ലോകരാജ്യങ്ങളെയൊന്നാകെ ആശങ്കയിലാഴ്ത്തിക്കൊണ്ട് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിനിടെ, മാരകമായ രോഗത്തിന്റെ വിവിധ വശങ്ങള്‍ പരിശോധിക്കുകയും പഠിക്കുകയും ചെയ്യുകയാണ് പല രാജ്യങ്ങളിലേയും ആരോഗ്യരംഗത്തെ വിദഗ്ധര്‍. ഇതുവരെ രോഗം ബാധിച്ചവരുടേയും ജീവന്‍ നഷ്ടപ്പെട്ടവരുടേയും കണക്കുകള്‍ ഉപയോഗിച്ചുകൊണ്ടാണ് പല വിവരങ്ങളും ഇവര്‍ മനസിലാക്കുന്നത്. 

ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു നിരീക്ഷണം പങ്കുവയ്ക്കുകയാണ് 'അമേരിക്കന്‍ ഹെല്‍ത്ത് അസോസിയേഷന്‍' പ്രസിഡന്റായ മാര്‍ക്ക് പാര്‍ക്കിന്‍സണ്‍. കൊറോണ വൈറസ് എളുപ്പത്തില്‍ ബാധിക്കുന്നതും ജീവനെടുക്കുന്നതും പ്രായമായവരിലാണെന്നാണ് ഇദ്ദേഹം പങ്കുവയ്ക്കുന്ന വിവരം.  

പലപ്പോഴും രോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ കാണിച്ച്, ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം മണിക്കൂറുകള്‍ മാത്രമാണ് പലരും ജീവിച്ചിരിക്കുന്നതെന്നും ഇതില്‍ മഹാഭൂരിപക്ഷവും പ്രായമായവരാണെന്നുമാണ് മാര്‍ക്ക് വെളിപ്പെടുത്തുന്നത്. പ്രായമായവരുടെ ആരോഗ്യാവസ്ഥ തന്നെയാണ് ഇതിന് പ്രധാന കാരണമാകുന്നതെന്നാണ് സൂചന. രോഗപ്രതിരോധ ശേഷി കുറഞ്ഞിരിക്കുകയും മറ്റ് അസുഖങ്ങള്‍ മൂലമോ മരുന്നുകള്‍ മൂലമോ ശരീരം ക്ഷീണിച്ചിരിക്കുകയും ചെയ്യുന്നതിനാല്‍ അവരിലേക്ക് പെട്ടെന്ന് രോഗമെത്തുന്നു. 

നമുക്കറിയാം, ശ്വാസകോശത്തെയാണ് കൊറോണ ബാധിക്കുന്നത്. പ്രായമായവരുടെ കാര്യത്തില്‍ ഈ ഘടകവും വലിയ തിരിച്ചടിയാകുന്നുണ്ട്. ഇത്രയധികം വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ച ശേഷം തളര്‍ന്ന അവസ്ഥയിലേക്ക് ശ്വാസകോശം എത്തിനില്‍ക്കുമ്പോഴാണ് ശക്തനായ രോഗകാരിയുടെ ആക്രമണമുണ്ടാകുന്നത്. അങ്ങനെ വരുമ്പോള്‍ അതിനെ ചെറുത്തുനില്‍ക്കാന്‍ ശ്വാസകോശത്തിന് കഴിയാതെ പോകുന്നു. 

അതുപോലെ തന്നെ ചികിത്സയോട് 'പൊസിറ്റീവ്' ആയി പ്രതികരിക്കാനും പ്രായമായവര്‍ക്ക് ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ കുറഞ്ഞ സമയത്തിനകം മരണം സംഭവിക്കാനുള്ള സാധ്യതകളും കൂടുന്നു. 

ഇറ്റലിയില്‍ കൊവിഡ് 19 മൂലം ഇത്രയധികം പേര്‍ മരിക്കാന്‍ ഇടയാക്കിയ സാഹചര്യവും ഇതുതന്നെയാണെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. അതായയ് യൂറോപ്പില്‍ തന്നെ ഏറ്റവുമധികം പ്രായമായവരുള്ള രാജ്യമാണ് ഇറ്റലി. അവിടെ ആകെ ജനസംഖ്യയുടെ 22 ശതമാനവും 65 വയസിന് മുകളില്‍ പ്രായമായവരാണ്. 

60 വയസ് കടന്നവര്‍ തീര്‍ച്ചയായും അതിശക്തമായ മുന്‍കരുതലുകള്‍ എടുത്തിരിക്കണം എന്ന് തന്നെയാണ് പല കണക്കുകളും സൂചിപ്പിക്കുന്നത്. അതോടൊപ്പം തന്നെ ആരോഗ്യപരമായി പിന്നോക്കം നില്‍ക്കുന്നവര്‍, എന്തെങ്കിലും അസുഖങ്ങള്‍ നേരത്തേ ഉള്ളവര്‍ എന്നിവരും ജാഗ്രത പാലിക്കേണ്ടതുണ്ട് എന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചനകളില്‍ നിന്ന് മനസിലാക്കുന്നത്.