ഓരോരുത്തരുടെയും പ്രായം, ആരോഗ്യാവസ്ഥ, സാമൂഹികവും മാനസികവുമായ അവസ്ഥകള്‍ എന്നിവയെ എല്ലാം അടിസ്ഥാനപ്പെടുത്തി  മദ്യപാനം മൂലമുണ്ടാകുന്ന അസുഖങ്ങളും വ്യത്യാസപ്പെട്ടിരിക്കും. എന്നാല്‍ മിതമായ മദ്യപാനം വലിയ പ്രശ്‌നങ്ങളൊന്നുമുണ്ടാക്കില്ലെന്ന് വാദിക്കുന്ന നിരവധി പേരെ നമ്മള്‍ കണ്ടുകാണും. ഇത് സത്യമാണോ?

മദ്യപാനം പല തരത്തിലുള്ള അസുഖങ്ങള്‍ക്കാണ് വഴിവയ്ക്കുകയെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം, ഇത് ഓരോരുത്തരുടെയും പ്രായം, ആരോഗ്യാവസ്ഥ, സാമൂഹികവും മാനസികവുമായ അവസ്ഥകള്‍ എന്നിവയെ എല്ലാം അടിസ്ഥാനപ്പെടുത്തി വ്യത്യാസപ്പെട്ടിരിക്കും. എന്നാല്‍ മിതമായ മദ്യപാനം വലിയ പ്രശ്‌നങ്ങളൊന്നുമുണ്ടാക്കില്ലെന്ന് വാദിക്കുന്ന നിരവധി പേരെ നമ്മള്‍ കണ്ടുകാണും. ഇത് സത്യമാണോ?

അങ്ങനെ വലിയ മദ്യപാനമൊന്നുമില്ലെന്ന് പറഞ്ഞുനടക്കുന്നവരും ഒന്ന് കരുതണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. മിതമായ മദ്യപാനികളിലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടാകാന്‍ സാധ്യതകള്‍ കൂടുതലാണത്രേ. അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയില്‍ നടന്ന ആന്വല്‍ സയന്റിഫിക് സെഷനിലാണ് ഡോക്ടര്‍മാരടങ്ങുന്ന വിദഗ്ധര്‍ ഈ വിഷയത്തില്‍ പേപ്പര്‍ അവതരിപ്പിച്ചത്. 

അതായത്, ആഴ്ചയില്‍ ഏഴ് മുതല്‍ 13 ഡ്രിംഗ്‌സ് വരെ കഴിക്കുന്ന ഒരാളെ സംബന്ധിച്ച് അയാള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടാകാന്‍ സാധ്യതകളേറെയാണെന്നാണ് ഇവര്‍ പറയുന്നത്. ഇതില്‍ പ്രായവും, ആരോഗ്യാവസ്ഥകളും മാറുന്നതിന് അനുസരിച്ച് ഏറ്റക്കുറച്ചിലുകളും ഉണ്ടാകാമത്രേ. 

ഹൃദയസ്തംഭനം, പക്ഷാഘാതം തുടങ്ങിയ മാരകമായ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുന്നതാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. അതിനാല്‍ത്തന്നെ തങ്ങളുടെ കണ്ടെത്തലിനെ നിസ്സാരമായി കാണരുതെന്നും, മദ്യപാനികളായ ആളുകള്‍ കൃത്യമായ ഇടവേളകളില്‍ ബി.പി പരിശോധിക്കണമെന്നും ഇവര്‍ വ്യക്തമാക്കി. സ്ഥിരമായി ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ് രേഖപ്പെടുത്തുന്നതെങ്കില്‍, കുടി നിര്‍ത്താന്‍ സമയമായിരിക്കുന്നുവെന്ന് വേണം മനസ്സിലാക്കാനെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.