ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുന്നത്, നന്നല്ലെന്ന് പലരും പറയുന്നത് നിങ്ങള്‍ കേട്ടിരിക്കാം. ഭക്ഷണത്തിനൊപ്പം തന്നെ വെള്ളം കുടിക്കുന്നത് വണ്ണം കൂടാന്‍ കാരണമാകുമെന്നും ദഹനപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നുമെല്ലാമാണ് പൊതുവില്‍ കേള്‍ക്കാറുള്ള വാദങ്ങള്‍. എന്നാല്‍ ഇതിലെല്ലാം എത്രമാത്രം യാഥാര്‍ത്ഥ്യമുണ്ട്?

ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകയും പ്രമുഖ ന്യൂട്രീഷ്യനിസ്റ്റുമായ മുഗ്ധ പ്രദാന്‍ പറയുന്നത്. എന്നാല്‍ വെള്ളത്തിന് പകരം 'സോഫ്റ്റ് ഡ്രിംഗ്‌സ്' പോലുള്ള പാനീയങ്ങള്‍ അത്ര ആരോഗ്യകരമല്ലെന്നും മുഗ്ധ പറയുന്നു. ഭക്ഷണത്തിനിടയില്‍ വെള്ളം കുടിക്കുന്നത് വണ്ണം കൂട്ടുമെന്ന് പറയുന്ന വാദത്തോടും മുഗ്ധ പ്രതികരിച്ചു. 

'സാധാരണ വെള്ളമോ അല്ലെങ്കില്‍ നാരങ്ങാവെള്ളമോ ഇഞ്ചിയോ മിന്റോ ചേര്‍ത്ത വെള്ളമോ ഒക്കെ ഭക്ഷണത്തോടൊപ്പം തന്നെ കുടിക്കാവുന്നതാണ്. ഇതില്‍ ഒരു ആരോഗ്യപ്രശ്‌നവും വരാനില്ല. മാത്രമല്ല, ഇവയെല്ലാം ദഹനപ്രവര്‍ത്തനങ്ങളെ സുഗമമാക്കുകയേ ചെയ്യൂ. വണ്ണം വര്‍ധിക്കുന്നതിന് അതിന്റേതായ കാരണങ്ങള്‍ കാണും. അത് കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്. ഭക്ഷണത്തിന് മുമ്പോ ശേഷമോ വെള്ളം കുടിക്കുന്നതും വണ്ണവും തമ്മില്‍ കാര്യമായ ബന്ധങ്ങളൊന്നുമില്ല...'- മുഗ്ധ പറയുന്നു. 

ഭക്ഷണം കഴിക്കുന്നതിന് മുമ്പായി ചിലര്‍ക്ക് രണ്ട് ഗ്ലാസ് വെള്ളം കുടിക്കുന്ന പതിവുണ്ട്. അധികം ഭക്ഷണം കഴിക്കാതിരിക്കാനാണ് ഇത് ചെയ്യുന്നതെന്നാണ് വയ്പ്. എന്നാല്‍ അതത്ര ആരോഗ്യകരമായ ശീലമല്ലെന്നാണ് മുഗ്ധ പറയുന്നത്. ഭക്ഷണത്തില്‍ നിന്ന് ശരീരം എടുക്കുന്ന പ്രധാനപ്പെട്ട പല ഘടകങ്ങളുമുണ്ട്. അത് ഭക്ഷണത്തിലൂടെ തന്നെയാണ് ലഭിക്കേണ്ടത്. അത് കുറച്ചുകൊണ്ടല്ല വണ്ണം കുറയ്ക്കാന്‍ ശ്രമിക്കേണ്ടതെന്നും ഇവര്‍ പറയുന്നു.