മനുഷ്യശരീരം കൊറോണ വൈറസിന് പെറ്റുപെരുകാന്‍ അനുയോജ്യമായ ഇടമാണെന്നത് കൊണ്ടാണ് വീണ്ടും വൈറസുകള്‍ക്ക് ജനിതകവ്യതിയാനം സംഭവിച്ച് അവ രോഗവ്യാപനം നടത്തുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ട് തന്നെ രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കുന്നതിന് ഇപ്പോഴും നാമോരോരുത്തരും കരുതേണ്ടതുണ്ടെന്നും അല്ലാത്തപക്ഷം വീണ്ടും കൊവിഡ് തരംഗങ്ങളെത്തുമെന്നും ഇവര്‍ പറയുന്നു

കൊവിഡ് 19മായുള്ള നിരന്തര പോരാട്ടത്തില്‍ തന്നെയാണ് ( Covid 19 Crisis ) നാമിപ്പോഴും. ഇതിനിടെ ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസുകള്‍ ( Virus Mutants ) പല പ്രതിസന്ധികളും സൃഷ്ടിച്ചു. വാക്‌സിന്‍ വ്യാപകമായി ലഭിക്കും മുമ്പെത്തിയ 'ഡെല്‍റ്റ' വകഭേദം അതിശക്തമായ തരംഗമാണ് ( Covid Wave ) ഇന്ത്യയില്‍ സൃഷ്ടിച്ചത്. 

ഇതിന് ശേഷമെത്തിയ 'ഒമിക്രോണ്‍' മൂന്നാം തരംഗത്തിന് കാരണമായെങ്കില്‍ കൂടിയും 'ഡെല്‍റ്റ'യോളം രൂക്ഷമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചില്ല. വാക്‌സിനാണ് വലിയൊരു അളവ് വരെ ഇതിന് സഹായകമായതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

ഇപ്പോഴിതാ വീണ്ടും വൈറസ് വകഭേദങ്ങളെത്തുകയാണ്. ഏറ്റവും പുതുതായി എക്‌സ്-ഇ വകഭേദം. ഇനിയും വകഭേദങ്ങള്‍ വരുമെന്ന് തന്നെയാണ് ലോകാരോഗ്യ സംഘടനയില്‍ നിന്ന് അടക്കമുള്ള വിദഗ്ധര്‍ വ്യക്തമാക്കുന്നത്. 

മനുഷ്യശരീരം കൊറോണ വൈറസിന് പെറ്റുപെരുകാന്‍ അനുയോജ്യമായ ഇടമാണെന്നത് കൊണ്ടാണ് വീണ്ടും വൈറസുകള്‍ക്ക് ജനിതകവ്യതിയാനം സംഭവിച്ച് അവ രോഗവ്യാപനം നടത്തുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ട് തന്നെ രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കുന്നതിന് ഇപ്പോഴും നാമോരോരുത്തരും കരുതേണ്ടതുണ്ടെന്നും അല്ലാത്തപക്ഷം വീണ്ടും കൊവിഡ് തരംഗങ്ങളെത്തുമെന്നും ഇവര്‍ പറയുന്നു. 

ഇനിയും പുതിയ വൈറസുകളെത്തി, അവ വലിയ രീതിയില്‍ രോഗവ്യാപനം നടത്തിയാല്‍ തീര്‍ച്ചയായും രാജ്യത്ത് നാലാം തരംഗമുണ്ടാകാം. എപ്പോള്‍ വേണമെങ്കിലും ഇത്തരത്തില്‍ നാലാം തരംഗത്തിലേക്ക് നാം കടന്നേക്കാമെന്നാണ് വിലയിരുത്തല്‍. എന്നാലിത് വരേക്കും നാലാം തരംഗത്തിന്റെ സൂചനകളൊന്നും ലഭ്യമായിട്ടില്ല. അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നത് അത്തരം ആശങ്കകള്‍ക്ക് ഇടയാക്കുന്നുമുണ്ട്.

കൊവിഡ് നിയന്ത്രണങ്ങള്‍ വലിയ രീതിയില്‍ എടുത്തുമാറ്റപ്പെട്ടതും, വാക്‌സിനോടുള്ള അലംഭാവവും, പുതിയ വൈറസ് വകഭേദങ്ങള്‍ പഴയതിനേക്കാള്‍ തീവ്രത കുറഞ്ഞതാണെന്ന മിഥ്യാധാരണയുമെല്ലാം കൊവിഡ് വര്‍ധനവിലേക്ക് നയിച്ചിട്ടുണ്ട്. പക്ഷേ ഈ സമീപനങ്ങളെല്ലാം തന്നെ അനാരോഗ്യകരമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. നാലാം തരംഗത്തിലേക്കുള്ള സാധ്യതകള്‍ നിലനില്‍ക്കേ നിങ്ങള്‍ നിര്‍ബന്ധമായും ചെയ്യേണ്ട, മറന്നുപോകരുതാത്ത അഞ്ച് കാര്യങ്ങളെ കുറിച്ചാണിനി ഓര്‍മ്മിപ്പിക്കുന്നത്. 

ഒന്ന്...

പലരും നിലവില്‍ മാസ്‌ക് ധരിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. എന്നാല്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക. ഇത് രോഗവ്യാപനത്തെ വലിയ രീതിയില്‍ ചെറുക്കും. മൂക്കും വായയും കവിളുകളും മറയുന്ന രീതിയില്‍ കൃത്യമായി വേണം മാസ്‌ക് ധരിക്കാന്‍. തുണി കൊണ്ടുള്ള മാസ്‌കും ഫലപ്രദം തന്നെയാണ്. അവ ധരിച്ചാലും മതിയാകും. 

രണ്ട്...

കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കപ്പെട്ടതോടെ കാര്യമായ രീതിയില്‍ പൊതുപരിപാടികളും ആഘോഷങ്ങളുമെല്ലാം സംഘടിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ കഴിവതും ഇത്തരം പരിപാടികളില്‍ നിന്നെല്ലാം മാറിനില്‍ക്കുന്നതാണ് ഉചിതം. ആവശ്യമില്ലെങ്കില്‍ വീടിനോ, തൊഴിലിടത്തിനോ പുറത്ത് പോകാതിരിക്കുക. 

മൂന്ന്...

കൊവിഡിന്റെ ആദ്യഘട്ടങ്ങളിലെല്ലാം രോഗം സംശയിക്കുന്നവരും ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരും ക്വറന്റൈനില്‍ പോയിരുന്നു. എന്നാല്‍ പിന്നീടിങ്ങോട്ട് രോഗത്തോടുള്ള നിസാരമായ സമീപനം മൂലം രോഗലക്ഷണമുള്ളവരും, എന്തിനധികം രോഗമുള്ളവര്‍ തന്നെ യഥേഷ്ടം പുറത്തിറങ്ങി നടക്കാന്‍ തുടങ്ങി. ഈ പ്രവണത ശരിയല്ല. രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും ക്വറന്റൈനില്‍ പ്രവേശിപ്പിക്കുക. ഈ വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും ക്വറന്റൈനില്‍ പോവുക.

നാല്...

2020ല്‍ നാം ഏറ്റവുമധികം വാങ്ങിയ ഒന്നായിരിക്കും ഹാന്‍ഡ് സാനിറ്റൈസര്‍. എന്നാലിപ്പോള്‍ സാനിറ്റൈസര്‍ വാങ്ങിക്കുന്നവരുടെയും ഉപയോഗിക്കുന്നവരുടെയും എണ്ണം കുത്തനെ കുറഞ്ഞിട്ടുണ്ട്. ഹാന്‍ഡ് സാനിറ്റൈസറിന്റെ ഉപയോഗം കൊവിഡ് വ്യാപനം കാര്യമായ രീതിയില്‍ തന്നെ കുറയ്ക്കും. അതിനാല്‍ സാനിറ്റൈസര്‍ ഉപയോഗം ഉറപ്പിക്കുക. 

അഞ്ച്...

വാക്‌സിന്‍ ലഭ്യമായിത്തുടങ്ങിയപ്പോള്‍ ഏവരും വാക്‌സിന് വേണ്ടിയുള്ള മത്സരത്തിലായിരുന്നു. എന്നാലിപ്പോള്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചുകഴിഞ്ഞവര്‍ ബൂസ്റ്റര്‍ ഡോസിനോട് വലിയ താല്‍പര്യം കാണിക്കുന്നില്ല. അതാത് സമയത്തില്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നതാണ് ഉചിതം. ഇത് രോഗതീവ്രത കുറയ്ക്കാന്‍ ഏറെ ഉപകാരപ്രദമാണെന്ന് മനസിലാക്കുക.

Also Read:- കൊവിഡ് വാക്‌സിന്‍ ഉത്പാദനം നിര്‍ത്തിവച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്