ആരോഗ്യകരമായ ജീവിതത്തിന് ഉറക്കം അടിസ്ഥാനമാണെന്ന വസ്തുത, എത്രയോ കാലങ്ങളായി നമ്മള്‍ കേള്‍ക്കുന്നു. ഉറക്കമില്ലാതാകുന്നത്, അത്രമാത്രം അപകടമാണെന്ന തിരിച്ചറിവിലാണ് ആരോഗ്യമേഖലയൊന്നടങ്കം ഉറക്കത്തിന്റെ പ്രാധാന്യത്തെ പറ്റി വാതോരാതെ പറഞ്ഞുകൊണ്ടിരിക്കുന്നത്. 

ഒരുപക്ഷേ, ഒന്നോ രണ്ടോ ദിവസം ഭക്ഷണമില്ലാതെയായാല്‍ പോലും മനുഷ്യര്‍ അതിജീവിക്കുമെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഉറക്കത്തിന്റെ കാര്യമങ്ങനെയല്ല. രണ്ട് ദിവസം ഉറക്കം നഷ്ടപ്പെടുന്നതോടെ ഒരാളുടെ മാനസികനില തന്നെയാണ് ആകെയും മാറിമറിയുന്നത്. 

ഇത് അയാളുടെ മുഴുവന്‍ ജീവിതാവസ്ഥയേയും പിടിച്ചുലയ്ക്കും. വ്യക്തിജീവിതം, ജോലി, സാമൂഹികാവസ്ഥ- എല്ലാം ഇതോടെ തകിടം മറിയുന്നു. അപ്പോള്‍പ്പിന്നെ പതിവായി ഉറക്കം നഷ്ടപ്പെടുന്ന ഒരു വ്യക്തി നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് വിശദീകരിക്കേണ്ട കാര്യമില്ലല്ലോ, അല്ലേ?

ഉറക്കമില്ലായ്മയെ കുറിച്ച് നിരന്തരം ഗവേഷണങ്ങളും പഠനങ്ങളും നടത്തിയ ഒരാളുണ്ട്. മാര്‍ട്ടിന്‍ റീഡ് എന്നാണദ്ദേഹത്തിന്റെ പേര്. 2008ല്‍ ആദ്യമായി 'ഇന്‍സോംനിയ' (ഉറക്കമില്ലാത്ത അവസ്ഥ) അനുഭവിച്ച മാര്‍ട്ടിന്‍, പിന്നീട് അതെക്കുറിച്ചുള്ള അന്വേഷണങ്ങളിലേക്കിറങ്ങി. 

എവിടെയും തൃപ്തമായ വിവരങ്ങള്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഗവേഷണം, അക്കാദമികതലത്തിലേക്ക് മാറ്റി. തുടര്‍ന്ന് ആഴത്തിലുള്ള പഠനമായിരുന്നു. ലഭ്യമായ പുസ്തകങ്ങള്‍, വിദഗ്ധരുടെ നിര്‍ദേശങ്ങള്‍, ഒപ്പം ചില പരീക്ഷണങ്ങള്‍... ഒടുക്കം മാര്‍ട്ടിന്‍ ഉറക്കമില്ലാത്തവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി മാത്രം ഒരു പ്രോഗ്രാം തുടങ്ങി. 'ഇന്‍സോംനിയ കോച്ച്' എന്ന പേരിലാണ് ഇത് തുടങ്ങിയത്. 

ഇപ്പോള്‍ വെബ്സൈറ്റ് മുഖേനയും സോഷ്യല്‍ മീഡിയ പേജുകള്‍ മുഖേനയും മാര്‍ട്ടിന്‍ 'ഇന്‍സോംനിയ'യെ തുടര്‍ന്ന് വലയുന്നവര്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നു. മരുന്നുകളോ, ചികിത്സയോ കൂടാതെ ഉറക്കമില്ലായ്മയെ എങ്ങനെ അതിജീവിക്കാമെന്നാണ് മാര്‍ട്ടിന്‍ പ്രധാനമായും പറയുന്നത്. ഇതിന് ജീവിതശൈലിയുമായി ബന്ധപ്പെട്ട പല മാര്‍ഗങ്ങളും മാര്‍ട്ടിന്‍ നിര്‍ദേശിക്കുന്നുണ്ട്.

അത്തരത്തില്‍ ജൈവികമായ ഒരു പ്രതിരോധമെന്ന നിലയ്ക്കാണ് മാര്‍ട്ടിന്‍ സ്വയംഭോഗത്തെ ചൂണ്ടിക്കാട്ടുന്നത്. കേള്‍ക്കുമ്പോള്‍ തമാശയെന്നോ, മണ്ടത്തരമെന്നോ, അപ്രസക്തമെന്നോ ഒക്കെ തോന്നിയേക്കാം. എന്നാല്‍ ഇതിന് കൃത്യമായ ശാസ്ത്രീയ അടിത്തറയുണ്ടെന്നാണ് മാര്‍ട്ടിന്‍ അവകാശപ്പെടുന്നത്. 

സ്വയംഭോഗവും ഉറക്കമില്ലായ്മയും...

സ്വയംഭോഗം ഉറക്കം നഷ്ടപ്പെടുത്തുമെന്ന തരത്തിലുള്ള പ്രചാരങ്ങള്‍ ഒരുപക്ഷേ നമ്മള്‍ കേട്ടിരിക്കാം. എന്നാല്‍ ഇതിന് നേര്‍വിപരീതമായ വാദമാണ് മാര്‍ട്ടിന്‍ ഉയര്‍ത്തുന്നത്. 

'പല ഘടകങ്ങളാകാം നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നത്. സ്ട്രെസ്, ഉത്കണ്ഠ, നിരാശ, നെഗറ്റീവ് ചിന്തകള്‍... അങ്ങനെ പലവിധ ഘടകങ്ങളുണ്ട്. ഈ ഘടകങ്ങള്‍ സ്വാഭാവികമായും നിങ്ങളും പങ്കാളിയും തമ്മിലുള്ള ബന്ധത്തിനിടയിലും പ്രവര്‍ത്തിക്കും. അതായത് ഉറക്കിമില്ലായ്മ, പങ്കാളിയുമൊത്തുള്ള നിങ്ങളുടെ ലൈംഗികജീവിതത്തെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന്. അവിടെയാണ് സ്വയംഭോഗത്തിന്റെ സാധ്യത. മാനസികമായ മറ്റ് ബാധ്യതകള്‍ ഇതിലുണ്ടാകുന്നില്ല. ഒരു വ്യക്തി മാത്രം ഉള്‍പ്പെടുന്ന പ്രക്രിയയാണല്ലോ ഇത്. പങ്കാളിക്കൊപ്പമുള്ള ബന്ധത്തിലേതെന്ന പോലെ സ്വയം ഭോഗത്തിലും രതിമൂര്‍ച്ഛ സംഭവിക്കുന്നുണ്ട്. ഇത് ശരീരത്തില്‍ ചില ഹോര്‍മോണ്‍ വ്യതിയാനങ്ങളുണ്ടാക്കുന്നു...

...അതായത്, രതിമൂര്‍ച്ഛയെ തുടര്‍ന്ന് ശരീരത്തില്‍ പ്രോലാക്ടിന്‍ എന്നൊരു ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. സ്വതവേ ഇത് പുരുഷനിലും സ്ത്രീയിലും ഒക്കെ കാണുന്ന ഹോര്‍മോണ്‍ തന്നെയാണ്. അധികമായി കാണുന്നത് പ്രസവശേഷം മുലയൂട്ടുന്ന അമ്മമാരിലാണെന്ന് മാത്രം. ഇതിന്റെ അളവ് ഒരു ദിവസത്തില്‍ തന്നെ മാറിമറിഞ്ഞ് വരും. രതിമൂര്‍ച്ഛയുണ്ടാകുമ്പോള്‍ കൃത്യമായും ഇതിന്റെ അളവില്‍ വര്‍ധനയുണ്ടാകുന്നു. ഇത് ശരീരത്തെ റിലാക്സ്ഡ് ആക്കാന്‍ സഹായിക്കുന്നു. പതിയെ ഉറക്കത്തിലേക്ക് നിങ്ങളെ കൊണ്ടുപോകാനും ഇത് വഴിയൊരുക്കുന്നു...

മാത്രമല്ല, രതിമൂര്‍ച്ഛയോടനുബന്ധിച്ച് ഓക്സിടോസിന്‍ എന്ന ഹോര്‍മോണും ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇതും ശരീരത്തെ റിലാക്സ്ഡ് ആക്കാനും സ്ട്രെസ് കുറയ്ക്കാനും ഉപകരിക്കുന്നു. അങ്ങനെ അതുവഴിയും ഉറക്കത്തിലേക്കുള്ള വാതില്‍ തുറക്കപ്പെടുന്നു...

രതിമൂര്‍ച്ഛയോടെ അനുഭവപ്പെടുന്ന ആലസ്യവും മയക്കവും എത്രമാത്രം ഉറങ്ങാന്‍ സഹായിക്കുന്നതാണ് എന്ന വസ്തുത പലപ്പോഴും ആളുകള്‍ പ്രധാനമായി കരുതുന്നില്ല. പുരുഷനിലും സ്ത്രീയിലും ഒരുപോലെ ഇത് ബാധകമാകുന്നു. രതിമൂര്‍ച്ഛ സംഭവിക്കുമ്പോള്‍ സ്ത്രീ വൈകാരികമായ മറ്റ് ബന്ധനങ്ങളില്‍ നിന്ന് വിഛേദിക്കപ്പെടുന്നുവെന്നാണ് ഒരു ഡച്ച് പഠനം ചൂണ്ടിക്കാട്ടുന്നത്. നോക്കൂ, എത്രമാത്രം പ്രസക്തമായ വിഷയമാണ് നമ്മള്‍ തീരെ വിലകുറച്ച് കൈകാര്യം ചെയ്യുന്നത്...'- മാര്‍ട്ടിന്‍ പറയുന്നു. 

പഠനങ്ങളും കണ്ടെത്തലുകളും...

ഈ വിഷയത്തിലൂന്നി അങ്ങനെ ഒരുപാട് പഠനങ്ങളൊന്നും നടന്നതായി അറിവില്ലെന്നാണ് പല ഗവേഷകരും പങ്കുവയ്ക്കുന്ന വിവരം. സെക്ഷ്വല്‍ ബിഹേവിയറിനെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങള്‍ നടത്തിയ അമേരിക്കന്‍ ന്യൂറോസൈന്റിസ്റ്റ്, ഡോ. നിക്കോള്‍ പ്രോസും ഈ വാദം തന്നെയാണ് ശരിവയ്ക്കുന്നത്. 

'സ്വയംഭോഗം നടത്തുന്നത് ഉറക്കം വര്‍ധിപ്പിക്കുമെന്ന തരത്തിലുള്ള ഒരു കണ്ടെത്തലും ഇതുവരെ ഉണ്ടായതായി അറിവില്ല. എന്നാല്‍ സുഖകരമായ ഉറക്കത്തിലേക്ക് കടക്കാനുള്ള മാര്‍ഗങ്ങള്‍ അത് ഉണ്ടാക്കുന്നുണ്ട്. ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ചില രാസപദാര്‍ത്ഥങ്ങളുടെ ഒരു കളിയാണിത്...'-പ്രോസ് പറയുന്നു. 

അതായത് മാര്‍ട്ടിന്‍ മുന്നോട്ടുവച്ച വാദങ്ങളോട് പൊരുത്തപ്പെടുന്ന കാര്യങ്ങള്‍ തന്നെയാണ് പ്രോസിനും പറയാനുള്ളത്. 

'കെമിക്കലുകളുടെ മാറ്റങ്ങള്‍ സ്ത്രീയിലും പുരുഷന്മാരിലും വ്യത്യസ്തമായിരിക്കാം. എന്നാല്‍ രതിമൂര്‍ച്ഛയെ തുടര്‍ന്ന് ലഭിക്കുന്ന റിലാക്‌സേഷന്‍ രണ്ടുപേരെയും നല്ലരീതിയില്‍ സ്വാധീനിക്കുന്നുണ്ട്. പുരുഷന്മാരുടെ കാര്യത്തില്‍ രതിമൂര്‍ച്ഛയ്ക്ക് പിന്നാലെ, സെറട്ടോണിന്‍, ഓക്‌സിടോസിന്‍, പ്രോലാക്ടിന്‍, വാസോപ്രെസിന്‍, നൈട്രിക് ഓക്‌സൈഡ് എന്നിങ്ങനെയുള്ള ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇവയെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ശരീരത്തെ റിലാക്‌സ് ചെയ്യാന്‍ തന്നെയാണ് സഹായിക്കുന്നത്. സ്വാഭാവികമായും ഇത് ഉറക്കത്തെയും സ്വാധീനിക്കുന്നു...'- അവര്‍ പറയുന്നു. 

അതേസമയം ചില ലൈംഗികപ്രശ്നങ്ങള്‍ ഉറക്കമില്ലായ്മയ്ക്ക് കാരണമാകാറുണ്ടെന്ന വസ്തുതയും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അത്തരം സംശയങ്ങള്‍ സ്വയം തോന്നുന്ന പക്ഷം, ഒരു ഡോക്ടറുടെ സഹായത്തോടെ നിഗമനങ്ങളിലെത്തുകയെന്നതാണ് ചെയ്യാനുള്ളത്. മറ്റ് അസുഖങ്ങളുള്ളവര്‍, പതിവായി മരുന്ന് കഴിക്കുന്നവര്‍, ഗര്‍ഭിണികള്‍- എന്നിവര്‍ക്കെല്ലാം ഉറക്കമില്ലായ്മ പ്രശ്നമാകാറുണ്ട്. ഇത്തരക്കാരും തുടര്‍ന്ന് പാലിക്കേണ്ട ചിട്ടകളെ കുറിച്ചും ജീവിതരീതിയെ കുറിച്ചും വിശദമായി ഡോക്ടറോട് ചോദിച്ച് മനസിലാക്കുന്നത് തന്നെയാണ് എപ്പോഴും ഉചിതം.