Asianet News MalayalamAsianet News Malayalam

ദിവസവും ഉലുവ വെള്ളം കുടിക്കുന്നത് കൊണ്ട് കിടിലനൊരു ഗുണമുണ്ടല്ലോ!

ഉലുവ കൊണ്ട് ഒരുപിടി പ്രശ്‌നങ്ങളാണ് നമുക്ക് പരിഹരിക്കാനാവുക. വിശപ്പില്ലായ്മ, ദഹനപ്രശ്‌നങ്ങള്‍, വയര്‍ വീര്‍ത്തുകെട്ടല്‍, മലബന്ധം- അങ്ങനെ പല പ്രശ്‌നങ്ങളും ക്രമേണ ഉലുവയ്ക്ക് പരിഹരിക്കാനാകും. നമുക്കാവശ്യമായ വിറ്റാമിന്‍-എ, വിറ്റാമിന്‍-ഡി, അയേണ്‍, ഫൈബര്‍ അങ്ങനെ പല ഘടകങ്ങളും ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതിനെല്ലാം പുറമെ ഉലുവ കൊണ്ട് മറ്റൊരു കിടിലന്‍ ഗുണം കൂടിയുണ്ട്. അതെന്താണെന്നല്ലേ?

fenugreek seeds are helpful for weight loss
Author
Trivandrum, First Published Dec 8, 2019, 3:40 PM IST

നമുക്കറിയാം, ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഉലുവ. പൊതുവേ കറികളിലോ മറ്റ് ഭക്ഷണങ്ങളിലോ ഒക്കെ ചേര്‍ത്താണ് നമ്മള്‍ ഉലുവ കഴിക്കാറ്. ചിലരാണെങ്കില്‍ ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയും ചെയ്യും. മിക്കവര്‍ക്കും ഉലുവയുടെ രുചി അത്ര ഇഷ്ടമല്ല എന്നതാണ് സത്യം, അതുകൊണ്ട് തന്നെ അവര്‍ ഉലുവ ഉപയോഗിക്കുന്ന കാര്യത്തിലും അല്‍പം പിറകിലായിരിക്കും. 

എന്നാല്‍ രുചിയുടെ പേരില്‍ ഉലുവയെ അങ്ങനെ മാറ്റിനിര്‍ത്തേണ്ട കെട്ടോ. കാരണം ഉലുവ കൊണ്ട് ഒരുപിടി പ്രശ്‌നങ്ങളാണ് നമുക്ക് പരിഹരിക്കാനാവുക. വിശപ്പില്ലായ്മ, ദഹനപ്രശ്‌നങ്ങള്‍, വയര്‍ വീര്‍ത്തുകെട്ടല്‍, മലബന്ധം- അങ്ങനെ പല പ്രശ്‌നങ്ങളും ക്രമേണ ഉലുവയ്ക്ക് പരിഹരിക്കാനാകും. നമുക്കാവശ്യമായ വിറ്റാമിന്‍-എ, വിറ്റാമിന്‍-ഡി, അയേണ്‍, ഫൈബര്‍ അങ്ങനെ പല ഘടകങ്ങളും ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതിനെല്ലാം പുറമെ ഉലുവ കൊണ്ട് മറ്റൊരു കിടിലന്‍ ഗുണം കൂടിയുണ്ട്. അതെന്താണെന്നല്ലേ?

ദിവസവും അല്‍പം ഉലുവ കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ഇതെങ്ങനെയെന്ന് വിശദീകരിക്കാം. നേരത്തേ സൂചിപ്പിച്ചത് പോലെ ഉലുവയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പിനെ എളുപ്പം ശമിപ്പിക്കുകയും, ഒരുപാട് നേരത്തേക്ക് മറ്റ് 'സ്‌നാക്‌സ്' കഴിക്കുന്നതില്‍ നിന്ന് നമ്മളെ വിലക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും ദഹനം പതുക്കെയാവുകയോ പ്രശ്‌നത്തിലാവുകയോ ചെയ്യുന്നില്ല. അത് ക്രമത്തില്‍ വളരെ സുഗമമായി നടക്കുകയും ചെയ്യുന്നു. 

ഇത്രയും കാര്യങ്ങള്‍ വൃത്തിയായും ഭംഗിയായും നടന്നാല്‍ത്തന്നെ വണ്ണം കുറയ്ക്കാന്‍ നിങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഇരട്ടി ഫലം ലഭിക്കും. വ്യായമവും മറ്റ് ഡയറ്റുമെല്ലാം ഇതിനൊപ്പം അത്യാവശ്യം തന്നെയാണ്. അതൊന്നും കൂടാതെ ഉലുവ കൊണ്ട് മാത്രം വണ്ണം കുറയ്ക്കാമെന്ന് കരുതരുത്. അതുപോലെ അമിതമായി ഉലുവ കഴിക്കുകയും അരുത്. സ്ത്രീകളാണെങ്കില്‍, ഉലുവ പതിവാക്കുന്നതിന് മുമ്പ് ആവശ്യമെങ്കില്‍ ഒരു ഡയറ്റീഷ്യനെയോ ഡോക്ടറെയോ കണ്ട് നിര്‍ദേശം തേടാവുന്നതുമാണ്. കാരണം സ്ത്രീകളില്‍ ചിലര്‍ക്കെങ്കിലും ഉലുവ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കാറുണ്ട്. ഈ പ്രശ്‌നം ഒഴിവാക്കാനാണ് വിദഗ്ധരുടെ ഉപദേശം തേടാന്‍ നിര്‍ദേശിക്കുന്നത്. 

ഉലുവ വെറുതെ കഴിക്കുന്നവര്‍ ആദ്യം പറഞ്ഞത് പോലെ വളരെ കുറവാണ്. മിക്കവര്‍ക്കും രുചി ഇഷ്ടമല്ല എന്നത് തന്നെയാണ് ഇതിന് പിന്നിലെ കാരണം. അതിനാല്‍, രാത്രി മുഴുവന്‍ ഉലുവ കുതിര്‍ത്തുവച്ച ശേഷം രാവിലെ വെറും വയറ്റില്‍ ആ വെള്ളം കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. മിതമായ തരത്തില്‍ കഴിക്കാനാണെങ്കില്‍ ഉലുവ പൊടിയാക്കി സൂക്ഷിച്ച്, കറികളിലും മറ്റ് ഭക്ഷണങ്ങളിലുമെല്ലാം അല്‍പാല്‍പമായി ചേര്‍ത്ത് കഴിക്കാം.

Follow Us:
Download App:
  • android
  • ios