മുടിയുടെ സംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് അറിയാമല്ലോ. എങ്ങനെയൊക്കെ ശ്രദ്ധിച്ചിട്ടും മുടികൊഴിച്ചിൽ കൂടുന്നതല്ലാതെ കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. മുടികൊഴിയുന്നതിന് ഏറ്റവും വലിയ വില്ലൻ താരനാണെന്ന് പറയാം. മുടികൊഴിച്ചിൽ അകറ്റാൻ ബ്യൂട്ടി പാർലറുകളിൽ പോയി സ്ഥിരമായി ഹെയർ പാക്കുകൾ ഉപയോ​ഗിക്കുന്നവരുണ്ട്. കെമിക്കൽ അടങ്ങിയ അത്തരം ഹെയർ പാക്കുകൾ പലതരത്തിലുള്ള ദോഷങ്ങളുണ്ടാക്കുമെന്ന് പലരും ചിന്തിക്കാറില്ല. മുടികൊഴിച്ചിൽ അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില മാർ​ഗങ്ങൾ അറിയാം...

ഒന്ന്...
 
കയ്യൂന്നിയുടെ ഇല വെള്ളം ചാലിച്ച് നല്ല വെണ്ണ പോലെ അരച്ചെടുക്കുക. ഈ മിശ്രിതം തലയില്‍‌ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനുശേഷം കഴുകിക്കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുന്നത് മുടി കൊഴിച്ചിലിനും അകാലനരയ്ക്കും നല്ലതാണ്. 

രണ്ട്...

പച്ച നെല്ലിക്കയോ ഉണക്ക നെല്ലിക്കയോ കുഴമ്പ് രൂപത്തിലാക്കി, നാരില്ലാതെ അരച്ചെടുത്ത് അരമണിക്കൂര്‍ തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. (നീരിറക്കം ഉള്ളവര്‍ ഇത് ചെയ്യരുത്.)

മൂന്ന്...

കറ്റാര്‍വാഴയുടെ പള്‍പ്പ് വെളിച്ചെണ്ണയില്‍ ചേര്‍ത്ത് മിശ്രിതമാക്കി തലയില്‍ തേച്ച് അരമണിക്കൂറിന് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിനും മുടിക്ക് നല്ല നിറം ലഭിക്കാനും ഉത്തമമാണ്.

നാല്...

മുടികൊഴിച്ചിൽ അകറ്റാൻ ഏറ്റവും മികച്ചതാണ് ഒലീവ് ഓയിൽ. ഒലീവ് ഓയിലും നാരങ്ങാനീരും ചേർത്ത് തലയിൽ പുരട്ടുന്നത് താരൻ അകറ്റാനും മുടി ബലമുള്ളതാക്കാനും സഹായിക്കുന്നു. ഇരുപതു മിനിറ്റിനു ശേഷം കഴുകിക്കളയാം. ആഴ്ച്ചയിൽ രണ്ടോ മൂന്നോ തവണ ഇത് പുരട്ടാം. 

അഞ്ച്...

മുടി ആരോ​ഗ്യമുള്ളതാക്കാൻ ഏറ്റവും മികച്ചതാണ് മുട്ടയുടെ വെള്ള. പ്രോട്ടീൻ ധാരാളം അടങ്ങിയ മുട്ട മുടിയ്ക്ക് നല്ലൊരു ഹെയർ പാക്കാണെന്ന് പറയാം. ആഴ്ച്ചയിൽ രണ്ട് തവണ മുട്ടയുടെ വെള്ള, വെളിച്ചെണ്ണ എന്നിവ ചേർത്ത് തലയിൽ പുരട്ടുന്നത് മുടി തഴച്ച് വളരാൻ സഹായിക്കും.