സൂര്യാഘാതമേൽക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. സൂര്യാഘാതത്തെ നിസാരമായി കാണേണ്ട ഒന്നല്ലെന്ന് ഡോ. സജി പറയുന്നു. ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുകയും ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്യുന്നു. ചുവന്ന പൊള്ളലേറ്റ പാടുകൾ എന്തെങ്കിലും കണ്ടാൽ ഉടൻ ആശുപത്രിയിൽ എത്തിക്കുക. 

സൂര്യാഘാതമേറ്റാൽ ശരീരത്തിന് പുറത്ത് മാത്രമല്ല മസ്‌തിഷ്‌കത്തെയും മറ്റ് അവയവങ്ങളെയും ബാധിക്കാം. ശരീര താപനില 104 F (40 C) ആയി ഉയരുന്നു. വെയിൽ കഠിനമായി കൊള്ളുന്നവർക്കാണ് സൂര്യാഘാതമേൽക്കുന്നത്. ചൂട് കനക്കുന്ന മണിക്കൂറുകളില്‍ നേരിട്ട് വെയില്‍ കൊള്ളാതിരിക്കുകയാണ് പ്രധാനമായി ചെയ്യേണ്ടത്.

രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെയുള്ള വെയിലാണ് ഏറ്റവും ശക്തിയേറിയതും സൂര്യാഘാതത്തിന് സാധ്യതയൊരുക്കുന്നതും. ഈ മണിക്കൂറുകളില്‍ പുറം ജോലികളിലേര്‍പ്പെടുകയോ, റോഡിലൂടെ നടക്കുകയോ ഒക്കെ ചെയ്യുന്നത് അല്‍പം കരുതി വേണം.

 ചൂടുള്ള സമയങ്ങളിൽ കഴിയുന്നതും യാത്രകള്‍ ഒഴിവാക്കുന്നതാകും നല്ലത്. സൂര്യാഘാതമേറ്റുവെന്ന് ഉറപ്പായാൽ ആ വ്യക്തിയെ തണുപ്പുള്ള ഏതെങ്കിലും സ്ഥലത്ത് അൽപനേരം ഇരുത്താം. സൂര്യപ്രകാശമേൽക്കാത്ത തണുപ്പുള്ള എസി മുറിയിൽ ഇരുത്തുന്നതാണ് കൂടുതൽ നല്ലത്. 

സൂര്യാഘാതമേറ്റ് കഴിഞ്ഞാൽ ചൂടുള്ള വസ്ത്രങ്ങൾ ധരിക്കാതിരിക്കുക. ഒരു കോട്ടൺ ടൗവല്ലോ അല്ലെങ്കിൽ സ്പോഞ്ചോ തണുത്ത വെള്ളത്തിൽ മുക്കി നല്ല പോലെ വെള്ളം പിഴിഞ്ഞ് മാറ്റിയ ശേഷം സൂര്യാഘാതമേറ്റ ഭാ​ഗത്ത് അൽപ നേരം വയ്ക്കുക.

 അസ്വസ്ഥതയും വേദനയും മാറാൻ ഇത് സഹായിക്കും. ഈ സമയത്ത് പനി ഉണ്ടെങ്കിൽ കുറയാനായി ഒരു കാരണവശാലും പാരസെറ്റാമോൾ കഴിക്കരുത്. സൂര്യാഘാതമേറ്റയാൾ മദ്യപിക്കുകയോ അല്ലെങ്കിൽ മ​ധുര പാനീയങ്ങളോ ഒരു കാരണവശാലും കുടിക്കരുത്.

ലക്ഷണങ്ങൾ...

പനി 
തൊലിവരണ്ട് പൊട്ടുക.
അമിതമായി വിയർക്കുക.
തലവേദന.
കോച്ചിവലിക്കല്‍.
ക്ഷീണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

ഭാരക്കുറവുള്ളതും വളരെ ലെെറ്റായ കളറുള്ള വസ്ത്രങ്ങളുമാണ് ധരിക്കേണ്ടത്. ചൂട് സമയത്ത് അയഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ ശ്രമിക്കുക. 

പുറത്ത് പോകുമ്പോൾ ( പ്രത്യേകിച്ച് വെയിലത്ത്) കുട പിടിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

വെള്ളം ധാരാളം കുടിക്കുക. കുറഞ്ഞത് എട്ട് ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. ദിവസവും ഏതെങ്കിലും ഫ്രൂട്ട് ജ്യൂസും വെജിറ്റബിൾ ജ്യൂസും കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ചൂടുള്ള സമയങ്ങളിൽ പുറത്ത് പോകാതിരുക്കുക.

എഴുതിയത്:

ഡോ. സജി എ ബി
ഡിപ്പാർമെന്റ് ഓഫ് എമർജെൻസി മെഡിസിൻ,
ട്രാവൻക്കൂർ മെഡിസിൻ,
കൊല്ലം.