പുതിയകാലത്ത് ജോലിയുടെ ഭാഗമായി സമ്മര്‍ദ്ദമനുഭവിക്കാത്ത ചെറുപ്പക്കാര്‍ കുറവാണെന്ന് തന്നെ പറയാം. ഓരോ ദിവസവും മാനസികസമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോകുന്നത് ക്രമേണ ഉറക്കമില്ലായ്മ, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയിലേക്കാണ് ഇത്തരക്കാരെ നയിക്കുക. 

എന്നാല്‍ ജോലിസ്ഥലത്തെ പ്രവര്‍ത്തനങ്ങളും അവിടുത്തെ ജീവിതവും ഒന്ന് മാറ്റി ക്രമീകരിക്കുന്നത് മൂലം ഒരു പരിധി വരെ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് രക്ഷ നേടാനാകും. അത്തരത്തിലുള്ള അഞ്ച് മാര്‍ഗങ്ങളെക്കുറിച്ചാണ് ഇനി വിശദീകരിക്കുന്നത്.

ഒന്ന്...

ജോലിസ്ഥലത്തെത്തുന്നതിന് മുമ്പായോ, എത്തിയതിന് ശേഷമോ ആദ്യം ചെയ്യേണ്ടത്, അന്നത്തെ ദിവസം ചെയ്യേണ്ടുന്ന കാര്യങ്ങളെക്കുറിച്ചൊരു പ്ലാന്‍ തയ്യാറാക്കലാണ്. മികച്ച ഒരു ഡേ പ്ലാന്‍ തയ്യാറാക്കണം എന്നോ ഇത് തയ്യാറാക്കുന്നതിലൂടെ ജോലിസ്ഥലത്തെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്നോ അല്ല ഇതുകൊണ്ടുദ്ദേശിക്കുന്നത്. 

 

 

അപ്രതീക്ഷിതമായി പുതിയ ജോലികള്‍ വരികയോ പുതിയ പ്രതിസന്ധികള്‍ വരികയോ ഒക്കെ ചെയ്‌തേക്കാം. എങ്കിലും കാല്‍ ശതമാനം പ്രശ്‌നങ്ങളെങ്കിലും നമ്മടെ വരുതിയിലാക്കാന്‍ ഈ പ്ലാനിംഗ് സഹായിക്കും. 

രണ്ട്...

രണ്ടാമതായി പ്ലാന്‍ അനുസരിച്ച് സമയബന്ധിതമായി കാര്യങ്ങള്‍ മുന്നോട്ടുനീക്കണം. ഇത് നിര്‍ബന്ധമായും ശ്രദ്ധിച്ചിരിക്കേണ്ട ഒരു സുപ്രധാന ഘടകമാണ്. കാരണം, സമയത്ത് ജോലി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതോ, ജോലി ബാക്കിയാകുന്നതോ ഒക്കെയാണ് പലപ്പോഴും 'സ്‌ട്രെസ്' ഉണ്ടാകാന്‍ കാരണമാകുന്നത്. ഈ പ്രശ്‌നം ഒഴിവാക്കാനായി, സമയം നിശ്ചയിച്ച് തന്നെ ജോലിയെടുത്ത് ശീലിക്കുക. 

മൂന്ന്...

ഒരുപക്ഷേ നിങ്ങളുടെ സഹപ്രവര്‍ത്തകരും ബോസും നിങ്ങള്‍ക്ക് വളരെയേറെ പിന്തുണ നല്‍കുന്നവരും നിങ്ങളോട് സൗമ്യമായി പെരുമാറുന്നവരും ആകാം. എങ്കിലും ഈ രണ്ട് വിഭാഗങ്ങളോടും കൃത്യമായൊരു അകലം പാലിക്കുന്നതാണ് ആരോഗ്യകരമായ ജോലി സാഹചര്യത്തിന് നല്ലത്. ആരോടും അമിതമായ അടുപ്പത്തിന് നില്‍ക്കരുത്, അതല്ലെങ്കില്‍ ജോലിസമയത്ത് അത് പ്രകടമാക്കരുത്. 

 

 

അതുപോലെ ആരുമായും അഭിപ്രായവ്യത്യാസത്തോടെ മുന്നോട്ട് പോവുകയും അരുത്. ഇവ രണ്ടും നിങ്ങളുടെ ജോലിയെ പ്രതികൂലമായി ബാധിക്കും. അതുവഴി നിങ്ങളുടെ മനസിനേയും. 

നാല്...

ജോലിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സംശയങ്ങളെ അപ്പഴപ്പോള്‍ തന്നെ നിവാരണം ചെയ്ത് മുന്നോട്ട് നീങ്ങണം. ഇക്കാര്യത്തില്‍ കോംപ്ലക്‌സോ ഈഗോയോ വച്ചുപുലര്‍ത്തുന്നത് 'പ്രൊഫഷണലിസ'ത്തിന് യോജിക്കുന്നതല്ല. ഇത്തരത്തില്‍ ചോദ്യങ്ങള്‍ ചോദിച്ചും സംശയങ്ങള്‍ പരിഹരിച്ചും മുന്നോട്ട് പോകുന്നത് നിങ്ങളുടെ ജോലിയുടെ 'ക്വാളിറ്റി' വര്‍ധിപ്പിക്കും. 

അഞ്ച്...

എത്ര തിരക്കിട്ട ജോലിയാണെങ്കിലും അടുപ്പിച്ച് മണിക്കൂറുകളോളം ഒരുപോലെ ഇരിക്കുന്നത് ഒഴിവാക്കണം. ഇത് ശരീരത്തേയും മനസിനേയും മോശമായി ബാധിക്കും. അതിനാല്‍ ഇടയ്ക്ക് ചെറിയ ഇടവേളകളെടുക്കുക. ചായ കഴിക്കുകയോ, പുറത്തിറങ്ങി ശുദ്ധവായു ശ്വസിക്കുകയോ ഒന്ന് നടക്കുകയോ പടികള്‍ കയറിയിറങ്ങുകയോ ചെയ്യാം. ഇതിന് ശേഷം വീണ്ടും വന്നിരിക്കുമ്പോള്‍ മനസിന് ഒരു 'ഫ്രഷ്‌നെസ്' അനുഭവപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഈ ഇടവേളകള്‍ നേരത്തേ സമയം വച്ച് ജോലിയെ ഭാഗിക്കുന്നതിനൊപ്പം തന്നെ നിശ്ചയിക്കാം.