർജ് ഉള്ളവരുടെ ഡിസ്ചാർജ് സമ്മറി എഴുതാൻ.
റൗണ്ട്സ് തീർന്ന ഉടൻ തന്നെ ഡിസ്ചാർജ് എവിടെ എന്ന് ചോദിച്ച് ആളുകൾ വരുന്നുണ്ടാവും. ബാക്കി പണികൾ തീർത്തിട്ട് എഴുതി തരാം എന്ന് മര്യാദയോടെ പറയും. ഈ ചോദ്യം തുടർന്ന് കൊണ്ടിരിക്കും. ക്ഷമയുടെ പരിധി കഴിയുമ്പോ മറുപടി പറയുന്ന രീതി കുറച്ച് മാറും ( ഇത് എൻ്റെ കാര്യം ആണ്). ഇതെല്ലാം തീർത്ത് വൈകിട്ട് ഒരു റൗണ്ട്സ് കൂടി നടക്കും. എല്ലാവർക്കും വേണ്ട മരുന്നുകളും ടെസ്റ്റുകളും കൊടുത്തു എന്ന് ഉറപ്പിക്കാനും, നേരത്തെ കൊടുത്ത് ടെസ്റ്റുകളുടെ റിസൾട്ടുകൾ നോക്കാനും ഒക്കെ വേണ്ടിയാണ് ഈ റൗണ്ട്സ്.  ഇതും കഴിഞ്ഞ് രാത്രി വാർഡ് ഡ്യൂട്ടി കൂടി ഉണ്ടെങ്കിൽ അടുത്ത ദിവസത്തെ റൗണ്ട്സ് കഴിയണം ഡ്യൂട്ടി തീരാൻ.
ഈ പരിപാടികൾ എല്ലാം നടക്കുന്നതിനിടയിൽ തന്നെ രോഗികളുടെ ആവശ്യങ്ങൾ കൂട്ടിരിപ്പുകാരുടെ സംശയങ്ങൾ, പരാതികൾ ഇതിനെല്ലാം പരിഹാരം ഉണ്ടാക്കണം. അഡ്മിഷൻ, പോസ്റ്റ് അഡ്മിഷൻ ദിവസങ്ങളിൽ കൂട്ടിരിപ്പുകാരുടെ വക പരാതികൾ പലതും നമുക്ക് ഒന്നും ചെയ്യാൻ കഴിയാത്തവ ആയിരിക്കും. അതിൻ്റെ പിറകെ പോയാൽ ചെയ്യാനുള്ള ജോലികൾ ബാക്കി ആവും. 
അങ്ങനെ ആയപ്പോഴാണ് സ്ഥിരം കേൾക്കുന്ന പരാതികൾക്ക് വേണ്ട പരിഹാരങ്ങൾ ആളുകൾക്ക് വായിക്കാൻ വേണ്ടി അവിടെ എഴുതി ഒട്ടിക്കാം എന്ന ഒരു ഐഡിയ വന്നത്. അങ്ങനെ ഒരു മാറ്റർ ഉണ്ടാക്കി A3 സൈസ് പ്രിൻ്റ് എടുത്ത് വേറെ ആരോടും ചോദിക്കാതെ ഞാൻ വാർഡ് 16 ൽ കൊണ്ട് വന്ന് ഒട്ടിച്ചു. രണ്ട് വർഷത്തിൽ കൂടുതൽ അത് അവിടെ തന്നെ ഇരുന്നു. എൻ്റെ വാക്കുകൾക്ക് കടുപ്പം കൂടി എന്ന് അഭിപ്രായമുള്ള ചിലർ പിന്നീട് ചില ഭാഗങ്ങൾ പ്ലാസ്റ്റർ ഒട്ടിച്ച് കടുപ്പം കുറച്ചിരുന്നു. (കടുപ്പം കൂടിയത് താഴെ ഉണ്ട്). (അതായതുത്തമാ, ആ പോസ്റ്റർ ഉണ്ടാക്കിയതും അവിടെ കൊണ്ട് ഒട്ടിച്ചതും എല്ലാം ഞാൻ തന്നെയാണ്. വായിച്ചിട്ട് തെറ്റ് തോന്നാത്തത് കൊണ്ടാവും ആരും ഇളക്കി മാറ്റിയതും ഇല്ല).
അങ്ങനെ വർഷങ്ങൾ കഴിഞ്ഞപ്പോ നമ്മുടെ ആരോഗ്യമന്ത്രി അതുവഴി പോയപ്പോ അത് കണ്ടു എന്നാണ് ഒടുവിൽ കിട്ടിയ വാർത്ത. പോസ്റ്റർ കണ്ട മന്ത്രി ഞെട്ടിയെന്നും പറയപ്പെടുന്നു. മീറ്റിംഗ് വിളിച്ച് അവിടെയുള്ള സ്റ്റാഫിനെ കൊണ്ട് തന്നെ അത് കീറി മാറ്റി എന്നും അറിഞ്ഞിട്ടുണ്ട്. നല്ല കിടുകിടിലം മൂവ്!
പക്ഷേ അക്ഷരങ്ങളും പ്രിൻ്ററിൽ മഷിയും കടയിൽ പേപ്പറും ഉള്ള കാലം വരെ ഇങ്ങനെയുള്ള ഐറ്റങ്ങൾ വാർഡുകളിൽ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്. ഇളക്കി മാറ്റിക്കാൻ മന്ത്രിയും ഇളക്കി മാറ്റാൻ സ്റ്റാഫും ഉണ്ടാവും.
പക്ഷേ അവിടെ കുറച്ച് സൗകര്യങ്ങളും കുറച്ച് സ്റ്റാഫിനെയും കൂടി കൊടുത്താൽ പോസ്റ്റർ ഒട്ടുന്നത് അങ്ങ് ഒഴിവാക്കാമായിരുന്നു. 
NB: സാമൂഹിക പ്രതിബദ്ധതയുടെ ക്ലാസ്സും കൊണ്ട് ആരും ഇങ്ങോട്ട് വരണ്ട.
പിന്നെ മിന്നൽ പരിശോധനകൾ നടത്തുമ്പോ കണ്ടുപിടിത്തങ്ങൾ ഒന്ന് എഴുതി വക്കുന്നത് നല്ലതായിരിക്കും. അല്ലെങ്കിൽ പഴേത് മറക്കുമ്പോ പിന്നേം പിന്നേം പോയി നോക്കേണ്ടി വരും.

Follow Us:
Download App:
  • android
  • ios