ഇന്ന് ലോക അല്‍ഷിമേഴ്‌സ് ദിനമാണ്. മറവിയുടെ മഞ്ഞില്‍ തനിച്ചായിപ്പോയവരേയും, അവരില്‍ നിന്ന് അറിഞ്ഞുകൊണ്ടല്ലാതെ അകന്നുപോകേണ്ടി വന്ന പ്രിയപ്പെട്ടവരേയുമെല്ലാം സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്താനും ഓര്‍മ്മിക്കാനുമെല്ലാം നാം മാറ്റിവച്ചിരിക്കുന്ന ദിവസം. 

മലയാളികളെ സംബന്ധിച്ച് അല്‍ഷിമേഴ്‌സ് അവരുടെ പരിചിതമണ്ഡലത്തിലേക്ക് അത്രയും കൃത്യമായും വന്നിറങ്ങിയത് 2005ല്‍ പുറത്തിറങ്ങിയ ബ്ലസി ചിത്രം 'തന്മാത്ര'യിലൂടെയായിരുന്നു. ഓര്‍മ്മകള്‍ പതിയെ ഇല്ലാതായിപ്പോയി, പഴയ ഏതോ കാലത്തില്‍ കറങ്ങിത്തിരിഞ്ഞെത്തി, ഒടുവില്‍ മരണത്തിലേക്ക് ഏകാന്തമായി നടന്നുപോകുന്നവരുടെ വേദനയെ മലയാളി തിരിച്ചറിഞ്ഞത് 'തന്മാത്ര'യിലെ രമേശന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിലൂടെയാണെന്ന് പറയാം.

പുസ്തകങ്ങള്‍ വായിക്കുന്ന, മനോഹരമായി കവിത ചൊല്ലുന്ന, ഭൂമിയിലെ ഏത് വിഷയത്തെ കുറിച്ച് ചോദിച്ചാലും അതുമായി ബന്ധപ്പെട്ട് എന്തെങ്കിലുമൊക്കെ പറയാന്‍ കഴിയുന്ന, നന്നായി പ്രസംഗിക്കുന്ന, ഭംഗിയായി മറ്റുള്ളവരോട് ഇടപെടുന്ന രമേശന്‍ ഓര്‍മ്മകളുടെ പടികള്‍ ഓരോന്നായി ഇറങ്ങിപ്പോകുമ്പോള്‍ 'അല്‍ഷിമേഴ്‌സ്' എന്ന രോഗത്തിന്റെ അതുവരെ തിരിച്ചറിയാത്തൊരു തീവ്രതയെ മലയാളി തിരിച്ചറിഞ്ഞു എന്നതാണ് സത്യം. അതുകൊണ്ട് തന്നെയാണ് വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ രോഗത്തെ കുറിച്ച് പരസ്പരം ഓര്‍മ്മിപ്പിക്കാന്‍ പലരും രമേശന്റെ ഫോട്ടോകളും ക്ലിപ്പുകളും തന്നെ ഉപയോഗിക്കുന്നത്. 

 

 

പ്രായാധിക്യം മൂലമുണ്ടാകുന്ന ഒരു സാധാരണ അസുഖമെന്ന നിലയ്ക്കാണ് അതുവരേയും മിക്ക മലയാളികളും 'അല്‍ഷിമേഴ്‌സി'നെ കണ്ടിരുന്നത്. ചെറുപ്രായത്തിലും ഒരാളില്‍ ഈ രോഗം വരാമെന്നത് സ്‌ക്രീനിലൂടെ മനസിലാക്കുമ്പോള്‍ ആ സത്യം നമ്മെ അത്രമാത്രം അസ്വസ്ഥതപ്പെടുത്തി. 

എന്നാല്‍ ഇതേ രോഗം തന്നെ പ്രായമായവരില്‍ വരുമ്പോള്‍ എന്തുകൊണ്ടാണ് നമ്മളതിനെ സാധാരണമായിക്കാണുന്നത്! വൃദ്ധരില്‍ അല്‍ഷിമേഴ്‌സ് രോഗം പിടിപെടുമ്പോള്‍ പലപ്പോഴും അതിനെ ഒരു ബാധ്യത എന്ന നിലയ്ക്കാണ് മക്കളും വീട്ടുകാരും മറ്റുള്ളവരും കണക്കാക്കുന്നത്. 

'കേരള കഫേ' സിനിമാസീരീസില്‍ ഉള്‍പ്പെടുന്ന 'ബ്രിഡ്ജ്' എന്ന സിനിമ കണ്ടവര്‍ തീര്‍ച്ചയായും മറന്നുപോകാത്ത ഒരമ്മ മുഖമുണ്ട്. കോഴിക്കോട് ശാന്താദേവി അവതരിപ്പിച്ച ഏറ്റവും ഹൃദ്യമായൊരു കഥാപാത്രമായിരുന്നു 'ബ്രിഡ്ജി'ലെ മറവിരോഗം ബാധിച്ച അമ്മ. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന് അമ്മയുടെ അസുഖത്തെ കൂടി ഉള്‍ക്കൊള്ളാന്‍ കഴിയാതാകുന്നതോടെ അവരെ, മകന്‍ പട്ടണത്തില്‍ കൊണ്ടുപോയി ഉപേക്ഷിക്കുന്നതാണ് കഥ. 

 

 

ഇങ്ങനെ വീടുകളില്‍ നിന്ന് പുറത്താക്കപ്പെട്ട് തെരുവില്‍ ഒറ്റയാക്കപ്പെടുന്ന വൃദ്ധരില്‍ മിക്കവാറും കാണുന്ന അസുഖമാണ് മറവിരോഗം. ഈ രോഗാവസ്ഥയിലുള്ളവരെ കൈകാര്യം ചെയ്യുന്നത് അത്ര എളുപ്പമല്ല. അതിന് പ്രത്യേകം പരിശീലനം നേടാനുള്ള സൗകര്യമെല്ലാം ഇന്ന് ഉണ്ട്. എന്നാല്‍ ഇത്തരത്തില്‍ ആരോഗ്യകരമായി മറവിരോഗത്തെ കൈകാര്യം ചെയ്യുന്ന അവസ്ഥയിലേക്ക് ഇപ്പോഴും നമ്മള്‍ എത്തിയിട്ടില്ല എന്നതാണ് സത്യം. 

മറവി ബാധിച്ചയാള്‍ക്ക് കടുത്ത മാനസിക സമ്മര്‍ദ്ദം നല്‍കുന്ന അന്തരീക്ഷമാണ് പല കുടുംബങ്ങളിലുമുള്ളത്. അത് അവരുടെ രോഗത്തിന്റെ തീക്ഷണതയെ വര്‍ധിപ്പിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. യുകെയില്‍ അല്‍ഷിമേഴ്‌സ് രോഗികള്‍ ആശുപത്രികളില്‍ ഉപേക്ഷിക്കപ്പെടുന്നത് വ്യാപകമാകുന്നു എന്നൊരു റിപ്പോര്‍ട്ട് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു. 

സമാനമായ അന്വേഷണങ്ങള്‍ നമ്മുടെ നാട്ടിലും നടത്തേണ്ടതുണ്ട്. പ്രത്യേകിച്ച് കേരളത്തില്‍ മറവിരോഗം ബാധിക്കുന്നവരുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തില്‍. നിലവില്‍ സംസ്ഥാനത്ത് രണ്ട് ലക്ഷം അല്‍ഷിമേഴ്‌സ് രോഗികളുണ്ട്. അടുത്ത വര്‍ഷമാകുമ്പോഴേക്ക് ഇത് 2.13 ലക്ഷമായി വര്‍ധിക്കുമെന്നാണ് 'അല്‍ഷിമേഴ്‌സ് ആന്റ് റിലേറ്റഡ് ഡീസോര്‍ഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യ'യുടെ കണക്ക്. 

 

 

മറവിരോഗത്തെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെടുന്നവര്‍ക്ക് മാത്രമല്ല, മോശമായ കുടുംബസാഹചര്യത്തില്‍ കഴിയുന്നവര്‍ക്കും, പ്രത്യേകിച്ച് വൃദ്ധര്‍ക്കും തീര്‍ച്ചയായും പരിഗണനയും കരുതലും എത്തേണ്ടതുണ്ട്. ഓരോരുത്തരിലേക്കും ഇതെക്കുറിച്ചുള്ള അവബോധമെത്തിക്കാനും, രോഗബാധിതരെ കയ്യൊഴിയാതെ അവരെ കൂടെ നിര്‍ത്താനുമെല്ലാം ഈ ദിനം നമുക്ക് സഹായകമാകട്ടെ.

Also Read:- അൽഷിമേഴ്സ് തടയാനാകുമോ; ഈ രോഗത്തെക്കുറിച്ച് നിങ്ങൾ അറിയേണ്ടത്...