തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സര്‍ രോഗങ്ങളെയും തടയാന്‍ കഴിയും. എന്നാല്‍ ക്യാന്‍സറുകളില്‍ പലതും ലക്ഷണങ്ങള്‍ വെച്ച് തുടക്കത്തിലെ കണ്ടെത്താന്‍ കഴിയാത്തതാണ്. ചിലര്‍ രോഗ നിര്‍ണ്ണയം നടത്തുന്നതില്‍ പോലും പരാചയപ്പെടുന്നുണ്ട്. ശ്വാസകോശ ക്യാന്‍സര്‍ അല്ലെങ്കില്‍ ശ്വാസകോശാര്‍ബുദത്തിന്‍റെ ചില ലക്ഷണങ്ങളും തെറ്റിദ്ധരിക്കപ്പെടാറുണ്ട്.  എന്നാല്‍ ശ്വസിക്കാനുളള ബുദ്ധിമുട്ടും നിര്‍ത്താതെയുളള അതിഭയങ്കരമായ ചുമയുമാണ് ശ്വാസകോശാര്‍ബുദത്തിന്‍റെ രണ്ട് പ്രാരംഭ ലക്ഷണങ്ങള്‍ എന്നാണ് പുതിയൊരു പഠനം പറയുന്നത്. 

University of Exeter Medical School ആണ് പഠനം നടത്തിയത്. യുകെയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നതിന് കാരണവും ശ്വാസകോശാര്‍ബുദം ആണെന്നും പഠനം പറയുന്നു. 2000നും 2017നും ഇടയില്‍ രോഗം ബാധിച്ച 27,795 പേരില്‍ നടത്തിയ പഠനത്തിലാണ് ഈ രണ്ട് ലക്ഷണങ്ങള്‍ ശ്വാസകോശാര്‍ബുദത്തിന്‍റെ പ്രരാഭ ലക്ഷണങ്ങളാണെന്ന് കണ്ടെത്തിയത്. എന്നാല്‍ ഈ രണ്ടു ലക്ഷണങ്ങള്‍ കണ്ടാല്‍ ശ്വാസകോശാര്‍ബുദം ആണെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ല. പഠനം നടത്തിയ രോഗം സ്ഥിരീകരിച്ചവര്‍ക്ക് ഈ ലക്ഷണങ്ങളാണ് തുടക്കത്തിലെ കാണിച്ചത് എന്നാണ് പഠനം പറഞ്ഞുവെയ്ക്കുന്നത്. 

Globocan-ന്‍റെ പഠനം അനുസരിച്ച് ഇന്ത്യയിലെ പുരുഷന്മാരില്‍ ഏറ്റവും അധികം കാണപ്പെടുന്ന രണ്ടാമത്തെ ക്യാന്‍സറാണ് ശ്വാസകോശാര്‍ബുദം. ഏകദേശം 48,698 പേര്‍ക്കാണ് 2018ല്‍ രോഗം സ്ഥിരീകരിച്ചത്. 19,097 സ്ത്രീകളിലും ശ്വാസകോശാര്‍ബുദം കണ്ടെത്തി.  പുകവലി തന്നെയാണ് ശ്വാസകോശാര്‍ബുദത്തിനു കാരണമാകുന്ന ഏറ്റവും പ്രധാനഘടകം.

താഴെ പറയുന്ന ലക്ഷണങ്ങള്‍ കണ്ടാല്‍ വേണ്ട രീതിയിലുളള വൈദ്യ സഹായം തേടണം എന്നാണ്  മുംബൈയിലെ ഫോര്‍ട്ടിസ് ആശുപത്രിയിലെ Thoracic Surgical Oncology വിഭാഗത്തിലെ ഡോ. കമറാന്‍ അലി പറയുന്നത്. 

1. നിര്‍ത്താതെയുളള അതിഭയങ്കരമായ ചുമ നിസാരമായി കാണരുത്. അതും ചിലപ്പോള്‍ ശ്വാസകോശാര്‍ബുദത്തിന്‍റെയാവാം എന്നാണ് ഡോക്ടര്‍ പറയുന്നത്.  

2. ചുമയ്ക്കുമ്പോള്‍ രക്തം വരുന്നത് പ്രത്യേകം ശ്രദ്ധിക്കണം. തുപ്പുമ്പോള്‍ നിറവ്യത്യാസം ഉണ്ടെങ്കിലും പരിശോധന നടത്തണം. 

3. ശ്വസിക്കാനുളള ബുദ്ധിമുട്ടാണ് മറ്റൊരു ലക്ഷണം. ചെറുതായിട്ട് ഒന്ന് നടക്കുമ്പോള്‍ പോലും ഉണ്ടാകുന്ന കിതപ്പ് പ്രത്യേകം ശ്രദ്ധിക്കണം. 

4. ശ്വാസതടവും ചുമയും മൂലം നെഞ്ചുവേദന ഉണ്ടാകുന്നതും ശ്വാസകോശാര്‍ബുദംത്തിന്‍റെ ഒരു ലക്ഷണമാണ്. 

5. ഒരു കാരണവും ഇല്ലാതെ ശരീരഭാരം പെട്ടെന്ന് കുറയുന്നതും രോഗ ലക്ഷണമാകാം. 
 
6. ശബ്ദത്തിന് പെട്ടെന്ന് മാറ്റം വരുന്നതും ശ്രദ്ധിക്കാതെ പോകരുത്. 

7.  എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതും ശ്രദ്ധിക്കണം. 

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ രോഗം പിടിപെട്ടതായി കണക്കാക്കേണ്ടതില്ല. എന്നാല്‍ ഈ ലക്ഷണങ്ങളുള്ളവര്‍ ഡോക്ടറെ കാണിക്കണം.