കൊവിഡ് 19 ലോകമെങ്ങും വ്യാപിക്കുന്ന  സാഹചര്യത്തില്‍ കരുതല്‍ കൂടുതല്‍ ശക്തമാക്കണം എന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) വൈസ് പ്രസിഡന്‍റ് ഡോ. സുല്‍ഫി നൂഹു പറയുന്നത്. സാമൂഹിക വ്യാപനം അദൃശ്യമായി നടന്നു എന്നുതന്നെ വിശ്വസിക്കേണ്ടി വരും എന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. കേരളത്തില്‍ രോഗ ലക്ഷണമില്ലാത്ത ധാരാളം പേര്‍ സമൂഹത്തില്‍ മറ്റുള്ളവരുമായി ഇടപഴകുന്നു എന്നുവേണം കരുതുവാന്‍. അതിനാല്‍ തന്നെ സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്നുള്ള ടെസ്റ്റുകള്‍ വ്യാപകമായി നടത്തേണ്ട ഒരു സാഹചര്യമാണ് ഇപ്പോള്‍ നിലവില്‍ ഉള്ളത്. 

വ്യാപകമായി ടെസ്റ്റുകള്‍ നടത്തണം എന്ന നിര്‍ദ്ദേശം സര്‍ക്കാരിന് മുന്നില്‍ വെച്ചിട്ടുണ്ട്. ഈ പരിശോധനകളിലൂടെ സമൂഹ വ്യാപനം നടന്നിട്ടില്ല എന്ന് ഉറപ്പാക്കുകയും ആശുപത്രിയിലെ മറ്റ് സംവിധാനകള്‍ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട് എന്നും അദ്ദേഹം പറയുന്നു. ഇതുമാത്രമല്ല, നമ്മള്‍ അടിസ്ഥാനപരമായി പറയുന്ന സോഷ്യല്‍ ഡിസ്റ്റന്‍സിങ് ഒരു മീറ്റര്‍ അകലം , ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും എടുക്കേണ്ട മുന്‍കരുതല്‍ , കൈകള്‍ പൊത്തികൊണ്ട് ചുമ്മയ്ക്കുകയോ തുമ്മുകയോ ചെയ്യുക, ഓരോ തവണയും കൈകള്‍ കഴുകുക, മുഖത്തും കണ്ണിലും വായിലുമൊക്കെ തൊടാതെ ഇരിക്കുക എന്നിവ പാലിക്കുക. 

 കൂടാതെ വളരെ പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഒന്നാണ് ആശുപത്രിയില്‍ പോകുന്നത് അത്യാവിശ്യത്തിന് മാത്രം ആക്കുക. പുറത്തു പോകുന്നത് പൂര്‍ണ്ണമായും ഒഴിവാക്കുക, ഒഴിച്ചുകൂടാന്‍ പറ്റാത്തതിന് മാത്രം പോവുക, പുറത്തുപോകുമ്പോവും വരുമ്പോഴും നിരന്തരം കൈകള്‍ കഴുകുക. രോഗ ലക്ഷണം ഉള്ളവര്‍ ആശുപത്രിയില്‍ പോവുക, ലക്ഷണം ഉള്ളവര്‍ മാത്രം മാസ്ക് ധരിച്ചാല്‍ മതിയാകും. ചികിത്സാമരുന്നുമായി ബന്ധപ്പെട്ട് ഇപ്പോഴും പഠനങ്ങള്‍ നടന്നുവരുന്നതേയുള്ളൂ. വ്യാജ പ്രചരണങ്ങളെ തിരിച്ചറിയുക.  പരിപൂര്‍ണ്ണമായ ഒരു അടച്ചിടല്‍  അത് അനിവാര്യമാണ്. അത് ഏത് നിമിഷവും ചെയ്യാനുള്ള തയ്യാറെടുപ്പ് നാം തുടങ്ങണം എന്നും ഡോ. സുല്‍ഫി കൂട്ടിച്ചേര്‍ത്തു.