താരന്‍ സമയത്തിന് ചികിത്സിച്ച് ഭേദപ്പെടുത്തിയില്ലെങ്കില്‍ അത് കടുത്ത മുടി കൊഴിച്ചിലിലേക്കും ചര്‍മ്മപ്രശ്‌നങ്ങളിലേക്കുമെല്ലാം നയിച്ചേക്കാം. ഇതിന് ഡെര്‍മറ്റോളജിസ്റ്റുകളെ സമീപിക്കുന്നവര്‍ നിരവധിയാണ്. അതുപോലെ പ്രകൃതിദത്തമായ മാര്‍ഗങ്ങള്‍ അവലംബിക്കാനാഗ്രഹിക്കുന്നവരുമുണ്ട്

താരന്‍ അകറ്റാന്‍ പല മാര്‍ഗങ്ങളും തേടുന്നവരുണ്ട്. മിക്കപ്പോഴും ഒരിക്കല്‍ വന്നാല്‍, പിന്നീട് ഒഴിഞ്ഞുമാറാത്ത വിധം ചേര്‍ന്നുനില്‍ക്കുന്ന പ്രശ്‌നമായി താരന്‍ മാറാറുണ്ട്. ഇത് മുടിയെ മാത്രമല്ല- ആത്മവിശ്വാസത്തിനെ വരെ ബാധിക്കാറുണ്ടെന്ന് പരാതിപ്പെടുന്നവരും ഏറെയാണ്. 

താരന്‍ സമയത്തിന് ചികിത്സിച്ച് ഭേദപ്പെടുത്തിയില്ലെങ്കില്‍ അത് കടുത്ത മുടി കൊഴിച്ചിലിലേക്കും ചര്‍മ്മപ്രശ്‌നങ്ങളിലേക്കുമെല്ലാം നയിച്ചേക്കാം. ഇതിന് ഡെര്‍മറ്റോളജിസ്റ്റുകളെ സമീപിക്കുന്നവര്‍ നിരവധിയാണ്. അതുപോലെ പ്രകൃതിദത്തമായ മാര്‍ഗങ്ങള്‍ അവലംബിക്കാനാഗ്രഹിക്കുന്നവരുമുണ്ട്. അവര്‍ക്ക് സഹായകമാകുന്ന, ആര്യവേപ്പുപയോഗിച്ച് നടത്താവുന്ന അഞ്ച് പരീക്ഷണമാര്‍ഗങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ആര്യവേപ്പില ഉപയോഗിച്ച് എണ്ണ തയ്യാറാക്കാം. സാധാരണ വെളിച്ചെണ്ണയിലേക്ക് അല്‍പം വേപ്പില ചേര്‍ത്ത് ചൂടാക്കിയെടുക്കണം. ഏറ്റവും ഒടുവിലായി ഏതാനും തുള്ളി ചെറുനാരങ്ങാനീര് കൂടി ചേര്‍ക്കാം. ഇത് മുടിയില്‍ തേച്ച ശേഷം വെയില് കൊള്ളാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. രാത്രിയില്‍ തേച്ചുവച്ച ശേഷം രാവിലെ കഴുകുന്നതാണ് ഉചിതം.


രണ്ട്...

ആര്യവേപ്പില പുറമേക്ക് ഉപയോഗിക്കുക മാത്രമല്ല, അത് അകത്തേക്കും എടുക്കാം. രാവിലെ അല്‍പം വേപ്പില കടിച്ച് ചവച്ച് നീരിറക്കണം. കയ്പുള്ളതിനാല്‍ ആവശ്യമെങ്കില്‍ അല്‍പം തേനും ചേര്‍ക്കാം. അതല്ലെങ്കില്‍ ഇലയിട്ട് തിളപ്പിച്ച് അരിച്ചെടുത്ത വെള്ളം കുടിച്ചാലും മതി. ഇതും താരന് ശമനമുണ്ടാക്കും. 

മൂന്ന്...

താരന്‍ പോകാന്‍ മറ്റൊരു നല്ല പരീക്ഷണമാണ് തൈരും ആര്യവേപ്പിലയും. വേപ്പില അരച്ച് പേസ്റ്റ് പരുവത്തിലാക്കി അതില്‍ തൈരും കൂട്ടിച്ചേര്‍ക്കുക. ശേഷം ഈ മിശ്രിതം തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കാം. 15-20 മിനുറ്റിന് ശേഷം കഴുകിക്കളയാം. 

നാല്...

ആര്യവേപ്പില കൊണ്ട് മാസ്‌ക് തയ്യാറാക്കി ഉപയോഗിക്കുകയും ചെയ്യാം. വേപ്പില നന്നായി പൊടിച്ചെടുത്ത് അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് ഈ മിശ്രിതം തലയില്‍ നന്നായി ചേര്‍ത്തുപിടിപ്പിക്കുക. 20 മിനുറ്റിന് ശേഷം കഴുകിക്കളയാം. 


അഞ്ച്...

കണ്ടീഷ്ണര്‍ ആയും ആര്യവേപ്പില ഉപയോഗിക്കാവുന്നതാണ്. ഇതിനായി വേപ്പില വെള്ളത്തിലിട്ട് തിളപ്പിക്കുക. ഇത് ആറിയ ശേഷം ഷാമ്പൂ ചെയ്ത മുടി ഇതുപയോഗിച്ച് കഴുകാം.

Also Read:- കൊവിഡ് ഭേദമായവരിലെ മുടികൊഴിച്ചിൽ തടയാൻ ചെയ്യേണ്ടത്; ഡോക്ടർ പറയുന്നു