കരൾരോ​ഗം ഇന്ന് ചെറുപ്പക്കാരിൽ പോലും കണ്ട് വരുന്നു. കരൾ രോ​ഗം പിടിപെടുമ്പോൾ ആദ്യമൊക്കെ നിസാരമായി കാണും. പ്രശ്നം കൂടുതൽ ​ഗുരുതരമാകുമ്പോഴാകും ഡോക്ടറിനെ കാണുന്നത്. ക്യത്യമായി വ്യായാമം ചെയ്തിട്ടും ഭക്ഷണം ശ്രദ്ധിച്ചിട്ടും കരൾ രോ​ഗം പിടിപെടുന്നത് എന്ത് കൊണ്ട്. 

ഭക്ഷണത്തിലും വ്യായാമത്തിലും ഏറെ ശ്രദ്ധിക്കുന്ന ഒരു അടുത്ത സുഹൃത്ത്. അദ്ദേഹത്തിന് അറിയാതെ പിടിപെട്ടുകൊണ്ടിരുന്ന ഒരു കരൾരോഗം ഭക്ഷണക്രമത്തിൽ വരുത്തിയ ഒരു വലിയ മാറ്റത്തിലൂടെ പരിഹരിച്ച രീതിയെ കുറിച്ച് ഡോ. രാജേഷ് പറയുന്നു.

കുറെ നാളുകൾക്ക് ശേഷമാണ് വളരെ അപ്രതീക്ഷിതമായി ആ സുഹൃത്തിനെ ഒരു പരിപാടിയിൽ വച്ച് കാണുന്നത്.അദ്ദേഹത്തെ ഒരു വര്‍ഷം മുമ്പ് കണ്ടത് വച്ച് നോക്കുമ്പോള്‍ മുഖം അല്‍പമൊന്ന് ഇരുണ്ടിട്ടുണ്ടായിരുന്നു. അല്‍പം കുടവയറും വച്ചിട്ടുണ്ട്. എന്നാല്‍ ആരോഗ്യത്തിന് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല. എങ്കിലും അദ്ദേഹത്തോട് പറഞ്ഞു നിങ്ങളൊരു ബ്ലഡ് ടെസ്റ്റ് ചെയ്യണം. ഒരു ദിവസം വന്നാല്‍ മതി എഴുതി തരാമെന്ന് പറഞ്ഞു. 

പക്ഷേ, അദ്ദേഹം അന്ന് അത് നിസാരമായി കേട്ട് കളഞ്ഞു. അത് കഴിഞ്ഞ് രണ്ട് മാസങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ വീണ്ടും കണ്ടപ്പോള്‍ അദ്ദേഹം വീണ്ടും നല്ല പോലെ കറുത്തിട്ടുണ്ട്. കുടവയര്‍ അത് പോലെ തന്നെ. ശരീരമൊന്ന് മെലിഞ്ഞിട്ടുമുണ്ട്. അദ്ദേഹത്തോട് നിര്‍ബന്ധമായും ബ്ലഡ് ടെസ്റ്റ് ചെയ്യണമെന്ന് ഞാൻ വീണ്ടും ആവശ്യപ്പെട്ടു. 

അള്‍ട്ര സൗണ്ട് സ്‌കാനും നോക്കണമെന്നും പറഞ്ഞു. അത് പോലെ തന്നെ ലിവറിന്റെ ബ്ലഡ് ടെസ്റ്റും പരിശോധിക്കുകയുണ്ടായി. അതില്‍ നിന്നും അദ്ദേഹത്തിന് ഗ്രേഡ് ടൂ ഫാറ്റി ലിവര്‍ ഉണ്ടെന്ന് കണ്ടെത്തി. വയറിന്റെ അള്‍ട്ര സൗണ്ട് സ്‌കാന്‍ പരിശോധിച്ചപ്പോള്‍ ഫാറ്റി ലിവര്‍ ഗ്രേഡ് ടൂ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നുവെന്ന് ഡോ.രാജേഷ് പറയുന്നു.

ഫാറ്റി ലിവര്‍ ഇന്ന് കൊച്ചു കുട്ടികളില്‍ പോലും കാണുന്ന ഒരു അസുഖമാണല്ലോ. ഇതിനകത്ത് ഇത്രയ്ക്ക് എന്താണ് പറയാനുള്ളതെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. ഫാറ്റി ലിവര്‍ വലിയൊരു രോഗമാണെന്ന് ആദ്യം മനസിലാക്കുക. ഈ പറഞ്ഞ സുഹൃത്തിന് മദ്യപിക്കുന്ന ശീലമില്ല. അദ്ദേഹം ക്യത്യമായി വ്യായാമം ചെയ്യാറുമുണ്ട്. അദ്ദേഹം നോണ്‍ വെജ് പൂര്‍ണമായും ഒഴിവാക്കിയിരുന്നു.

വിഷം ചേര്‍ത്തിട്ടുള്ള പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിക്കില്ലായിരുന്നു. ഇങ്ങനെയുള്ള ഒരാള്‍ക്ക് ഗ്രേഡ് ടൂ ഫാറ്റി ലിവര്‍ എങ്ങനെ പിടിപ്പെട്ടുവെന്നത് അത്ര ചെറിയ കാര്യമല്ലെന്ന് ഓര്‍ക്കുക. അള്‍ട്ര സൗണ്ട് സ്‌കാന്‍ വയറില്‍ നോക്കുന്ന സമയത്ത് കരളിന്റെ പ്രതിഫലനം അള്‍ട്ര സോണിന്റെ മെഷിന്‍ അകത്ത് ക്യത്യമായി കാണാന്‍ പറ്റുന്നുവോ അതിനകത്ത് കൊഴുപ്പ് കണികകള്‍ അടിഞ്ഞിട്ടുണ്ടെന്ന അവസ്ഥയെയാണ് ഗ്രേഡ് ഒന്ന് ഫാറ്റി ലിവര്‍ എന്ന് പറയുന്നത്.

എന്നാല്‍ ഗ്രേഡ് ഒന്നില്‍ കൊഴുപ്പ് അടിഞ്ഞിരിക്കുമ്പോള്‍ തന്നെ കരളിന്റെ പ്രധാനഭാഗങ്ങള്‍ കാണാന്‍ പറ്റുന്നില്ല എന്നുണ്ടെങ്കില്‍ അത് ഗ്രേഡ് ടൂ ഫാറ്റി ലിവര്‍ ആണെന്ന് പറയാം. കരളിന്റെ വശങ്ങള്‍ പോലും കാണാന്‍ പറ്റാത്ത രീതിയില്‍ കൊഴുപ്പ് കരളിനെ പൂര്‍ണമായി മൂടുന്ന അവസ്ഥയാണ് ഗ്രേഡ് 3 ഫാറ്റി ലിവര്‍ എന്ന് പറയുന്നത്. ഈ ഒരു അവസ്ഥ നിന്ന് കഴിഞ്ഞാല്‍ ഇത് ലിവര്‍ സിറോസിസ് എന്ന അവസ്ഥയിലേക്ക് പോവുകയും രോഗിയുടെ ജീവന് തന്നെ ആപത്താവുകയും ചെയ്യുമെന്ന് ഡോ.രാജേഷ് പറഞ്ഞു.

ഇന്ന് 20 വയസുള്ള ഒരു യുവാവില്‍ പോലും ഈയൊരു പ്രശ്‌നം കണ്ട് വരുന്നുണ്ട്. ചിട്ടയായ ജീവിതം നയിച്ചിരുന്ന എന്റെ സുഹൃത്തിന് എങ്ങനെയാണ് ഇത് പിടിപ്പെട്ടതെന്ന് പരിശോധിക്കാന്‍ അദ്ദേഹത്തിന്റെ ഭക്ഷണരീതി ഒന്ന് പരിശോധിച്ചു. പരിശോധിച്ചപ്പോൾ അദ്ദേഹം പ്രോട്ടീൻ ഭക്ഷണങ്ങൾ കഴിക്കുന്നത് വളരെ കുറവായതായാണ് കണ്ടെത്തിയത്.

പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ കുറയുമ്പോള്‍ കരള്‍ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ ശരീരത്തിന് വളരെ പ്രധാനപ്പെട്ടതാണ്. രോഗപ്രതിരോധശേഷി കൂട്ടുന്നതിനും പുതിയ കോശങ്ങള്‍ ഉണ്ടാകുന്നതിനും പ്രോട്ടീന്‍ ആവശ്യമാണ്. നിങ്ങളുടെ ശരീരഭാഗത്തിന്റെ കിലോ ഗ്രാം നോക്കുകയാണെങ്കില്‍ ഒരു കിലോ ഗ്രാം ശരീരഭാരത്തിന് പോയിന്റ് 9 ഗ്രാം പ്രോട്ടീന്‍ ആവശ്യമാണ്.

ഉദാഹരണത്തിന് ഒരു 70 കിലോ ഭാരമുള്ള ഒരാളാണെങ്കില്‍ കുറഞ്ഞത് ഒരു ദിവസം 60 ഗ്രാം പ്രോട്ടീന്‍ കഴിച്ചിരിക്കണം. ഒരു 100 ഗ്രാം ചിക്കന്‍ എടുക്കുകയാണെങ്കില്‍ ഉദ്ദേശം 28 മുതല്‍ 30 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം പയറിനകത്ത് 18 മുതല്‍ 20 ഗ്രാം പ്രോട്ടീനുണ്ട്. ആവശ്യത്തിന് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മാത്രമേ കരള്‍ പോലുള്ള  പ്രധാന അവയവങ്ങളുടെ ആരോഗ്യനില്‍ക്കുകയുള്ളൂവെന്നും അദ്ദേഹം പറയുന്നു.

കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ മാത്രം കഴിച്ചിട്ട് കാര്യമില്ല. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും ധാരാളം കഴിക്കണം. കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് കാരണമാകും. 

ഇന്ന് ചെറുപ്പക്കാരില്‍ ഫാറ്റി ലിവര്‍ പിടിപെടുന്നതിന് കാരണം അവരുടെ ശരീരത്തില്‍ ആവശ്യത്തിന് പ്രോട്ടീന്‍ എത്താത്തത് കൊണ്ടാണ്. അമിതമായി കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണം കഴിക്കുന്നവരില്‍ ഫാറ്റി ലിവര്‍ ​ഗ്രേഡ് വണ്‍, ഗ്രേഡ് ടൂ, ഗ്രേഡ് ത്രീ, ലിവര്‍ സിറോസിസ് പോലുള്ള അസുഖങ്ങൾ പിടിപെടുന്നതിന് കാരണമാകുമെന്നും അദ്ദേഹം പറയുന്നു.