ലോകത്തെയൊട്ടാകെ ആശങ്കയിലാഴ്ത്തിക്കൊണ്ട് ഇപ്പോഴും പടര്‍ന്നുപിടിക്കുകയാണ് 'കൊറോണ വൈറസ്'. ഏതാണ്ട് 60 രാജ്യങ്ങളിലാണ് ഇതുവരേയും വൈറസ് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും 'കൊറോണ' വാര്‍ത്തകള്‍ പുറത്തുവരികയാണ്. 28 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 

അതിനാല്‍ത്തന്നെ വലിയ മുന്നൊരുക്കങ്ങളാണ് ആരോഗ്യരംഗം ഇപ്പോള്‍ നടത്തിവരുന്നത്. എന്നാല്‍ ഇതിനിടെ പല പ്രചരണങ്ങളും സോഷ്യല്‍ മീഡിയയിലും മറ്റുമായി കറങ്ങിനടക്കുന്നത് ജനങ്ങള്‍ക്കിടയില്‍ അശാസ്ത്രീയമായ വിവരങ്ങളെത്തിക്കുന്നതിന് കാരണമാകുന്നുണ്ട്. പലപ്പോഴും അതത് സര്‍ക്കാരുകളും ആരോഗ്യവിദഗ്ധരുമെല്ലാം ഇക്കാര്യങ്ങളെ നിശിതമായി എതിര്‍ക്കുകയും ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്. എങ്കില്‍പ്പോലും വീണ്ടും ഇതുപോലുള്ള പ്രചാരണങ്ങള്‍ നടക്കുന്നു. 

ഇത്തരത്തില്‍ നിലവില്‍ കറങ്ങിനടക്കുന്ന ഒരു പ്രചാരണമാണ് മത്സ്യ-മാംസാഹാരങ്ങള്‍ 'കൊറോണ' പരത്തുന്നു എന്നത്. നോണ്‍ വെജിറ്റേറിയന്‍സിലൂടെയാണ് രോഗം പടരുന്നതെന്നും അതിനാല്‍ അവരെ അകറ്റിനിര്‍ത്തണമെന്നും വരെ പ്രചാരണമുണ്ട്. എന്നാല്‍ ഇത് യാതൊരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തയാണെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. 

'ചൈനയിലെ വുഹാന്‍ നഗരത്തിലെ ഒരു മത്സ്യ-മാംസ മാര്‍ക്കറ്റില്‍ നിന്നാണ് കൊറോണ ആദ്യമായി വന്നത് എന്ന വാര്‍ത്ത നമ്മളെല്ലാം വായിച്ചതാണ്. ഒരുപക്ഷേ ഇക്കാരണം കൊണ്ടാകാം നോണ്‍ വെജിറ്റേറിയന്‍സ് വൈറസ് പടര്‍ത്തുന്നു എന്ന പ്രചാരണം വന്നത്. എന്നാല്‍ ഈ വാദത്തില്‍ പ്രത്യക്ഷത്തില്‍ കഴമ്പില്ലെന്നാണ് പറയാനാവുക. നന്നായി പാകം ചെയ്ത മത്സ്യ-മാംസാഹാരങ്ങള്‍ ഒരുകാരണവശാലും വൈറസ് പടര്‍ത്തുകയില്ല. അതേസമയം നല്ലത് പോലെ പാകം ചെയ്യാത്തവയാണെങ്കില്‍ അത് പല തരം വെല്ലുവിളികള്‍ ഉയര്‍ത്തിയേക്കാം. എന്നാല്‍ നമ്മുടെ നാട്ടിലെ സംസ്‌കാരമനുസരിച്ച് മത്സ്യ-മാംസാഹാരങ്ങള്‍ നന്നായി പാകം ചെയ്ത ശേഷം മാത്രമേ കഴിക്കാന്‍ എടുക്കാറുള്ളൂ...'- ദില്ലി എയിംസ് ആശുപത്രിയിലെ ഡോക്ടറായ ആനന്ദ മോഹന്‍ പറയുന്നു. 

'നന്നായി പാകം ചെയ്ത മാംസം കഴിക്കുന്നത് കൊണ്ട് ഒരുവിധ ബുദ്ധിമുട്ടും വരില്ല. അതല്ലാത്ത തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് തെളിവില്ല. അത് അശാസ്ത്രീയമാണെന്ന് തന്നെ പറയേണ്ടിവരും..'ന്യൂട്രീഷ്യനിസ്റ്റും ഹെല്‍ത്ത് കോച്ചുമായ ശില്‍പ അറോറ പറയുന്നു.