പല തരത്തിലാണ് ഓരോരുത്തരിലും തലവേദന കടന്നുവരാറ്. ചിലര്‍ക്ക് ഒന്ന് വിശ്രമിച്ചാലോ, ഒരു കപ്പ് കാപ്പി കുടിച്ചാലോ ഒക്കെ മാറുന്ന തരത്തിലാണെങ്കില്‍ മറ്റ് ചിലരില്‍ അത് ചികിത്സ തേടുന്നത് വരെയും നീണ്ടുനില്‍ക്കുന്നതായിരിക്കും. എപ്പോഴും ഇടവിട്ട് തലവേദന വരുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ കണ്ട് അതിന്റെ കാരണം മനസിലാക്കി, അത് പരിഹരിക്കുന്നത് തന്നെയാണ് ബുദ്ധി. 

എങ്കിലും നിത്യജീവിതത്തിലെ ചില കാര്യങ്ങളില്‍ അല്‍പം കരുതലുണ്ടാകുന്നത് ഒരുപക്ഷേ, ഇടവിട്ട് തലവേദനയുണ്ടാകുന്ന സാഹചര്യം ഒഴിവാക്കിയേക്കും. അത്തരത്തിലുള്ള അഞ്ച് കാര്യങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്. 

ഒന്ന്...

ശരീരത്തില്‍ വേണ്ടത്ര ജലാംശം ഇല്ലാതെ വരുന്ന സാഹചര്യത്തില് തലവേദന അനുഭവപ്പെടാം. അതായത്, നിര്‍ജലീകരണത്തിലൂടെ കടന്നുപോകുന്ന അവസ്ഥ. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും ശീലമാക്കേണ്ടത് നിര്‍ബന്ധമാണ്. 

 

 

ഇതിന് പുറമേ മറ്റ് വല്ല മാനസിക- ശാരീരിക സമ്മര്‍ദ്ദമോ അസുഖങ്ങളോ ഉണ്ടെങ്കില്‍ വീണ്ടും വെള്ളത്തിന്റെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തേണ്ടി വരും. 

രണ്ട്...

ഭക്ഷണകാര്യങ്ങളില്‍ ചിട്ടയില്ലാതെ വരുമ്പോഴും തലവേദനയുണ്ടായേക്കാം. പ്രത്യേകിച്ച് പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് വളരെയധികം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. വളരെ 'ഹെവി' ആയിട്ടുള്ള ഭക്ഷണം തയ്യാറാക്കി, രാവിലെ കഴിക്കണം എന്നൊന്നുമില്ല. മുട്ടയോ, പഴമോ, അല്‍പം പാലോ, ഫ്രൂട്ട്‌സോ അങ്ങനെ എന്തെങ്കിലും കഴിച്ച് വയറിനെ അസുഖകരമായ അവസ്ഥയിലേക്കെത്താതെ സുരക്ഷിതമാക്കിയാല്‍ മാത്രം മതി. 

അതുപോലെ ഉച്ചയ്ക്കും രാത്രിയുമെല്ലാം ആഹാരം നിര്‍ബന്ധമാക്കുക. അത് നേരത്തേ സൂചിപ്പിച്ചത് പോലെ, ഒരുപാട് ഭക്ഷണം കഴിക്കുകയെന്നല്ല ഉദ്ദേശിക്കുന്നത്. എന്തെങ്കിലും വൃത്തിയായി കഴിക്കുക. രണ്ട് നേരത്തെ ഭക്ഷണം തമ്മില്‍ വളരെയധികം സമയത്തെ ഗ്യാപ് ഉണ്ടാകുന്നതും തലവേദനയ്ക്ക് കാരണമാകും. അക്കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. 

മൂന്ന്...

ദിവസം മുഴുവന്‍ ഇരുന്ന് ജോലി ചെയ്യുന്നവരാണ് ഇപ്പോള്‍ നമ്മളില്‍ കൂടുതല്‍ പേരും. ഇങ്ങനെ മണിക്കൂറുകളോളം ഒരുപോലെ ഇരിക്കുമ്പോള്‍, അത് ശരിയായ തരത്തിലല്ല ഇരിക്കുന്നതെങ്കില്‍ തീര്‍ച്ചയായും തലവേദന വരാനുള്ള സാധ്യതകള്‍ കൂടുതലാണ്. 

 

 

തലവേദന മാത്രമല്ല ദഹനപ്രശ്‌നങ്ങള്‍, ഉറക്കമില്ലായ്മ, കാലുവേദന എന്നിങ്ങനെ പല പ്രശ്‌നങ്ങളും ഇരിപ്പ് ശരിയല്ലാത്തത് മൂലം ഉണ്ടായേക്കാം. 

നാല്...

മദ്യപാനവും ചിലരില്‍ ഇടവിട്ടുള്ള തലവേദനയ്ക്ക് കാരണമാകാറുണ്ട്. ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന നിഗമനത്തിലെത്തിയ ശേഷവും തലവേദന ഉണ്ടാകുന്നുണ്ട് എങ്കില്‍, മദ്യപാനശീലമുള്ളവരാണെങ്കില്‍ ഇതൊരു കാരണമാകാന്‍ സാധ്യതയുണ്ട്. 

മദ്യപാനികളില്‍ കാണുന്ന തലവേദന അത്ര നിസാരമായ ഒന്നല്ലെന്ന് കൂടി ആരോഗ്യ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഒരുപക്ഷേ, ഇത് ക്രമേണ മറ്റ് അസുഖങ്ങളിലേക്കും വ്യക്തിപരമായി സ്വഭാവമാറ്റത്തിലേക്കും ഒരാളെ നയിച്ചേക്കും. 

അഞ്ച്...

മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍ എന്നിവയുടെ അമിതോപയോഗവും ഇന്ന് ഏറ്റവുമധികം പേരില്‍ തലവേദനയുണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. 

 

 

അതിനാല്‍ ഇത്തരത്തിലുള്ള സാധനങ്ങളുടെ ഉപയോഗം എപ്പോഴും പരിമിതപ്പെടുത്തണം. ഓഫീസില്‍ ഏറെ നേരം കംപ്യൂട്ടറിലിരുന്ന ഒരാള്‍ ഓഫീസ് സമയത്തിന് ശേഷം മൊബൈല്‍ ഫോണ്‍ സ്‌ക്രീനിലേക്ക് നോക്കിയിരിക്കുന്നത് വളരെധികം അപകടം പിടിച്ച പ്രവണതയാണ്. ഇത് സ്വയം മനസിലാക്കിക്കൊണ്ട് സമയത്തെ മറ്റെന്തെങ്കിലും കായികമായ വിനോദങ്ങളിലേക്ക് മാറ്റിനടുന്നതാണ് ഏറ്റവും ഉത്തമം.