നേരത്തെ ബിപിയുള്ളവരാണെങ്കില്‍ ചില കാര്യങ്ങള്‍ അവര്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം. പതിവായി ബിപി പരിശോധിക്കുക, ഡയറ്റ് അടക്കമുള്ള ജീവിതരീതികള്‍ വൃത്തിയായി ക്രമീകരിക്കുകയെല്ലാം ഇത്തരത്തില്‍ ചെയ്യാവുന്നതാണ്. 

നിത്യജീവിത്തില്‍ നാം പല ആരോഗ്യപ്രശ്നങ്ങളും നേരിടാറുണ്ട്. ഇക്കൂട്ടത്തിലാണ് പലപ്പോഴും ജീവിതശൈലീരോഗങ്ങളും ഉള്‍പ്പെടുത്താറെങ്കിലും മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജീവിതശൈലീരോഗങ്ങള്‍ എത്രമാത്രം അപകടകരമാണെന്ന് ഇന്ന് ധാരാളം പേര്‍ തിരിച്ചറിയുന്നുണ്ട്. ഷുഗര്‍, കൊളസ്ട്രോള്‍, ബിപി എന്നിവയെല്ലാം ഇത്തരത്തില്‍ ഏറെ ശ്രദ്ധ നല്‍കേണ്ട അവസ്ഥകളാണ്.

ബിപി അഥവാ രക്തസമ്മര്‍ദ്ദം ഉയരുന്ന അവസ്ഥയെ ഹൈപ്പര്‍ടെൻഷൻ എന്നാണ് വിളിക്കുന്നത്. ഹൈപ്പര്‍ടെൻഷൻ പല സന്ദര്‍ഭങ്ങളിലും ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള ജീവന് ഭീഷണിയാകുന്ന തരത്തിലേക്ക് മാറാറുണ്ട്. ഇതില്‍ അധികസാഹചര്യങ്ങളിലും ബിപി ഉയരുന്നത് രോഗിയോ ബന്ധപ്പെട്ടവരോ അറിയണമെന്നില്ല. എന്നാല്‍ രോഗി ഗുരുതരമായ അവസ്ഥയിലേക്ക് എത്തുമ്പോഴായിരിക്കും ഇക്കാര്യം കണ്ടെത്തുക. ദിനംപ്രതി ഇത്തരത്തിലുള്ള മരണങ്ങള്‍ നമ്മുടെ നാട്ടില്‍ ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. 

ഇവയില്‍ പല കേസുകളും നമുക്ക് അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ രക്ഷപ്പെടുത്തിയെടുക്കാവുന്നതേ കാണൂ. പ്രത്യേകിച്ച് നേരത്തെ ബിപിയുള്ളവരാണെങ്കില്‍ ചില കാര്യങ്ങള്‍ അവര്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം. പതിവായി ബിപി പരിശോധിക്കുക, ഡയറ്റ് അടക്കമുള്ള ജീവിതരീതികള്‍ വൃത്തിയായി ക്രമീകരിക്കുകയെല്ലാം ഇത്തരത്തില്‍ ചെയ്യാവുന്നതാണ്. 

സാധാരണഗതിയില്‍ ഹൈപ്പര്‍ടെൻഷനിലേക്ക് നയിക്കുന്ന ഇങ്ങനെയുള്ള ജീവിതരീതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇന്ന് എല്ലാവരും മനസിലാക്കുന്നുണ്ട്. എന്നാല്‍ അധികമാരും അറിയാത്ത ചില കാരണങ്ങള്‍ കൂടി ബിപി അധികരിക്കുന്നതിലേക്ക് നയിച്ചേക്കാം. അത്തരത്തിലുള്ള അഞ്ച് കാരണങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

വൈറ്റമിൻ-ഡിയുടെ കുറവ് പൊതുവെ എല്ലുകളെയും മുടിയെയുമെല്ലാം ബാധിക്കുമെന്നേ പറഞ്ഞുകേള്‍ക്കാറുള്ളൂ. എന്നാല്‍ വൈറ്റമിൻ -ഡി കാര്യമായ രീതിയില്‍ കുറയുന്നത് ഹൈപ്പര്‍ടെൻഷനിലേക്കും നയിച്ചേക്കാം. ഇത് ഹൃദയത്തിനും പ്രതികൂലമായ സാഹചര്യമുണ്ടാക്കാം. 

രണ്ട്...

പതിവായി ഉറക്കപ്രശ്നങ്ങള്‍ നേരിടുന്നവരിലും ബിപി അധികരിക്കാൻ സാധ്യതയുണ്ട്. മുതിര്‍ന്ന ഒരാള്‍ ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഉറങ്ങേണ്ടതുണ്ട്. ഇത് പതിവായി ആറ് മണിക്കൂറോ അതിന് താഴെയോ ആയി ചുരുങ്ങിയാല്‍ ക്രമേണ ഹൈപ്പര്‍ടെൻഷനിലേക്ക് നീങ്ങാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്ന് മാത്രമല്ല ശാരീരികാരോഗ്യത്തിന് പുറമെ മാനസികാരോഗ്യത്തെയും ഉറക്കമില്ലായ്മ കാര്യമായി തന്നെ ബാധിക്കാം. ഇടവിട്ട് ഉണരുക, ആഴത്തിലുള്ള ഉറക്കം കിട്ടാതിരിക്കുക, ഉറക്കസമയം കുറവാകുക എന്നീ പ്രശ്നങ്ങളെല്ലാം പരിഹരിക്കേണ്ടവയാണ്. 

മൂന്ന്...

ബിപിയുള്ളവര്‍ ഡയറ്റ് പാലിക്കണമെന്നത് നിര്‍ബന്ധമാണ്. ഇക്കാര്യം ആദ്യമേ സൂചിപ്പിച്ചുവല്ലോ. പ്രോസസ്ഡ് ഭക്ഷണങ്ങളെല്ലാം ബിപിയുള്ളവര്‍ ഒഴിവാക്കുന്നതാണ് ഉചിതം. അല്ലെങ്കില്‍ ഇവ ക്രമേണ നിങ്ങളെ അപകടത്തിലാക്കും. പാക്കറ്റ് ഭക്ഷണങ്ങള്‍- ഇത്തരത്തിലുള്ള പാനീയങ്ങളെല്ലാം ഒഴിവാക്കുന്നതാണ് നല്ലത്. 

നാല്...

ശാരീരികാരോഗ്യവുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ മാത്രമല്ല നമ്മെ ദോഷകരമായി ബാധിക്കുന്നത്. മാനസികാരോഗ്യത്തിനും ഇതില്‍ വലിയ പ്രാധാന്യമുണ്ട്. സ്ട്രെസ് ഉണ്ടാക്കുന്ന രോഗങ്ങളെ കുറിച്ച് കേട്ടിട്ടില്ലേ.... അനവധി ആരോഗ്യപ്രശ്നങ്ങളും രോഗങ്ങളുമാണ് സ്ട്രെസ് മൂലമുണ്ടാകുന്നത്. ബിപിയുടെ കാര്യവും മറിച്ചല്ല. സാമൂഹികമായി ഉള്‍വലിഞ്ഞ് ജീവിക്കുക, ഏകാന്തവാസം, സൗഹൃദങ്ങളോ മറ്റ് അടുത്ത ബന്ധങ്ങളോ ഇല്ലാതിരിക്കുകയെല്ലാം ക്രമേണ ഹൈപ്പര്‍ടെൻഷനിലേക്ക് ചില വ്യക്തികളെ നയിക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സ്ട്രെസ് തന്നെ ഇവിടെ മൂലകാരണമായി വരുന്നത്. 

അഞ്ച്...

ചില മരുന്നുകളെടുക്കുന്നവരില്‍ ഇതുമൂലവും ഹൈപ്പര്‍ടെൻഷനുണ്ടാകാം. അതിനാല്‍ തന്നെ ബിപിയുള്ളവര്‍ മറ്റ് രോഗങ്ങള്‍ക്ക് മരുന്നുകളെടുക്കും മുമ്പ് ഡോക്ടറോട് ഇക്കാര്യം ചര്‍ച്ച ചെയ്തിരിക്കണം. 

Also Read:- ബിപി പെട്ടെന്ന് ഉയർന്നാൽ അതെങ്ങനെ തിരിച്ചറിയാം?