പ്രമേഹം ഒരു രോഗം എന്നതിനെക്കാളൊക്കെ ജീവിതശൈലിയുടെ ഭാഗമായി വരുന്ന അനാരോഗ്യകരമായ അവസ്ഥയായാണ് പലപ്പോഴും കണക്കാക്കിവരുന്നത്. പ്രമേഹം പിടിപെടാനുള്ള കാരണങ്ങളില്‍ ഒന്ന് മാത്രമാണ് ജീവിതരീതികളെങ്കില്‍ പോലും, മിക്കവാറും അത് വലിയ കാരണമായി മാറുന്ന സാഹചര്യങ്ങളും നമ്മള്‍ കാണാറുണ്ട്. 

ഏത് കാരണത്താലാണ് പ്രമേഹം പിടിപെടുന്നത് എങ്കിലും, രോഗം കണ്ടെത്തിയതിന് ശേഷം ജീവിതരീതികളില്‍ പുലര്‍ത്തേണ്ട ജാഗ്രത വളരെ പ്രധാനപ്പെട്ടതാണ്. ഭക്ഷണം മാത്രമല്ല, ഉറക്കം, ചിട്ടയായ വ്യായാമം, ആരോഗ്യകരമായ മാനസികാവസ്ഥ- എന്നിങ്ങനെ പല കാര്യങ്ങളും ഒരു പ്രമേഹരോഗി ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരത്തില്‍ നിര്‍ബന്ധമായും നിത്യജീവിതത്തില്‍ കരുതേണ്ട അഞ്ച് കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. 

ഒന്ന്...

എത്ര തിരക്ക് പിടിച്ച സമയമാണെങ്കിലും പ്രമേഹമുള്ളയൊരാള്‍ രാവിലെ ഭക്ഷണം ഒഴിവാക്കരുത്. നിര്‍ബന്ധമായും എന്തെങ്കിലുമൊരു പോഷകം അടങ്ങിയ ഭക്ഷണം രാവിലെ കഴിക്കുക.

 

 

കാരണം പ്രഭാതഭക്ഷണം ഒഴിവാക്കുമ്പോള്‍ രക്തത്തിലെ ഷുഗറിന്റെ അളവ് ഉയരുന്നു. ഇത് പ്രമേഹമുള്ളവരിലാണെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളിലേക്ക് വഴിവച്ചേക്കാം. 

രണ്ട്...

പ്രമേഹരോഗിയുടെ കാര്യത്തില്‍ ഭക്ഷണം തന്നെയാണ് ഏറ്റവും സുപ്രധാനമായ ഘടകം. മറ്റെന്തും അതിന് പിന്നില്‍ മാത്രമാണ് വരുന്നത്. അതിനാല്‍ നിയന്ത്രണമില്ലാത്ത തരത്തില്‍ ഭക്ഷണം കഴിക്കരുത്. മാത്രമല്ല, പ്രമേഹത്തെ ചെറുക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് ഡയറ്റിലുള്‍പ്പെടുത്താന്‍ കൂടി ശ്രദ്ധിക്കണം. 

മൂന്ന്...

പ്രമേഹമുള്ള ഒരാള്‍ കൃത്യമായ ഇടവേളകളില്‍ രക്തത്തിലെ ഷുഗറിന്റെ അളവ് പരിശോധിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ മടിയോ, അലസതയോ ഒരു കാരണവശാലും കാണിക്കരുത്. എത്ര ശ്രദ്ധിച്ചിട്ടും ഷുഗര്‍ കുറയുന്നതേയില്ലെങ്കില്‍ അത് വീണ്ടും മറ്റെന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളിലേക്ക് കൂടിയാകാം വിരല്‍ചൂണ്ടുന്നത്. ഇത് സമയത്ത് തിരിച്ചറിയണമെങ്കില്‍ കൃത്യമായ പരിശോധനകള്‍ നടത്തിയേ തീരൂ. 

നാല്...

പല്ലിന്റെ ആരോഗ്യവും പ്രമേഹവും തമ്മില്‍ ചില ബന്ധങ്ങളുണ്ട്. അതായത്, പല്ലിന്റെ ആരോഗ്യം മോശമാകുന്നത് രക്തത്തിലെ ഷുഗറിന്റെ അളവ് ഉയര്‍ത്തുമെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. മോണരോഗമാണെങ്കില്‍ അത് ടൈപ്പ്- 2 പ്രമേഹത്തിനും വഴിയൊരുക്കുമത്രേ. അതിനാല്‍ പല്ലും വായയും എപ്പോഴും ആരോഗ്യകരമായി ഇരിക്കും വിധം സൂക്ഷിക്കുക.

 

എന്തെങ്കിലും അസുഖകരമായ സംഗതികള്‍ കണ്ടെത്തിയാല്‍ ഉടനെ ഡെന്റിസ്റ്റിനെ കണ്ട് അതിന് വേണ്ട ചികിത്സയോ നിര്‍ദേശങ്ങളോ തേടുകയും വേണം. 

അഞ്ച്...

അഞ്ചാമതായി ശ്രദ്ധിക്കേണ്ടത്, ഉറക്കത്തിന്റെ കാര്യമാണ്. കൃത്യമായ ഉറക്കവും, ആഴത്തിലുള്ള ഉറക്കവും ഒരു പ്രമേഹരോഗിയെ സംബന്ധിച്ചിടത്തോളം നിര്‍ബന്ധമാണ്. അല്ലാത്ത പക്ഷം രക്തത്തിലെ ഷുഗര്‍ ലെവല്‍ ഉയരാന്‍ ഇത് കാരണമാകും. 'നാഷണല്‍ സ്ലീപ് ഫൗണ്ടേഷന്‍' തങ്ങളുടെ ഒരു പഠനറിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. അതിനാല്‍ ഉറക്കം നഷ്ടപ്പെടുത്തും വിധത്തിലുള്ള മാനസികസമ്മര്‍ദ്ദങ്ങള്‍ക്കോ മറ്റ് ശീലങ്ങള്‍ക്കോ പ്രമേഹമുള്ളവര്‍ കീഴടങ്ങാതിരിക്കുക.