ശരീരത്തിന്റെ ഫിറ്റ്‌നസ് ആണ് ലക്ഷ്യമെങ്കിലും ഇവിടെ മനസിന്റെ സന്തോഷത്തെ പരിപൂര്‍ണ്ണമായി മാറ്റിനിര്‍ത്തരുത്. അതായത്, മാനസിക സമ്മര്‍ദ്ദം അനുഭവിച്ചുകൊണ്ട് വര്‍ക്കൗട്ട് ചെയ്യുന്ന ഒരാള്‍ക്ക് അതിന്റെ ഫലം ലഭിക്കണമെന്നില്ല. അതിനാല്‍ മനസിന് കൂടി ആശ്വാസം പകരുന്ന തരത്തിലുള്ള ഏത് വ്യായാമമുറയും പരിശീലിക്കാം 

ഫിറ്റ്‌നസ് കാര്യങ്ങളില്‍ കൂടുതല്‍ പേര്‍ ജാഗ്രത പുലര്‍ത്തിവരുന്ന കാലമാണിത്. പ്രായ-ലിംഗഭേദമെന്യേ ഫിറ്റ്‌നസ് ഗോളിനായി പ്രയത്‌നിക്കാന്‍ മടിയില്ലാത്ത ധാരാളം പേരെ ഇന്ന് കാണാനാകും. എങ്കിലും പലര്‍ക്കും ചുരുങ്ങിയ സമയത്തിനകം വണ്ണം കുറയ്ക്കാനും ശരീരം 'ഫിറ്റ്' ആക്കാനും കഴിയില്ലെന്ന ചിന്ത വരാറുണ്ട്. 

എന്നാല്‍ ഇത്തരം ചിന്തകളില്‍ യഥാര്‍ത്ഥത്തില്‍ വലിയ കഴമ്പില്ലെന്നതാണ് വസ്തുത. പരിശ്രമിക്കാന്‍ തയ്യാറായാല്‍ മൂന്നേ മൂന്ന് മാസം കൊണ്ട് ശരീരം ഫിറ്റാക്കി മാറ്റാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്. ഇതിനായി നിര്‍ബന്ധമായും കൃത്യമായും ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ചും സൂചിപ്പിക്കാം. 

കലോറിയില്‍ പിടിക്കാം...

ആദ്യം ചെയ്യേണ്ടത് നാം ദിവസവും കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് ലഭ്യമാകുന്ന കലോറിയുടെ അളവ് പരിമിതപ്പെടുത്തുകയെന്നതാണ്. അല്ലെങ്കില്‍ നമ്മുടെ ശരീരഭാരത്തിന് അനുസരിച്ച് അതിനെ ക്രമീകരിക്കുകയെന്നും പറയാം. ഫിറ്റ്‌നസ് തല്‍പരര്‍ക്കായി പ്രത്യേകം തയ്യാറാക്കപ്പെട്ട ആപ്പുകള്‍ മുഖേന ഓരോരുത്തര്‍ക്കും അവരവരുടെ ശരീരം ആവശ്യപ്പെടുന്ന കലോറി എത്രയാണെന്ന് മനസിലാക്കാനാകും. 

പ്രതിദിനം നമ്മുടെ ശരീരത്തിന് വേണ്ടിവരുന്നത് 2000 കലോറിയാണെന്ന് കരുതുക. അങ്ങനെയെങ്കില്‍ 1700- 1800 കലോറിയിലേക്ക് അതിനെ ഒതുക്കുക. പിന്നീട് പതിയെ ഇത് 1500 വരെയെത്തിക്കാം. അതിലും താഴേക്ക് പോകരുത്. കാരണം നമ്മുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് കലോറി ആവശ്യമാണ്. 

വ്യായാമം തുടങ്ങാം...

അടുത്ത ഘട്ടത്തില്‍ വ്യായാമം തുടങ്ങാം. ശരീരത്തിന്റെ ഫിറ്റ്‌നസ് ആണ് ലക്ഷ്യമെങ്കിലും ഇവിടെ മനസിന്റെ സന്തോഷത്തെ പരിപൂര്‍ണ്ണമായി മാറ്റിനിര്‍ത്തരുത്. അതായത്, മാനസിക സമ്മര്‍ദ്ദം അനുഭവിച്ചുകൊണ്ട് വര്‍ക്കൗട്ട് ചെയ്യുന്ന ഒരാള്‍ക്ക് അതിന്റെ ഫലം ലഭിക്കണമെന്നില്ല. 

അതിനാല്‍ മനസിന് കൂടി ആശ്വാസം പകരുന്ന തരത്തിലുള്ള ഏത് വ്യായാമമുറയും പരിശീലിക്കാം. ജിമ്മില്‍ പോകുന്നതാണ് താല്‍പര്യമെങ്കില്‍ അത് പിന്തുടരാം. അതേസമയം മറ്റ് കായികപരിപാടികളിലാണ് താല്‍പര്യമെങ്കില്‍ അവയും ചെയ്യാവുന്നതാണ്. 

നടപ്പിലും കാര്യമുണ്ട്...

വണ്ണം കുറയ്ക്കുന്നതിന് പ്രധാനമായും സഹായകമാകുന്നൊരു വ്യായാമമാണ് നടപ്പ്. ദിവസവും പതിനായിരം സ്റ്റെപ്പ് എന്നതാണ് ഇതിന്റെ കണക്കെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. 

പ്രതിദിനം 400-500 കലോറി വരെ എരിച്ചുകളയാന്‍ ഇത്രയും നടപ്പ് കൊണ്ടാകും. അങ്ങനെ വരുമ്പോള്‍ ആഴ്ചയില്‍ 2800-3500 കലോറി വരെ നാം ഉപയോഗിച്ചുകളയുന്നു.

ചെറിയ കാര്യങ്ങളിലും പ്രയോജനം...

വ്യായാമവും നടപ്പും ഡയറ്റിലെ നിയന്ത്രണവുമെല്ലാം ചെയ്യുന്നതിനൊപ്പം തന്നെ നിത്യജീവിതത്തില്‍ എല്ലായ്‌പോഴും ചെയ്യാവുന്ന ചില കാര്യങ്ങള്‍ കൂടി പരീക്ഷിക്കുക. ലിഫ്റ്റ് ഉപയോഗിക്കാതെ പടികള്‍ കയറിയിറങ്ങുക. ചെറിയ ദൂരത്തേക്കാണെങ്കില്‍ വാഹനം പിടിച്ച് പോകാതെ സൈക്ലിംഗ്, നടപ്പ് എന്നിവയെ ആശ്രയിക്കുക. ഫോണില്‍ സംസാരിക്കുകയോ പാട്ട് കേള്‍ക്കുകയോ ചെയ്യുമ്പോള്‍ അല്‍പം നടക്കുക. ദീര്‍ഘനേരം ഒരിടത്ത് തന്നെ ഇരിക്കാതെ ഇടവിട്ട സമയങ്ങളില്‍ എഴുന്നേറ്റ് നടക്കുകയോ സ്‌ട്രെച്ചിംഗോ ചെയ്യുക. എന്നിവയെല്ലാം ഇക്കൂട്ടത്തില്‍ പെടുന്നതാണ്.

ഇത്തരത്തില്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം ചിട്ട പോലെ ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും മൂന്ന് മാസത്തിനകം തന്നെ അതിന് ഫലം കാണുമെന്നാണ് ഫിറ്റ്‌നസ് പരിശീലകര്‍ പറയുന്നത്.

Also Read:- ഇനി വർക്കൗട്ട് മുഖ്യം ബിഗിലേ; ചിത്രങ്ങള്‍ പങ്കുവച്ച് അഹാന കൃഷ്ണ...