'നിക്കോട്ടിന്‍' എന്ന ഘടകം വലിയ തോതില്‍ 'അഡിക്ഷന്‍' ഉണ്ടാക്കുന്ന ഒന്നാണ്. അതിനാല്‍ തന്നെ പുകവലി പെട്ടെന്ന് നിര്‍ത്തുമ്പോള്‍ വലിയ തോതിലുള്ള 'വിത്ത്‌ഡ്രോവല്‍ സിംപ്റ്റംസ്' ( ലഹരി ഉപയോഗം പെട്ടെന്ന് നിര്‍ത്തുമ്പോഴുണ്ടാകുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍) നേരിട്ടേക്കാം. ദിവസങ്ങള്‍ മുതല്‍ ആഴ്ചകള്‍ വരെ, ഉപയോഗം എത്തരത്തിലായിരുന്നു എന്നതിന് അനുസരിച്ച് 'വിത്ത്‌ഡ്രോവല്‍ സിംപ്റ്റംസം' ഉണ്ടാകാം 

ലോകത്ത് ഓരോ വര്‍ഷം കൂടുംതോറും പുകവലിക്കുന്നവരുടെ എണ്ണം കൂടിവരികയാണെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. പുകവലിക്കുന്നവരിലാണെങ്കില്‍ ശ്വാസകോശ അര്‍ബുദം ഉള്‍പ്പെടെ വിവിധ തരം അര്‍ബുദങ്ങള്‍ വരാനുള്ള സാധ്യതയും കൂടുതലാണ്. 

ക്യാന്‍സര്‍ മൂലം മരിക്കുന്നവരുടെ കൂട്ടത്തില്‍ ഏറ്റവുമധികം മരണനിരക്ക് രേഖപ്പെടുത്തുന്നത് 'ലംഗ് ക്യാന്‍സര്‍' (ശ്വാസകോശ അര്‍ബുദം) ബാധിച്ചവരുടെ കേസുകളിലാണെന്നതും ശ്രദ്ധേയമായ വസ്തുത തന്നെ. ക്യാന്‍സറിന് പുറമെ പക്ഷാഘാതം, പ്രമേഹം, ഹൃദയാഘാതം എന്നിങ്ങനെ പല തരത്തിലുള്ള പ്രശ്‌നങ്ങളിലേക്കും പുകവലി നയിച്ചേക്കും. 

കാര്യങ്ങളിങ്ങനെ എല്ലാമാണെങ്കിലും പുകവലിക്കുന്നവരെ സംബന്ധിച്ച് അത് നിര്‍ത്തുക എന്നത് അത്ര എളുപ്പമുള്ള ഒന്നല്ല. മിക്കവരും ഒരു 'ശീലം' എന്ന നിലയ്ക്ക് വളരെ നിസാരാമായാണ് 'പുകവലി'യെ ചിത്രീകരിക്കുന്നത്. എന്നാല്‍ അത്രയും ലാഘവത്തോടെ പറഞ്ഞുനിര്‍ത്താവുന്ന വെറുമൊരു 'ശീലം' അല്ല പുകവലി. 

'നിക്കോട്ടിന്‍' എന്ന ഘടകം വലിയ തോതില്‍ 'അഡിക്ഷന്‍' ഉണ്ടാക്കുന്ന ഒന്നാണ്. അതിനാല്‍ തന്നെ പുകവലി പെട്ടെന്ന് നിര്‍ത്തുമ്പോള്‍ വലിയ തോതിലുള്ള 'വിത്ത്‌ഡ്രോവല്‍ സിംപ്റ്റംസ്' ( ലഹരി ഉപയോഗം പെട്ടെന്ന് നിര്‍ത്തുമ്പോഴുണ്ടാകുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍) നേരിട്ടേക്കാം. 

ദിവസങ്ങള്‍ മുതല്‍ ആഴ്ചകള്‍ വരെ, ഉപയോഗം എത്തരത്തിലായിരുന്നു എന്നതിന് അനുസരിച്ച് 'വിത്ത്‌ഡ്രോവല്‍ സിംപ്റ്റംസം' ഉണ്ടാകാം. എന്നിരിക്കിലും ഈ മോശം ശീലം അവസാനിപ്പിച്ചേ മതിയാകൂ എന്നതിന് ഓരോ വ്യക്തിയും ശക്തമായ ഒരു കാരണത്തെ ആശ്രയിക്കേണ്ടി വരും. അതായാത്, മനസിന്റെ നിയന്ത്രണം തന്നെയാണ് വലിയൊരു പരിധി വരേയും ഇതിന് സഹായകമാകുന്നത്. 

പക്ഷേ, പുകവലിക്കുന്നവര്‍ പൊതുവേ ഉയര്‍ത്തുന്ന മറ്റൊരു വാദമുണ്ട്. ഇത്രയും കാലം വലിച്ചു, ഇനിയിപ്പോള്‍ നിര്‍ത്തിയിട്ടും വലിയ ഉപകാരമൊന്നും ഉണ്ടാകില്ല എന്ന തരത്തിലുള്ള വാദം. അത് നിങ്ങളില്‍ പലരും കേട്ടിരിക്കാം. എന്നാല്‍ ഇതിലെ യാഥാര്‍ത്ഥ്യം എന്താണെന്ന് അന്വേഷിച്ചിട്ടുണ്ടോ? 

സത്യത്തില്‍ പുകവലി എപ്പോള്‍ വേണമെങ്കിലും നിര്‍ത്താവുന്നതാണ്. അതായത്, എപ്പോള്‍ ഇതില്‍ നിന്ന് തിരിച്ചുനടന്നാലും അതിന്റെ ഗുണം പിന്നീടുള്ള ജീവിതത്തില്‍ കാണുക തന്നെ ചെയ്യുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പുകവലിക്കുന്നയാളെ സംബന്ധിച്ച് അതിന്റെ പാര്‍ശ്വഫലങ്ങള്‍ വര്‍ഷങ്ങളെടുത്താണ് അയാള്‍ അനുഭവിക്കുക. അതുപോലെ തന്നെ പുകവലി നിര്‍ത്തിയാലും അതിന്റെ പ്രയോജനങ്ങള്‍ ലഭിക്കണമെങ്കില്‍ വര്‍ഷങ്ങളെടുത്തേക്കാം. 

വളരെ പതുക്കെ മാത്രം നടക്കുന്ന പ്രവര്‍ത്തനം എന്ന് വേണമെങ്കില്‍ പറയാം. അതിനാല്‍ പുകവലി നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഈ വാദമുയര്‍ന്നാല്‍ തീര്‍ച്ചയായും അതിനെ പ്രതിരോധിക്കേണ്ടതുണ്ട്. കാരണം പുകവലി, അത് ശീലിച്ച ആളുകളെ മാത്രമല്ല- ചുറ്റുപാടുമുള്ളവരേയും സാരമായി ബാധിക്കുന്നുണ്ട്. അതിനാല്‍ തുല്യമായ ഉത്തരവാദിത്തം ഇക്കാര്യത്തില്‍ എല്ലാവരും എടുത്തേ മതിയാകൂ.

Also Read:- പുകവലിക്കുന്ന സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; ഈ അഞ്ച് കാര്യങ്ങൾ അറിയാതെ പോകരുത്...