ഇപ്പോഴും വാക്‌സിനുമായി ബന്ധപ്പെട്ടുള്ള ആശങ്കകളും സംശയങ്ങളും വിദഗ്ധര്‍ക്കിടയില്‍ പോലും രൂക്ഷമാണെന്നതാണ് സത്യം. ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു പ്രസ്താവനയാണ് 'യുകെ വാക്‌സിന്‍ ടാസ്‌ക് ഫോഴ്‌സ്' മേധാവിയായ കെയ്റ്റ് ബിംഗ്ഹാം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരിക്കുന്നത്

കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടം തുടരുന്ന സാഹചര്യത്തില്‍ ലോകമൊട്ടാകെയും ഉറ്റുനോക്കുന്നത് വാക്‌സിന്‍ എന്ന ആശ്വാസത്തിലേക്കാണ്. പലയിടങ്ങളിലും കൊവിഡ് വാക്‌സിന്‍ അതിന്റെ അവസാനഘട്ട പരീക്ഷണങ്ങളിലും എത്തിക്കഴിഞ്ഞിട്ടുണ്ട്. 

എന്നാല്‍ ഇപ്പോഴും വാക്‌സിനുമായി ബന്ധപ്പെട്ടുള്ള ആശങ്കകളും സംശയങ്ങളും വിദഗ്ധര്‍ക്കിടയില്‍ പോലും രൂക്ഷമാണെന്നതാണ് സത്യം. ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു പ്രസ്താവനയാണ് 'യുകെ വാക്‌സിന്‍ ടാസ്‌ക് ഫോഴ്‌സ്' മേധാവിയായ കെയ്റ്റ് ബിംഗ്ഹാം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരിക്കുന്നത്. 

ആദ്യഘട്ടത്തില്‍ വരുന്ന വാക്‌സിന്‍ വിജയകരമായിരിക്കില്ലെന്നും എല്ലാവരിലും ഫലപ്രദമായി പ്രവര്‍ത്തിക്കുകയില്ലെന്നുമാണ് കെയ്റ്റ് അഭിപ്രായപ്പെടുന്നത്. 

'വാക്‌സിന്‍ നമുക്കെല്ലാം ലഭ്യമാകുമോയെന്ന കാര്യം പോലും നിലവില്‍ ഉറപ്പിക്കാനാവില്ല. എങ്കിലും ശുഭപ്രതീക്ഷകള്‍ തന്നെ നമുക്ക് വച്ചുപുലര്‍ത്താം. എന്തായാലും ആദ്യഘട്ടത്തിലെത്തുന്ന വാക്‌സിന്‍ അണുബാധയെ പ്രതിരോധിക്കാന്‍ സാധ്യതയില്ല. ലക്ഷണങ്ങളെയെങ്കിലും ഇല്ലാതാക്കാന്‍ അവ ഉപകരിച്ചാല്‍ മതി. അതിന് പോലും എല്ലാവരിലും ഇത് പ്രയോജനപ്രദമാകില്ല എന്നതാണ് വസ്തുത...' കെയ്റ്റ് പറയുന്നു. 

നമുക്ക് ആവശ്യമുള്ളത്രയും വാക്‌സിന്‍ ഉത്പാദിപ്പിച്ചെടുക്കുക എന്നത് വളരെയധികം ശ്രമകരമായ ജോലിയാണെന്നും ഇക്കാര്യത്തില്‍ യുകെ ഉള്‍പ്പെടെ മിക്ക രാജ്യങ്ങളും പ്രതിസന്ധി നേരിടുമെന്നും കെയ്റ്റ് പറയുന്നു.

Also Read:- യുവാക്കള്‍ക്ക് 2022 ആകാതെ വാക്‌സിന്‍ ലഭ്യമാകില്ലെന്ന് ലോകാരോഗ്യ സംഘടന പ്രതിനിധി...