കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ആദ്യഘട്ടത്തില്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും രോഗഭീഷണി നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍ ഇടപെടുന്നവരും മാത്രമായിരുന്നു ഫേസ് മാസ്‌ക് ധരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികളെല്ലാം മാറിക്കഴിഞ്ഞിരിക്കുന്നു. എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം അതത് സര്‍ക്കാരുകള്‍ തന്നെ നല്‍കിക്കഴിഞ്ഞു. മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കുന്ന സാഹചര്യം വരെയായി. 

എന്നാല്‍ മാസ്‌ക് ധരിക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ലെന്ന് ചിന്തിക്കുന്ന ഒരു വിഭാഗം ഇപ്പോഴുമുണ്ട് എന്നതാണ് സത്യം. എന്തിനാണ് അസ്വസ്ഥതപ്പെടുത്താന്‍ ഇതിങ്ങനെ ഇട്ടുനടക്കുന്നത്, ഇതുകൊണ്ടെല്ലാം രോഗം വരാതിരിക്കുമോ എന്നാണ് പലരുടേയും സംശയം.

മാസ്‌ക് ധരിക്കുന്നത്, അത് ധരിക്കുന്നയാള്‍ക്ക് രോഗം വരാതിരിക്കാന്‍ മാത്രമാണെന്ന ചിന്തയാണ് ആദ്യം മാറ്റേണ്ടത്. രോഗം വ്യാപിക്കുന്ന സാഹചര്യത്തിനെ പിടിച്ചുകെട്ടാന്‍ പ്രതിരോധം എന്ന നിലയ്ക്കാണ് മാസ്‌ക് ധരിക്കുന്നത്. ആരും രോഗങ്ങള്‍ക്ക് അതീതരല്ല, അനുകൂലമായ സാഹചര്യങ്ങള്‍ ലഭിച്ചാല്‍ ആരില്‍ വേണമെങ്കിലും വൈറസ് കടന്നുകൂടാം. എന്നാല്‍ നമ്മളില്‍ നിന്ന് മറ്റൊരാള്‍ക്ക് അത് പകര്‍ന്നുകിട്ടാനുള്ള സാധ്യത ഉണ്ടാകരുത്. 

 

 

ഈ കരുതലാണ് മാസ്‌ക് ധരിക്കുന്നതിന് പിന്നിലെ പ്രധാന ലക്ഷ്യമാകേണ്ടത്. ഓരോരുത്തരും ഇതേ കരുതല്‍ സൂക്ഷിക്കുന്നതിലൂടെ രോഗവ്യാപനത്തെ ചെറുക്കാനാകുന്നു. ഇത് വെറുതെ പറഞ്ഞുപോകുന്നത് മാത്രമല്ല, പഠനങ്ങളും അനുബന്ധ റിപ്പോര്‍ട്ടുകളുമെല്ലാം ശാസ്ത്രീയമായിത്തന്നെ ഇതിനെ ശരിവയ്ക്കുന്നുണ്ട്. ലോകാരോഗ്യ സംഘടന നേരിട്ട് സാമ്പത്തിക സഹായമെത്തിച്ച ഒരു പഠനത്തിന്റെ റിപ്പോര്‍ട്ട്  ഇക്കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 

അമേരിക്ക, കാനഡ, ലണ്ടന്‍, ചൈന എന്നിവിടങ്ങളില്‍ നിന്നായി 12 യൂണിവേഴ്‌സിറ്റികളില്‍ നിന്നും പ്രമുഖ ആശുപത്രികളില്‍ നിന്നുമുള്ള വിദഗ്ധരും ഗവേഷകരും ചേര്‍ന്നാണ് കൊറോണ വൈറസ് വെല്ലുവിളി തുടരുന്ന പശ്ചാത്തലത്തില്‍ മാസ്‌കിന്റെ പ്രാധാന്യത്തെ കുറിച്ച് പഠനം നടത്തിയത്. 'ദ ലാന്‍സെറ്റ്' എന്ന പ്രമുഖ ആരോഗ്യപ്രസിദ്ധീകരണത്തിലാണ് ഇതിന്റെ വിശദാംശങ്ങള്‍ വന്നത്. എല്ലാവരും മാസ്‌ക് ധരിച്ച് പുറത്തിറങ്ങുന്നത് കൊണ്ട് കൊവിഡ് 19 വ്യാപനത്തെ വളരെ ഫലപ്രദമായി തടയാനാകും എന്നാണ് ഇവരുടെ കണ്ടെത്തല്‍. മാസ്‌ക് അത്രമാത്രം പ്രയോജപ്പെടുന്നില്ലെന്നും, രോഗം പടരുന്നത് തടയില്ലെന്നുമുള്ള പ്രചാരണങ്ങളെയെല്ലാം ഈ പഠനം അപ്പാടെ തള്ളിക്കളയുകയാണ്. 

ലോക്ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങള്‍ മിക്ക രാജ്യങ്ങളിലും നീങ്ങിത്തുടങ്ങുന്ന ഘട്ടമാണ്. നമ്മുടെയെല്ലാം സാമ്പത്തിക ഭദ്രതയ്ക്ക് തൊഴില്‍ മേഖലകളും മറ്റും ഉണര്‍ന്നേ തീരൂ. ഇത്തരമൊരു സാഹചര്യത്തില്‍ പരസ്പരം ഇടപഴകുന്നതും ആളുകള്‍ കൂടുന്നതും ഒഴിവാക്കാനാകാതെ വരും. അത് വലിയ തോതില്‍ രോഗവ്യാപനത്തിനും കാരണമാകും. അതിനാല്‍ ഇപ്പോഴാണ് നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതെന്ന് പഠനം വ്യക്തമാക്കുന്നു. 

Also Read:- ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നു; മൂന്നാറില്‍ മാസ്ക് പോലും വയ്ക്കാതെ ജനങ്ങള്‍...

 

 

മാസ്‌ക് ധരിക്കുന്നതിനൊപ്പം തന്നെ സാമൂഹികാകലം പാലിക്കാനും പഠനം വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. പലപ്പോഴും ആളുകള്‍ സാമൂഹികാകലം പാലിക്കുന്നതില്‍ മടി വിചാരിക്കുന്നുണ്ട്. അല്ലെങ്കില്‍ അതിന് കൃത്യമായ പ്രാധാന്യം നല്‍കാതിരിക്കുന്നുണ്ട്. ഈ പ്രവണത ഒട്ടും ശരിയല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. കഴിയുന്നിടത്തോളം മറ്റൊരാളില്‍ നിന്ന് ഒരു മീറ്റര്‍ അകലം പാലിക്കുക. ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നത് ഓരോരുത്തരും സ്വന്തം ധാര്‍മ്മികമായ ഉത്തരവാദിത്തമായി കണക്കാക്കേണ്ടതുണ്ട്. അതായത്, 'എനിക്ക് രോഗം വരരുത്' എന്ന ചിന്തയ്‌ക്കൊപ്പം തന്നെ, ഈ രോഗം ഒരിക്കലും പടരുത് എന്ന വിശാലമായ ചിന്ത കൂടി വേണമെന്ന് സാരം. അതിനാല്‍ മാസ്‌ക് ധരിക്കുന്നതില്‍ ഇനി 'നെഗറ്റീവ്' ചിന്ത വേണ്ടത്. ഇന്ന് ഏറ്റവും പ്രാധാന്യമുള്ളത് ഈ കരുതലുകള്‍ക്ക് തന്നെയാണെന്ന ബോധം കൈവിടാതിരിക്കുക.

Also Read:- ഒളിച്ചോടി വിവാഹിതരായി കോടതിയിലെത്തിയ യുവമിഥുനങ്ങൾക്ക് മാസ്ക് ധരിക്കാത്തതിന് 10000 രൂപ പിഴ വിധിച്ച് ജഡ്ജി...