കൊവിഡ് 19 എന്ന മഹാമാരിയുടെ വരവോടുകൂടി ആരോഗ്യവുമായി ബന്ധപ്പെട്ട പല വിഷയങ്ങളും നമ്മള്‍ കാര്യമായി ചര്‍ച്ച ചെയ്ത് തുടങ്ങി. രോഗപ്രതിരോധ വ്യവസ്ഥയെ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യമാണ് ഇക്കൂട്ടത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്. വൈറ്റമിന്‍- സി ഇതിന് വലിയ തോതില്‍ സഹായം ചെയ്യുന്നതായും അതിനാല്‍ തന്നെ വൈറ്റമിന്‍- സി സപ്ലിമെന്റുകളും, വൈറ്റമിന്‍-സി അടങ്ങിയ ഭക്ഷണവും പതിവാക്കാനും ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിച്ചിരുന്നു. 

ഇതിനിടെ കൊവിഡ് പ്രശ്‌നങ്ങളും വൈറ്റമിന്‍-ഡിയും തമ്മില്‍ ബന്ധമുള്ളതായും ചില പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. 'ദ ജേണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി ആന്റ് മെറ്റബോളിസം' എന്ന ആരോഗ്യപ്രസിദ്ധീകരണത്തില്‍ നേരത്തേ വന്നൊരു പഠന റിപ്പോര്‍ട്ട് ഇത്തരത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 

കൊവിഡ് 19 പ്രധാനമായും ബാധിക്കുന്ന ശ്വാസകോശം, ഹൃദയം എന്നീ ഭാഗങ്ങളെ സുരക്ഷിതമാക്കുന്നതില്‍ വൈറ്റമിന്‍-ഡി കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ട്, കൊവിഡ് 19 ചികിത്സയിലും വൈറ്റമിന്‍-ഡി നല്‍കുന്നതിന് ഫലമുണ്ടാകും എന്ന തരത്തിലായിരുന്നു പഠനത്തിന്റെ നിരീക്ഷണം. വൈറ്റമിന്‍- ഡി കുറവായവരിലാണ് എണ്‍പത് ശതമാനവും കൊവിഡ് 19 കണ്ടുവരുന്നതെന്നും ഈ പഠനം കണ്ടെത്തിയിരുന്നു. 

 


ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം യുഎസില്‍ നിന്നും പുറത്തുവന്നിരിക്കുന്നത്. 'ബ്രിഗ്ഹാം ആന്റ് വുമണ്‍സ് ഹോസ്പിറ്റലി'ല്‍ നിന്നുള്ള വിദഗ്ധരാണ് ഈ പഠനത്തിന് നേതൃത്വം നല്‍കുന്നത്. കൊവിഡ് രോഗികളിലെ വൈറ്റമിന്‍- ഡി അളവ് പരിശോധിച്ച്, അത് വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിച്ച ശേഷം കാണുന്ന മാറ്റങ്ങളാണ് ഗവേഷകര്‍ രേഖപ്പെടുത്തി വരുന്നത്. 

'വൈറ്റമിന്‍-ഡി അണുബാധകള്‍ക്കെതിരെ പോരാടാന്‍ നമ്മെ പ്രാപ്തമാക്കുന്നുണ്ട്. പക്ഷേ ഇത് കൊവിഡിന്റെ കാര്യത്തില്‍ അത്രയും ഫലപ്രദമാണെന്ന് പറയാന്‍തക്ക തെളിവുകള്‍ നമുക്ക് ലഭിച്ചിട്ടില്ല. കൊവിഡ് പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ വൈറ്റമിന്‍-ഡിയ്ക്ക് കഴിയുമെന്ന് നേരത്തേ പല പഠനങ്ങളും സൂചിപ്പിച്ചിരുന്നു. അവര്‍ക്കും സൂക്ഷ്മമായ തെളിവുകള്‍ നിരത്താനായിട്ടില്ല. എങ്കിലും കൊവിഡ് ചികിത്സയുടെ കാര്യത്തില്‍ വൈറ്റമിന്‍-ഡിക്ക് എന്തെങ്കിലും സാധ്യതകളുണ്ടോ എന്ന് അന്വേഷിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം..'- പഠനസംഘത്തിലെ വിദഗ്ധന്‍ ഡോ. ജോവാന്‍ മാന്‍സണ്‍ പറഞ്ഞു. 

ആരോഗ്യകരമായ ജീവിതത്തിന് നിത്യേന കഴിക്കുന്ന ഭക്ഷണങ്ങളില്‍ വൈറ്റമിന്‍-ഡി അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പിക്കേണ്ടതുണ്ടെന്നും അക്കാര്യത്തില്‍ സംശയങ്ങളില്ലെന്നും അദ്ദേഹം പറയുന്നു. പല തരത്തിലുള്ള അസുഖങ്ങളേയും ചെറുക്കാന്‍ ഇത് സഹായിക്കും. സൂര്യപ്രകാശം വൈറ്റമിന്‍-ഡിയുടെ നല്ലൊരു സ്രോതസാണ്. എന്നാല്‍ ഇപ്പോള്‍ പലരും അധികസമയം വീട്ടിനുള്ളില്‍ തന്നെയാണ് ചിലവിടുന്നത്. അതിനാല്‍ ഡയറ്റില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. 

 

 

വൈറ്റമിന്‍- ഡി അടങ്ങിയ ചില ഭക്ഷണപാനീയങ്ങള്‍...


ഫ്രഷ് ഓറഞ്ച് ജ്യൂസ്
കൂണ്‍
മുട്ട (പ്രധാനമായും മഞ്ഞക്കരു)
പാല്‍-പാലുത്പന്നങ്ങള്‍
ഓട്ട്‌സ്
കൊഴുപ്പടങ്ങിയ മത്സ്യം

Also Read:- കൊവിഡ് നെഗറ്റീവ് ആയ ശേഷവും ലക്ഷണങ്ങളോ? അറിയാം ചിലത്....