ചിലരുണ്ട് എത്ര കഷ്ടപ്പെട്ട് വണ്ണം കുറച്ചാലും മുഖത്തിന്റെ വണ്ണം കുറയുന്നില്ലല്ലോ എന്ന് പരാതിപ്പെടുന്നവര്‍. മുഖത്ത് അമിതമായി കൊഴുപ്പടിയുന്നത് മൂലമാകാം ഇങ്ങനെ സംഭവിക്കുന്നത്. രണ്ട് തരം കാരണങ്ങളാണ് പ്രധാനമായും ഇതിന് പിന്നിലുള്ളത്. 

ഒന്ന് ജനിതകമായ കാരണങ്ങളോ ഹോര്‍മോണ്‍ വ്യതിയാനങ്ങളോ കൊണ്ട് സംഭവിക്കുന്നത്. അതല്ലെങ്കില്‍ എന്തെങ്കിലും മരുന്ന് പതിവായി കഴിക്കുന്നതിന്റെ ഭാഗമായി വരുന്നത്. രണ്ടാമതായി മോശം ഡയറ്റ്, അമിതവണ്ണം, പുകവലി, നിര്‍ജലീകരണം, മദ്യപാനം എന്നിങ്ങനെയൊക്കെയുള്ള കാരണങ്ങള്‍. രണ്ടാമത് പറഞ്ഞ കാരണങ്ങളെ ജീവിതശൈലിയുമായി ബന്ധപ്പെടുത്തിത്തന്നെ പറയാവുന്നതാണ്. 

ഇനി മുഖത്ത് കൊഴുപ്പടിയുന്നത് ഒഴിവാക്കാന്‍ ചില മാര്‍ഗങ്ങള്‍ പറയാം. ഇതും ജീവിതരീതികളില്‍ തന്നെ വരുത്തേണ്ട ചില കരുതലുകളും മാറ്റങ്ങളുമാണ്. 

ഒന്ന്...

മുഖത്തിന് പ്രത്യേകം വേണ്ടുന്ന വ്യായാമമുണ്ട്. പതിവായി അത് ചെയ്യുന്ന എത്രയോ പേരുണ്ട്. മുഖത്തെ പേശികളുടെ ബലം കൂട്ടാനും, കൊഴുപ്പ് കുറയ്ക്കാനുമാണ് ഇത് സഹായകമാകുക. 

 

പ്രായമാകുന്നതിന്റെ ഭാഗമായി ചര്‍മ്മത്തിന് സംഭവിക്കുന്ന ചുളിവുകള്‍ കുറയ്ക്കുന്നതിനും ഒരു പരിധി വരെ 'ഫേഷ്യല്‍ എക്‌സര്‍സൈസ്' ഉപകരിക്കും. ഇതിനൊപ്പം തന്നെ ശരീരത്തിന് അമിതവണ്ണമുണ്ടെങ്കില്‍ അത് കുറയ്ക്കാനുള്ള ശ്രമവും തീര്‍ച്ചയായും നടത്തണം. 

രണ്ട്...

ഏത് ആരോഗ്യപ്രശ്‌നത്തേയും ചെറുക്കാനുള്ള ഒരു വഴി ധാരാളം വെള്ളം കുടിക്കുക എന്നതാണ്. ഇവിടെയും അത് ഒരു പരിഹാരം തന്നെ. ദിവസം മുഴുവനും ഇടവിട്ട് വെള്ളം കുടിക്കുന്നതോടെ വണ്ണം കുറയ്ക്കല്‍ എളുപ്പമാകുന്നു. അത് സ്വാഭാവികമായും മുഖത്തെ കൊഴുപ്പിനെ എരിച്ചുകളയുന്നതിനും സഹായിക്കും. 

മൂന്ന്...

ഉറക്കമാണ് മറ്റൊരു പ്രധാന പ്രശ്‌നം. എല്ലാ ദിവസവും കുറഞ്ഞത് ആറ് മണിക്കൂര്‍ നേരത്തെ സുഖകരമായ ഉറക്കം ഉറപ്പിക്കണം. ഇല്ലെങ്കില്‍ മുഖം അസാധാരണമായ തരത്തില്‍ തടിച്ചിരിക്കുന്നതായി കാണപ്പെടാം. മാത്രമല്ല, കണ്ണിന് താഴെ കറുപ്പും തടിപ്പും ഉണ്ടാകാനും ഇത് കാരണമാകും. 

 

 

നിരവധി ആരോഗ്യപ്രശ്‌നങ്ങളുടെ കാരണമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്ന വിഷയമാണ് ഉറക്കമില്ലായ്മ. അതിനാല്‍ ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാതിരിക്കുക. 

നാല്...

നേരത്തേ മുഖത്തിന് വേണ്ട വ്യായാമത്തെക്കുറിച്ചാണ് നമ്മള്‍ പറഞ്ഞത്. ഇതിനോടൊപ്പം തന്നെ ചേര്‍ത്ത് പറയേണ്ടതാണ് 'കാര്‍ഡിയോ എക്‌സര്‍സൈസ്'. ഇതിന് ആവശ്യമെങ്കില്‍ പരിശീലകരുടെ നിര്‍ദേശങ്ങള്‍ തേടാവുന്നതാണ്. കൊഴുപ്പിനെ എരിച്ചുകളയാന്‍ വളരെയധികം സഹായകമാണ് 'കാര്‍ഡിയോ എക്‌സര്‍സൈസ്'. 

അഞ്ച്...

ഡയറ്റില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യത്തെപ്പറ്റിയാണ് ഇനി സൂചിപ്പിക്കുന്നത്. അമിതമായി 'സാള്‍ട്ട്' അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പരമാവധി ഒഴിവാക്കുക. ഉപ്പിലടങ്ങിയിരിക്കുന്ന സോഡിയം ആണ് ഇവിടെ വില്ലനാകുന്നത്. പ്രോസസ്ഡ് ഭക്ഷണസാധനങ്ങളാണ് ഇക്കാര്യത്തില്‍ നിയന്ത്രിക്കേണ്ടത്. പൊതുവേ ഉപ്പിന്റെ ഉപയോഗം ക്രമീകരിക്കുന്നത് തന്നെയാണ് ആരോഗ്യകരം.