ഗ്രിൽഡ് ചിക്കനും ബേക്ക് ചെയ്ത ഭക്ഷണങ്ങളും സ്ഥിരമായി കഴിക്കുന്നത് ആരോ​ഗ്യത്തിന് അത്ര നല്ലതല്ലെന്ന കാര്യം നമ്മുക്കറിയാം. ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിക്കുന്നത് പൊണ്ണത്തടിയുണ്ടാകുന്നതിന് കാരണമാകാറുണ്ട്. തന്തൂരി, ബേക്ക് ചെയ്ത ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചെറുതൊന്നുമല്ലെന്ന് ഓർക്കുക. ഗ്രിൽഡ് ചിക്കനും ബേക്ക് ചെയ്ത ഇറച്ചിയും അമിതമായി കഴിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ പറ്റി ഡോ. രാജേഷ് കുമാർ പറയുന്നു. 

ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിക്കുമ്പോള്‍ കൊളസ്‌ട്രോള്‍, കിഡ്‌നി രോഗങ്ങള്‍ എന്നിവ പിടിപെടുന്നു. തീയ്യില്‍ അമിതമായി ചൂടാക്കി ഇത്തരത്തിലുള്ള ഭക്ഷണം കഴിക്കുമ്പോള്‍ ഇതിനകത്ത് ഉണ്ടാകുന്ന ഒരു രാസവസ്തുവാണ് ഏറ്റവും വലിയ അപകടകാരി.

 ഈ രാസവസ്തുവാണ് ഹൃദ്രോ​ഗങ്ങളും മറ്റ് പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നത്. നമ്മുടെ ശരീരത്തിനകത്തേക്ക് എത്തുന്ന ഭക്ഷണങ്ങളില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീന്‍സ് അല്ലെങ്കില്‍ ഫാറ്റ് രക്തത്തിലുള്ള പഞ്ചസാര തന്മാത്രയില്‍ ചേര്‍ന്ന് അവ ഒരു പ്രോഡക്റ്റായി ഒട്ടുന്ന രീതിയിലുള്ള ഒരു വസ്തുവായി മാറുന്നു. ഇതിനെയാണ് അഡ്വാൻസ്ഡ് ഗ്ലൈക്കേഷൻ എൻഡ് പ്രോഡക്ട്‌സ് ( എജിഇ) എന്ന് പറയുന്നത്. 

നമ്മുടെ രക്തത്തിലുള്ള ഷുഗര്‍ മോളിക്യൂളും വരുന്ന ഭക്ഷണത്തിന്റെ പ്രോട്ടീനുമായി ചേര്‍ന്നിട്ടാണ് ഇത് ഉണ്ടാകുന്നത്. ഇവ രക്തക്കുഴലിന് അകത്തോ അല്ലെങ്കില്‍ ഹൃദയത്തിലെ കോശങ്ങള്‍ക്ക് അകത്തോ അല്ലെങ്കില്‍ തലച്ചോറിന് അകത്തോ വ്യക്കകള്‍ക്ക് അകത്തോ പോകുന്നതിന് കാരണമാകും. ഇവ ഒരു അളവ് വരെ നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് ഉണ്ടായി കൊണ്ടിരിക്കുന്നു. 

എന്നാല്‍ ഇവയുടെ അളവ് ഒരു പരിധിയില്‍ കൂടുതല്‍ രക്തത്തില്‍ ഉയര്‍ന്ന് കഴിഞ്ഞാല്‍ പലതരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാകാം. ഏറ്റവും പ്രധാനപ്പെട്ടത് ഇത് നമ്മുടെ ശരീരത്തിലെ കോശങ്ങളില്‍ ഓക്‌സിഡേറ്റിവ് സ്‌ട്രേസ് എന്ന അവസ്ഥ ഉണ്ടാക്കുന്നു.

ഇന്നത്തെ ജനറേഷനില്‍ കാണുന്ന എല്ലാതരം ലൈഫ് സ്റ്റൈല്‍ രോഗങ്ങൾക്കും പുറകിലുള്ളത് ഓക്‌സിഡേറ്റിവ് സ്‌ട്രേസ് തന്നെയാണ്. കോശങ്ങള്‍ക്ക് ഉണ്ടാകുന്ന അമിതമായിട്ടുള്ള പിരിമുറുക്കം കാരണം ഇവ നമ്മുടെ ശരീരത്തിലെ നോര്‍മല്‍ കോശങ്ങളുടെ പ്രവര്‍ത്തനത്തെ തടയുന്നു. ഇവ നമ്മുടെ ഹൃദയത്തിനകത്തുള്ള രക്തക്കുഴുലുകളെ പോയി ഒട്ടിപിടച്ചിട്ട് അറ്റാക്ക് അല്ലെങ്കില്‍ കുഴഞ്ഞു വീണുള്ള മരണം, ഉറക്കത്തില്‍ ഹൃദയം നിലച്ച് മരണപ്പെടുക എന്നിവ ഉണ്ടാകുന്നു.

എജിഇ എന്ന പ്രോഡക്ടാണ് ഇതിന് കാരണമാകുന്നത്. ഇത് മാത്രമല്ല ഇവ നമ്മുടെ വൃക്കകള്‍ക്ക് അകത്ത് പോയി പറ്റിപിടിച്ചിട്ട് വൃക്കരോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇവ തലച്ചോറില്‍ എത്തിയാല്‍ തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്ററുകളുടെ പ്രവര്‍ത്തനത്തെ തടഞ്ഞിട്ട് തലച്ചോറിലെ കോശങ്ങളിലെ പ്രവര്‍ത്തനത്തെ ക്രമേണ കുറയ്ക്കുന്നു. മറവിരോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.‌

 സാധാരണഗതിയില്‍ നമ്മുടെ ശരീരത്തിലുണ്ടാകുന്ന എജിഇ എന്ന പ്രോഡക്ടിനെ നമ്മുടെ ശരീരം തന്നെ നശിപ്പിച്ച് കളയുന്നു. നമ്മുടെ ശരീരത്തിലേക്ക് എത്തുന്ന വൈറ്റമിനുകള്‍, മിനറലുകള്‍, അത് പോലെ തന്നെ മറ്റ് ആന്റി ഓക്‌സിഡന്റുകള്‍ ഇവയെല്ലാം തന്നെ എജിഇ പ്രോഡക്ടസിനെ കണ്ടെത്തി നശിപ്പിച്ച് കൊണ്ടേയിരിക്കുന്നു. 

എന്നാല്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലൂടെ അമിതമായി ശരീരത്തിലേക്ക് എജിഇ എത്തിയാല്‍ ശരീരത്തിന്റെ വൈറ്റമിനുകള്‍ക്ക് ഇവയെ നശിപ്പിച്ച് കളയുന്നതിന്റെ അളവ് കുറയുകയും ഇവ രക്തത്തില്‍ ക്രമേണ വര്‍ധിക്കുകയും ക്രമേണ മാരക രോഗങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. 

എജിഇ പ്രധാനമായി മൂന്ന് വിഭാഗം ആളുകളിലാണ്  കൂടുതലായി കണ്ട് വരുന്നത്. പ്രമേഹരോഗ സാധ്യതയുള്ളവര്‍, പ്രമേഹരോഗികള്‍, അമിതവണ്ണമുള്ളവരില്‍...ഇവരില്‍ എല്ലാം തന്നെ എജിഇയുടെ അളവ് കൂടുതലുമായിരിക്കും അത് പോലെ പലതരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കാറുണ്ട്. ഗ്രില്‍ഡ് ഭക്ഷണങ്ങളിലൂടെയാണ് എജിഇ പ്രധാനമായും ശരീരത്തിലെത്തുന്നത്. 

അതായത്, ഭക്ഷ്യവസ്തുക്കള്‍ നേരിട്ട് തീയ്യില്‍ നിന്ന് ചുട്ടെടുക്കുന്നതിലൂടെയാണ് എജിഇ ശരീരത്തിലെത്തുന്നത്. ബേക്കറിയില്‍ നിന്നുളള ഭക്ഷണങ്ങള്‍ അതായത്, ബിസ്‌ക്കറ്റ്‌സ്, പിസ, പാസ്ട്രീ പോലുള്ളവ തീയ്യിൽ നേരിട്ട് ഉയര്‍ന്ന ചൂടില്‍ ബേക്ക് ചെയ്ത് എടുക്കുന്ന ഭക്ഷണങ്ങളാണ്. ഇവയിലെല്ലാം ഉയര്‍ന്ന അളവില്‍ എജിഇ അടങ്ങിയിട്ടുണ്ട്. 

സാധാരണഗതിയില്‍ ഭക്ഷണങ്ങളിലൂടെ ഉള്ളിലേക്കെത്തുന്ന എജിഇയുടെ അളവ് 10,000 കിലോ യൂണിറ്റിനും 15,000 കിലോ യൂണിറ്റിനും ഇടയ്ക്കാണ് എന്നുണ്ടെങ്കില്‍ വൈറ്റമിന്‍സിനും ആന്റിഓക്‌സിഡന്റസിനും എല്ലാം ഇവയെ ഒരു പരിധി വരെ കുറച്ച് നിര്‍ത്തിയിട്ട് നശിപ്പിക്കാന്‍ സാധിക്കും.100 ഗ്രാം തീയ്യില്‍ നിന്ന് നേരിട്ടുള്ള ഭക്ഷണമാണ് കഴിക്കുന്നതെങ്കില്‍ 6000 മുതല്‍ 7000 കിലോ യൂണിറ്റ് എജിഇയാണ് എത്തുന്നത്.