കൊവിഡ് 19 എന്ന മഹാമാരിയുമായുള്ള പോരാട്ടത്തിലാണ് നാമേവരും. ഏതാണ്ട് ഒരു വര്‍ഷത്തോളമായി നമ്മുടെയെല്ലാം ജീവിതം കൊവിഡുമായി ചുറ്റിപ്പറ്റിത്തന്നെയാണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ അടിസ്ഥാനപരമായി ഇതെക്കുറിച്ച് അറിയേണ്ട പലതും നമുക്കെല്ലാം അറിയാം. എങ്കിലും ഇനിയും സംശയങ്ങളും ആശങ്കകളും ചോദ്യങ്ങളുമെല്ലാം ബാക്കി കിടപ്പുണ്ട്. 

അത്തരത്തില്‍ എപ്പോഴും ഉയര്‍ന്നുകേള്‍ക്കുന്നൊരു പ്രശ്‌നമാണ്, കൊവിഡ് നെഗറ്റീവായ ശേഷവും കാണപ്പെടുന്ന രോഗലക്ഷണങ്ങളെ കുറിച്ച്. ഈ വിഷയത്തില്‍ വ്യക്തത വരുത്തുകയാണ് ലോകാരോഗ്യ സംഘടന, ക്ലിനിക്കല്‍ കെയര്‍ മേധാവിയായ ഡോ. ജാനെറ്റ് ഡയസ്. 

അധികവും ലക്ഷണങ്ങളോട് കൂടിയും ഗുരുതരമായും കൊവിഡ് ബാധിക്കപ്പെട്ടവരിലാണ് പിന്നീട് നെഗറ്റീവായ ശേഷവും ലക്ഷണങ്ങള്‍ കാണുകയെന്ന് ഡോ. ജാനെറ്റ് ചൂണ്ടിക്കാട്ടുന്നു. അതേസമയം ലക്ഷണങ്ങളില്ലാതെ കൊവിഡ് വന്നവരില്‍ ചെറിയൊരു വിഭാഗത്തിലും ഈ പ്രശ്‌നമുണ്ട്. എന്തുകൊണ്ടാണ് രോഗം ഭേദമായ ശേഷവും ലക്ഷണങ്ങള്‍ കണ്ടുവരുന്നത് എന്ന ചോദ്യത്തിന് ഇനിയും കൃത്യമായ ഉത്തരം നല്‍കാന്‍ ഗവേഷക വിദഗ്ധര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ഇവര്‍ വിശദീകരിക്കുന്നത്. 

'തുടര്‍ച്ചയായ ചുമ, ശ്വാസതടസം തുടങ്ങി ശാരീരികമായ പല അസ്വസ്ഥതകളും കൊവിഡിനാല്‍ നേരിട്ടവരുണ്ട്. അത്തരക്കാരിലാണ് തുടര്‍ന്നും ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാന്‍ സാധ്യത. പ്രധാനമായും തളര്‍ച്ചയും ക്ഷീണവുമായിരിക്കും രോഗം നെഗറ്റീവായ ശേഷം കണ്ടുവരുന്ന പ്രശ്‌നം. ഇത് ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയെല്ലാം നീണ്ടുനിന്നേക്കാം...'- ഡോ. ജാനെറ്റ് പറയുന്നു. 

ലക്ഷണങ്ങളില്ലാതെ രോഗം പിടിപെട്ടവരില്‍ പിന്നീട് ലക്ഷണങ്ങള്‍ കടന്നുവരുന്നത് എന്തുകൊണ്ടായിരിക്കുമെന്ന വിഷയവും പ്രത്യേകം പഠനത്തിന് വിധേയമാക്കണമെന്നാണ് ഇവര്‍ പറയുന്നത്. ഇത്തരത്തില്‍ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കുന്നത് കൊണ്ട് ആശങ്കപ്പെടേണ്ടതില്ലെന്നും അതേസമയം മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ളവരാണെങ്കില്‍, കൊവിഡ് ലക്ഷണങ്ങള്‍ സാരമായി ബാധിക്കുന്നുവെന്ന് വന്നാല്‍ തീര്‍ച്ചയായും ഡോക്ടര്‍മാരുടെ സഹായം തേടേണ്ടതുണ്ടെന്നും ഡോ. ജാനെറ്റ് വ്യക്തമാക്കുന്നു.

Also Read:- ഇവർ 'വാക്സിൻ ദമ്പതികൾ' : കൊവിഡിന് വാക്സിൻ കണ്ടെത്തിയ ബയോഇൻടെക്കിന്റെ മേധാവികളുമായി ഒരു അഭിമുഖം...