ലോകത്തേറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന രോഗങ്ങളിലൊന്നാണ് ശ്വാസകോശ ക്യാൻസർ. അടുത്തകാലം വരെ തീരെ ചികിത്സയില്ലാത്ത ഒന്നായാണിത് കണക്കാക്കപ്പെട്ടിരുന്നത്. തുടക്കത്തില്‍ തന്നെ കണ്ടുപിടിക്കാനായാല്‍ ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗങ്ങളുടെ പട്ടികയില്‍ ശ്വാസകോശ ക്യാന്‍സറും ഇടംപിടിച്ചു. 

സ്‌പോഞ്ച്‌ പോലുള്ള രണ്ട് അറകള്‍ ചേര്‍ന്നതാണ് നമ്മുടെ ശ്വാസകോശം. ഇതില്‍ വലത് അറയെ മൂന്നും ഇടത് അറയെ രണ്ടും ലോബുകളായി തിരിച്ചിട്ടുണ്ട്. ഈ ലോബുകളിലെയോ ശ്വാസനാളത്തിലെയോ അല്ലെങ്കില്‍ ശ്വാസനാളീശാഖകളിലെയോ കോശങ്ങള്‍ നിയന്ത്രണാതീതമായി വളരുന്ന അവസ്ഥയാണ് ശ്വാസകോശ ക്യാന്‍സര്‍. സ്ത്രീകളിലും കുട്ടികളിലും വരെ ശ്വാസകോശാര്‍ബുദം വര്‍ധിച്ചു വരികയാണ്.

രോഗകാരണങ്ങള്‍...

അനിയന്ത്രിതമായ കോശവളര്‍ച്ചയാണ് ക്യാന്‍സറുകളില്‍ ഉണ്ടാകുന്നത്. ഇതിനു പിന്നില്‍ പല ഘടകങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. പുകവലിയാണ് ശ്വാസകോശ കാന്‍സറുണ്ടാക്കുന്നതില്‍ ഏറ്റവും പ്രധാന പങ്കു വഹിക്കുന്നത്. സിഗരറ്റ്, ബീഡി പുകയില്‍ ക്യാന്‍സറിനു കാരണമാകുന്ന നിരവധി കാര്‍സിനോജനുകള്‍ ഉണ്ട്. 

ഇതിനുപുറമെ അര്‍ധ കാര്‍സിനോജനുകള്‍, ന്യൂക്ലിയിക് അമ്ലങ്ങള്‍ക്കു തകരാറുണ്ടാക്കുന്ന ഘടകങ്ങള്‍ എന്നിവയും പുകയിലടങ്ങിയിരിക്കുന്നു. ബെന്‍സീന്‍, നൈട്രോസമിനുകള്‍, പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോ കാര്‍ബണുകള്‍ , ടാര്‍ തുടങ്ങിയവ ക്യാന്‍സറിനു കാരണമാകാം. 

 ശ്വാസകോശ കാന്‍സറുണ്ടാക്കുന്നതില്‍ വായു മലിനീകരണത്തിനും വലിയ പങ്കുണ്ട്. ഖനി തൊഴിലാളികള്‍, ക്വാറികളില്‍ ജോലി ചെയ്യുന്നവര്‍, ആസ്ബസ്‌റ്റോസ്, നിക്കല്‍, ത്രോമിയം, ആര്‍സെനിക് തുടങ്ങിയവ കൈകാര്യം ചെയ്യുന്നവര്‍ തുടങ്ങിയവരിലും ഈ അര്‍ബുദം കൂടുതലായി കണ്ടുവരുന്നു.

ശ്വാസകോശ ക്യാന്‍സറിന് മാത്രമായൊരു ലക്ഷണം ഇല്ലെന്നു പറയുന്നതാണ് ശരി. ചുമയും ശ്വാസംമുട്ടലുമൊക്കെ പരിഗണിക്കാമെങ്കിലും ഇവയൊന്നുമില്ലാത്തവര്‍ ചുരുക്കമാണെന്ന മറുവശംകൂടി ഇതിനുണ്ട്. എന്നാല്‍, ഈ ലക്ഷണങ്ങള്‍ ഒരു നിര്‍ദിഷ്ട കാലയളവിനുള്ളില്‍ മാറിയില്ലെങ്കില്‍ ക്യാന്‍സര്‍ പരിശോധന നടത്തണം. ചുമ തന്നെ ഉദാഹരണം. സാധാരണഗതിയിലുള്ള ചുമ മൂന്നാഴ്ച മാത്രമേ നീണ്ടുനില്‍ക്കൂ. ഇതില്‍ കൂടുതല്‍കാലം നീണ്ടു നിന്നാൽ ക്യാൻസർ പരിശോധന നടത്തേണ്ടത് വളരെ അത്യാവശ്യമാണ്. 

മുൻകരുതലുകളാണ് പ്രധാനം...

മുന്‍കരുതലുകളാണ് ക്യാൻസർ തടയാനുള്ള  പ്രധാന മാര്‍ഗങ്ങളിലൊന്ന്. പുകവലിയോട് പൂര്‍ണമായും 'ഗുഡ് ബൈ' പറയാന്‍ സാധിക്കണം. നാളത്തേക്കു മാറ്റിവയ്ക്കാതെ ഇന്നുതന്നെ അത് ഉപേക്ഷിക്കാനുള്ള  ആര്‍ജവം ഉണ്ടാകണം. 
ചിട്ടയായവ്യായാമവും ശുദ്ധവായു ശ്വസിച്ചുകൊണ്ടുള്ള പ്രഭാതനടത്തവും യോഗയുമെല്ലാം രോഗത്തെ അകറ്റിനിര്‍ത്തും. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം രോഗികള്‍ക്കും വ്യായാമങ്ങള്‍ പരിശീലിക്കാം.