സമൂഹവുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ട് ജീവിക്കുന്ന രീതിയാണ് നമ്മുടേത്. അതിനാല്‍ തന്നെയാണ് നാം 'സാമൂഹിക ജീവികള്‍' ആണെന്ന് സ്വയം വിലയിരുത്തുന്നത്. ഓരോരുത്തരുടേയും വ്യക്തിത്വം അനുസരിച്ച് സമൂഹവുമായുള്ള ഇടപെടലിന്റെ തോതും വ്യത്യാസപ്പെട്ടിരിക്കും. 

ചിലര്‍ക്ക് എപ്പോഴും ആളുകളെ കാണുകയും സംസാരിക്കുകയും വേണം. മറ്റ് ചിലര്‍ക്കാണെങ്കില്‍ അത്ര തന്നെ കൂടിക്കാഴ്ചയും സംസാരവും വേണമെന്നില്ല. എങ്കില്‍ പോലും അവരിലും തീര്‍ച്ചയായും സാമൂഹിക ബന്ധങ്ങള്‍ കാണപ്പെടുന്നുണ്ട്. 

കൊവിഡ് 19ന്റെ വരവോടെ പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണും, സെല്‍ഫ് ഐസൊലേഷന്‍ രീതികളും നമ്മുടെ സാമൂഹികജീവിതത്തെ സാരമായി ബാധിച്ചിരുന്നു. പുറംലോകത്തോട് വലിയ ബന്ധമില്ലാതെ മാറി ജീവിക്കാന്‍ തുടങ്ങിയതോടെ പലരിലും കാര്യമായ മാനസിക പ്രശ്‌നങ്ങള്‍ ഉടലെടുത്തു. 

 

 

സാമൂഹിക ജീവിതം നഷ്ടപ്പെടുന്നത് മൂലം ചെറിയ കാലയളവിലേക്കും ദീര്‍ഘകാലത്തേക്കും മാനസിക പ്രയാസങ്ങള്‍ അനുഭവപ്പെട്ടേക്കാം. കൊവിഡ് കാലത്തെ ഏകാന്ത ജീവിതം ചെറിയ കാലയളവിലേക്കാണ് ഏറെപ്പേരെയും ബാധിച്ചത്. വിഷാദം, ഉത്കണ്ഠ, എപ്പോഴും 'മൂഡ് ലോ' ആയിരിക്കുക, ഉന്മേഷം തോന്നാതിരിക്കുക, വിശപ്പില്ലായ്മ, ഉറക്കപ്രശ്‌നങ്ങള്‍, മുമ്പെങ്ങുമില്ലാത്ത വിധം ആരോഗ്യകാര്യങ്ങളില്‍ ആശങ്ക തുടങ്ങിയവയാണ് കൊവിഡ് കാലത്ത് വ്യാപകമായ മാനസിക പ്രശ്‌നങ്ങള്‍. 

കൗണ്‍സിലിംഗും തെറാപ്പിയുമുള്‍പ്പെടെ ചെയ്യുന്ന ഏജന്‍സികളെല്ലാം തന്നെ കൊവിഡ് കാലത്ത് തങ്ങള്‍ നേരിട്ട പ്രതിസന്ധിയെ കുറിച്ച് നേരത്തേ വിവിധ റിപ്പോര്‍ട്ടുകളിലായി പ്രതികരിച്ചിരുന്നു. സഹായം തേടിയുള്ള ഫോണ്‍ കോളുകളുടേയും സന്ദേശങ്ങളുടേയും പ്രവാഹമായിരുന്നു കൊവിഡ് കാലത്തുണ്ടായതെന്നാണ് ഇവരെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞത്. മാനസിക പ്രശ്‌നങ്ങള്‍ക്ക് പുറമെ റിലേഷന്‍ഷിപ്പ് പ്രശ്‌നങ്ങളും കൊവിഡ് കാലത്ത് കാര്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സാക്ഷ്യപ്പെടുത്തല്‍. 

മനുഷ്യന്റെ ആരോഗ്യപരമായ മുന്നോട്ടുപോക്കിന്, അത് ശാരീരികമായാലും മാനസികമായാലും സാമൂഹിക ജീവിതം കൂടിയേ തീരൂ എന്ന് മാനസികാരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തേ സൂചിപ്പിച്ചത് പോലെ ഓരോരുത്തര്‍ക്കും ഇത് എത്രത്തോളം ആവശ്യമാണെന്നത് വ്യത്യാസപ്പെട്ടിരിക്കും. എന്നാല്‍ തീര്‍ച്ചയായും ഇത് അവശ്യം വേണ്ട ഘടകമാണെന്നതില്‍ തര്‍ക്കമില്ല. അതിനാല്‍ തന്നെ കൊവിഡ് കാലത്തെ ലോക്ഡൗണും സെല്‍ഫ് ഐസൊലേഷനും നമ്മെ ബാധിച്ചിട്ടുണ്ടോയെന്ന് സ്വയം പരിശോധിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

 

 

ഏതെങ്കിലും തരത്തില്‍ ബാധിക്കപ്പെട്ടിട്ടുണ്ടെന്ന് സ്വയം തോന്നിയാല്‍ അതിനുള്ള പരിഹാരം തേടേണ്ടതുണ്ടെന്നും അല്ലാത്ത പക്ഷം ദീര്‍ഘകാലത്തേക്ക് അത്തരം പ്രശ്‌നങ്ങള്‍ തുടരുമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. അമിതവണ്ണം, പുകവലി, വ്യായാമമില്ലായ്മ തുടങ്ങിയ അനാരോഗ്യകരമായ ജീവിതരീതികള്‍ എങ്ങനെയെല്ലാം നമ്മെ ബാധിക്കുമോ അത്ര തന്നെയോ അതിനെക്കാള്‍ രൂക്ഷമായോ പിന്നീട് ഇതും നമ്മെ ബാധിക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

Also Read:- സോഷ്യൽ മീഡിയയിൽ നിങ്ങൾ എത്ര മണിക്കൂർ ചെലവഴിക്കാറുണ്ട്?...