കൊവിഡ് 19 എന്ന മഹാമാരിയുമായുള്ള പോരാട്ടത്തിലാണ് ലോകരാജ്യങ്ങളൊക്കെയും. യുഎസ്, യുകെ തുടങ്ങി പല രാജ്യങ്ങളും കനത്ത തിരിച്ചടിയാണ് കൊവിഡ് കാലത്ത് നേരിട്ടത്. ആയിരക്കണക്കിന് പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. ആരോഗ്യമേഖല പ്രതിസന്ധിയിലാകുന്ന ചിത്രം പുറത്തുവന്നു. 

ഇന്ത്യയും മോശമല്ലാത്ത രീതിയില്‍ ബാധിക്കപ്പെട്ട രാജ്യം തന്നെയാണ്. എന്നാല്‍ നമ്മുടെ അയല്‍രാജ്യമായ ഭൂട്ടാനില്‍, മാസങ്ങളോളം തീര്‍ത്ത കടുത്ത പ്രതിരോധത്തിനൊടുവില്‍ ഇപ്പോള്‍ ആദ്യത്തെ കൊവിഡ് മരണം സ്ഥിരീകരിച്ചിരിക്കുകയാണ്. കരള്‍ രോഗമുണ്ടായിരുന്ന മുപ്പത്തിനാലുകാരനാണ് കൊവിഡ് സ്ഥിരീകരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. 

ഭൂട്ടാന്‍ തലസ്ഥാനമായ തിമ്പുവിലെ ഒരു ആശുപത്രിയിലായിരുന്നു ഇദ്ദേഹം ചികിത്സയിലുണ്ടായിരുന്നത്. രാജ്യത്തെ ആദ്യ കൊവിഡ് മരണം ആരോഗ്യമന്ത്രാലയം ഏറെ ദുഖത്തോടെയാണ് പുറംലോകത്തെ അറിയിച്ചിരിക്കുന്നത്. 

ഡിസംബര്‍ തുടക്കത്തോടെ തന്നെ ഭൂട്ടാനില്‍ ശക്തമായ രീതിയില്‍ കൊവിഡ് കേസുകള്‍ ഉയര്‍ന്നുവന്നിരുന്നു. ഇതെത്തുടര്‍ന്ന് കര്‍ശനമായ നിയന്ത്രണങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിരുന്നു. ജില്ലകള്‍ക്ക് പുറത്തേക്ക് പോകാന്‍ പ്രത്യേക അനുമതി തേടേണ്ട സാഹചര്യമാണ് ഭൂട്ടാനിലുള്ളത്. അവശ്യസാധനങ്ങള്‍ വാങ്ങിക്കാന്‍ പോകുന്നവര്‍ അതിനായി 'സ്‌പെഷ്യല്‍ മൂവ്‌മെന്റ്' കാര്‍ഡുകള്‍ കരുതണം. 

മാര്‍ച്ചോടുകൂടി തന്നെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഭൂട്ടാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. മാസങ്ങളായി വിനോദസഞ്ചാരമേഖലയും സ്തംഭിച്ച മട്ടാണ്. എങ്കിലും കൊവിഡ് മൂലം ഒരു ജീവന്‍ പോലും നഷ്ടപ്പെട്ടില്ലെന്ന ആശ്വാസമായിരുന്നു ഭരണാധികാരികള്‍ക്കുണ്ടായിരുന്നത്. ഇനി വരും ദിവസങ്ങളിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തന്നെയാണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം.

Also Read:- കൊവിഡ് സങ്കീര്‍ണതകള്‍ കുറയ്ക്കാന്‍ വൈറ്റമിന്‍-ഡി? പുതിയ പഠനം പറയുന്നത് കേള്‍ക്കൂ...