മാനസിക സമ്മര്‍ദ്ദങ്ങള്‍ സമയബന്ധിതമായി കൈകാര്യം ചെയ്തില്ലെങ്കില്‍ അവ ക്രമേണ ശരീരത്തെ പല രീതിയിലും ബാധിച്ചുതുടങ്ങും. ദഹനപ്രശ്‌നങ്ങള്‍, വിഷാദം, ഉത്കണ്ഠ എന്നിവ തൊട്ട് ഹൃദ്രോഗം വരെയുള്ള പ്രശ്‌നങ്ങളിലേക്ക് സമ്മര്‍ദ്ദങ്ങളെ നമ്മെ എത്തിച്ചേക്കാം

മാനസിക സമ്മര്‍ദ്ദങ്ങളേറി വരുന്നൊരു സാഹചര്യത്തിലൂടെയാണ് നാമിപ്പോള്‍ കടന്നുപോകുന്നത്. നേരത്തേ ജോലിസംബന്ധമായതോ, കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതോ ആയ സമ്മര്‍ദ്ദങ്ങളായിരുന്നു നമ്മെ അലട്ടിയിരുന്നതെങ്കില്‍ ഇപ്പോഴത് കൊവിഡ് 19 എന്ന മഹാമാരിയെ ചുറ്റിപ്പറ്റിയാണ് ഏറെയും വരുന്നത്. 

മാനസിക സമ്മര്‍ദ്ദങ്ങള്‍ സമയബന്ധിതമായി കൈകാര്യം ചെയ്തില്ലെങ്കില്‍ അവ ക്രമേണ ശരീരത്തെ പല രീതിയിലും ബാധിച്ചുതുടങ്ങും. ദഹനപ്രശ്‌നങ്ങള്‍, വിഷാദം, ഉത്കണ്ഠ എന്നിവ തൊട്ട് ഹൃദ്രോഗം വരെയുള്ള പ്രശ്‌നങ്ങളിലേക്ക് സമ്മര്‍ദ്ദങ്ങളെ നമ്മെ എത്തിച്ചേക്കാം. 

അതിനാല്‍ തന്നെ നിത്യജീവിതത്തില്‍ സമ്മര്‍ദ്ദങ്ങള്‍ നിയന്ത്രിച്ചുനിര്‍ത്തേണ്ടത് അനിവാര്യമാണ്. ഡയറ്റ് തന്നെയാണ് ഇതിന് ഏറെ സഹായകമായിട്ടുള്ളത്. ആരോഗ്യകരമായ ഡയറ്റ് എപ്പോഴും നല്ല മാനസികാവസ്ഥയെ സമ്മാനിക്കുമെന്ന് നേരത്തേ നിരവധി പഠനങ്ങളും അവകാശപ്പെട്ടിട്ടുണ്ട്. 

ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു പഠനറിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ 'ബേക്കര്‍ ഹാര്‍ട്ട് ആന്റ് ഡയബെറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട്'ല്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. പതിവായി പച്ചക്കറികളും പഴങ്ങളും കഴിക്കുന്നവരില്‍ മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറവായിരിക്കുമെന്നാണ് ഇവരുടെ കണ്ടെത്തല്‍. 

ദിവസവും 470 ഗ്രാം പഴങ്ങളോ പച്ചക്കറിയോ കഴിക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് 10 ശതമാനം കുറവ് സമ്മര്‍ദ്ദം മാത്രമേ കാണൂ എന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. മുമ്പ് ലോകാരോഗ്യ സംഘടനയും സമാനമായൊരു നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. ദിവസവും 400 ഗ്രാം പഴങ്ങളോ പച്ചക്കറികളോ എങ്കിലും കഴിക്കണമെന്നായിരുന്നു ആ നിര്‍ദേശം. 

'മാനസിക സമ്മര്‍ദ്ദവും, പഴം-പച്ചക്കറി ഡയറ്റും തമ്മിലുള്ള ബന്ധം എന്താണെന്ന് കൃത്യമായി കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. എന്നാല്‍ പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ തന്നെയാണ് ഇതിന് സഹായകമാകുന്നതെന്നാണ് ഞങ്ങളുടെ നിഗമനം. അത് ഏത് പ്രായക്കാരിലും ഒരുപോലെയാണ് പ്രവര്‍ത്തിക്കുന്നത്. മാനസികാരോഗ്യ ചികിത്സാരംഗത്തിന് വളരെയധികം ഗുണപ്രദമാകുന്ന നിഗമനങ്ങളാണ് ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്...'- പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകന്‍ സൈമണ്‍ റാഡ്വെല്ലി പറയുന്നു. 

Also Read:- കൊവിഡിന് ശേഷം രോഗികളില്‍ കാണുന്ന രൂക്ഷമായ ആരോഗ്യപ്രശ്‌നങ്ങള്‍...

പഴങ്ങളിലും പച്ചക്കറികളിലും കാണുന്ന വൈറ്റമിനുകള്‍, ധാതുക്കള്‍, ഫ്‌ളേവനോയിഡുകള്‍, കരോറ്റിനോയിഡുകള്‍ എന്നിവയെല്ലാം സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായകമാണെന്നാണ് തങ്ങളുടെ അനുമാനമെന്നും സൈമണ്‍ റാഡ്വെല്ലി പറയുന്നു. ഡയറ്റ് തന്നെയാണ് വലിയൊരു പരിധി വരെ ശരീരത്തിന്റെയും മനസിന്റെയും നിലനില്‍പ് നിര്‍ണയിക്കുന്നതെന്ന ആരോഗ്യവിദഗ്ധരുടെ പതിവ് നിര്‍ദേശത്തെ പൂര്‍ണമായി ശരിവയ്ക്കുന്നതാണ് ഏറ്റവും പുതിയ ഈ പഠനവും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona