ചെമ്പരത്തി അത്ര നിസാരമായി കാണേണ്ട ചെടിയല്ല. ചെമ്പരത്തിയുടെ പൂവിനും ഇലകൾക്കും ധാരാളം പോഷക​ഗുണങ്ങളുള്ളതായി ​പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ആയുർവേദ മരുന്നുകളിലും ഷാംപൂ, സോപ്പ് എന്നിവയിലും ചെമ്പരത്തി ഉപയോഗിക്കുന്നുണ്ട്. ചെമ്പരത്തി പൂവിൽ ബീറ്റ കരോട്ടിൻ, കാത്സ്യം, ഫോസ്‌‌ഫറസ്, ഇരുമ്പ്, തയാമിൻ, വിറ്റാമിൻ സി തുടങ്ങിയവ അടങ്ങിയിരിക്കുന്നു.

ചെമ്പരത്തിപ്പൂവ് ഉണക്കിപ്പൊടിച്ച് കഴിക്കുക വഴി രക്തധമനികളിലെ കൊഴുപ്പ് അകറ്റാനും കൊളസ്‌ട്രോൾ കുറയ്ക്കാനും കഴിയും.  രക്തസമ്മർദം കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കുന്നൊരു പാനിയമാണ് 'ചെമ്പരത്തി ചായ'(hibiscus tea). ആന്റി ഓക്സിഡന്റ്സിനാൽ സമ്പുഷ്ടമാണ് ഈ ചായ ചർമ്മത്തിനും ഗുണം ചെയ്യും. ദിവസവും ഒരു ​ഗ്ലാസ് ചെമ്പരത്തി ചായ കുടിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ഒന്ന്...

ദിവസവും രാവിലെ വ്യായാമം കഴിഞ്ഞ ശേഷം ഒരു ​ഗ്ലാസ് ചെമ്പരത്തി ചായ കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് 'PubMed Central' പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

രണ്ട്...

ബാക്ടീരിയ അണുബാധയെ അകറ്റാൻ  ചെമ്പരത്തിയ്ക്ക് കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. ചെമ്പരത്തി ചായ കുടിക്കുന്നത് ഇടവിട്ടുള്ള ചുമ, ജലദോഷം എന്നിവ ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കും.

മൂന്ന്...

ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഗുണങ്ങൾ ചെമ്പരത്തിയിൽ അടങ്ങിയിട്ടുണ്ടെന്ന് ' ജേണൽ ഓഫ് ന്യൂട്രീഷ്യ ' നിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

എങ്ങനെയാണ് ചെമ്പരത്തി ചായ തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

ചെമ്പരുത്തി പൂവ്        6 എണ്ണം
ഇഞ്ചി                          1 കഷ്ണം
പട്ട                          ഒരു ചെറിയ കഷ്ണം 
വെള്ളം                      3 ഗ്ലാസ്‌ 
തേൻ                      ആവശ്യത്തിന് 
നാരങ്ങാനീര്  1/2 നാരങ്ങയുടെ നീര് 

തയ്യാറാക്കുന്ന വിധം...

ചെമ്പരുത്തി പൂവിന്റെ ഇതളുകൾ മാത്രം എടുക്കുക, വെള്ളത്തിലിട്ട് നന്നായി കഴുകി എടുക്കുക.  പാത്രത്തിൽ 3 ഗ്ലാസ്‌ വെള്ളം തിളപ്പിക്കുക. അതിലേക്ക് ഇഞ്ചിയും പട്ടയും ചേർക്കുക. നന്നായി തിളച്ച ശേഷം, വെള്ളം ചെമ്പരുത്തി പൂവിലേക്കു ഒഴിക്കുക. 2 മിനിറ്റോളം അടച്ച് വയ്ക്കുക. ഇളക്കരുത്. പൂവിന്റെ ചുവന്ന നിറം വെള്ളത്തിലേക്ക് കലർന്ന് കടും ചുവപ്പ് നിറം ആവും. നന്നായി അരിച്ചെടുക്കുക. ശേഷം തേനും നാരങ്ങ നീരും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം കുടിക്കുക...

മല്ലി വെള്ളം കുടിക്കുന്നത് ശീലമാക്കൂ, ​​ഗുണങ്ങൾ ചെറുതൊന്നുമല്ല ...