ലോക്ക്ഡൗണ്‍ കാലാവധി നീട്ടുകയും, കൂടുതല്‍ നിയന്ത്രണങ്ങള്‍ വരികയും ചെയ്യുന്ന സാഹചര്യത്തില്‍ പുറത്തുപോകുമ്പോള്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധിതമായ ഒന്നാവുകയാണ്. മാസ്‌ക് ധരിക്കുമ്പോള്‍ അത് വെറുതെ ഒരു ആശ്വാസത്തിന് വേണ്ട മാത്രം ധരിച്ചിട്ട് കാര്യമില്ല. മാസ്‌ക് ഉപയോഗിക്കുന്നത് കൊണ്ട് ഫലം കാണണമെങ്കില്‍ അത് ധരിക്കുന്ന രീതിയും കൃത്യമായിരിക്കണം. അത്തരത്തില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്. 

ഒന്ന്...

ചിലര്‍ മാസ്‌ക് ധരിക്കുന്നത് മൂക്കിനെ താഴെയാണ്. ഇത് ഒട്ടും ശരിയായ രീതിയല്ല. മൂക്ക് പുറത്തേക്ക് നില്‍ക്കുന്ന രീതിയില്‍ മാസ്‌ക് ധരിക്കുമ്പോള്‍ നമ്മള്‍ അണുക്കള്‍ക്ക് ശരീരത്തിലേക്ക് എളുപ്പത്തില്‍ കടക്കാന്‍ അവസരം ഒരുക്കുകയാണ്. അതിനാല്‍ മാസ്‌ക് എപ്പോഴും മൂക്കിന് മുകളില്‍ വരത്തക്ക രീതിയില്‍ വക്കുക. 

രണ്ട്...

ഇനി, മൂക്കിന്റെ അഗ്രഭാഗം ഒന്ന് കവര്‍ ചെയ്യുന്ന തരത്തില്‍ മാത്രം മാസ്‌ക് ധരിക്കുന്നത് കൊണ്ടും പ്രയോജനമില്ല. മൂക്ക് മുഴുവനായി മൂടുന്ന തരത്തില്‍ തന്നെ വേണം മാസ്‌ക് ധരിക്കാന്‍. 

മൂന്ന്...

കവിളുകള്‍ പുറത്തേക്ക് വെളിപ്പെടുന്ന തരത്തിലുള്ള മാസ്‌കുകളും ധരിച്ചിട്ട് ഫലമില്ല. കവിളുകളും വായും മൂക്കും മൂടുന്ന തരത്തില്‍ തന്നെ മാസ്‌ക് ധരിക്കുക. 

Also Read:- തായ്‌വാനിലെ കുട്ടികൾ പിങ്ക് മാസ്ക് ധരിക്കാൻ ഭയപ്പെടുന്നു; ആരോ​ഗ്യമന്ത്രി ചെയ്തത്...

നാല്...

ചിലര്‍ വളരെ ലൂസായ മാസ്‌ക് ധരിച്ച് പോകുന്നത് കാണാം. എങ്ങനെയെങ്കിലും മാസ്‌ക് ഇട്ടാല്‍ മാത്രം മതിയെന്ന് ചിന്തിക്കരുത്. ഇത്തരത്തില്‍ അയഞ്ഞ മാസ്‌ക് ധരിക്കുന്നത് അണുക്കളുടെ പ്രവേശനത്തെ പ്രതിരോധിക്കില്ലെന്ന് മനസിലാക്കുക. അതിനാല്‍ മുഖത്ത് അല്‍പം ചേര്‍ന്നുകിടക്കുന്ന തരത്തില്‍ തന്നെ മാസ്‌ക് ധരിക്കുക. 

അഞ്ച്...

മറ്റ് ചിലര്‍ മാസ്‌ക് ധരിക്കുന്ന കാര്യത്തിലെല്ലാം കൃത്യമായിരിക്കും. എന്നാല്‍ ആരോടെങ്കിലും സംസാരിക്കുന്ന സമയത്ത് ആ മാസ്‌ക് താഴ്ത്തി കഴുത്തിലേക്ക് വയ്ക്കും. ഇങ്ങനെയാണെങ്കില്‍ മാസ്‌ക് ധരിക്കുന്നത് കൊണ്ട് എന്ത് പ്രയോജനം. അതിനാല്‍ മറ്റുള്ളവരുമായി ഇടപഴകുന്ന സമയത്ത് മാസ്‌ക് കൃത്യമായും ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. അതിലൂടെ സ്വയം സുരക്ഷിതരാണെന്നും ഉറപ്പിക്കുക.