ഒരാഴ്ചയോളം ചികിത്സയില്‍ തുടര്‍ന്നെങ്കിലും കുഞ്ഞിനെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കുകയില്ലെന്ന് ഡോക്ടര്‍മാര്‍ മനസിലാക്കി. ഒടുവില്‍ അവളുടെ മസ്തിഷ്‌ക മരണവും സ്ഥിരീകരിച്ചു. ഈ ഘട്ടത്തിലാണ് ഡോക്ടര്‍മാര്‍ അവയവദാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കുഞ്ഞിന്റെ പിതാവുമായി സംസാരിക്കാന്‍ തീരുമാനിച്ചത്. മകള്‍ നഷ്ടപ്പെടുന്ന തീരാവേദനയ്ക്കിടയിലും അവയവദാനത്തിന് ആ പിതാവ് സമ്മതം മൂളി 

അവയവദാനവുമായി ബന്ധപ്പെട്ട ഓരോ വാര്‍ത്തകളും ( Organ Donation ) ഒരേസമയം പ്രതീക്ഷയും ആശ്വാസവും ( Hope and Relief ) എന്നാല്‍ വേദനയും പകരുന്നതാണ്. അപ്രതീക്ഷിതമായി ഒരു ജീവന്‍ നഷ്ടപ്പെടുകയും പകരം മറ്റ് ജീവനുകള്‍ സുരക്ഷിതമാക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം. ഇത്തരമൊരു വാര്‍ത്തയാണ് ഇന്ന് ഛണ്ഡീഗഡില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരിയുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ നാല് പേര്‍ക്കാണ് പുതുജീവന്‍ ലഭിച്ചിരിക്കുന്നത്. മുംബൈയിലും ദില്ലിയിലും ഉള്ള രണ്ട് പേര്‍ക്കും, ഛണ്ഡീഗഡില്‍ പെണ്‍കുട്ടി ചികിത്സയിലുണ്ടായിരുന്ന ആശുപത്രിയിലെ രണ്ട് പേര്‍ക്കുമാണ് അവയവങ്ങള്‍ ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. 

ഡിസംബര്‍ 22നാണ് വീഴ്ചയില്‍ പരിക്കേറ്റ കുഞ്ഞിനെ ഛണ്ഡീഗഡിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. വീഴ്ചയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും അബോധാവസ്ഥയിലാവുകയും ചെയ്ത പെണ്‍കുട്ടിയുടെ ആരോഗ്യനില പിന്നീട് മോശമായതോടെ ഛണ്ഡീഗഡിലെ പിജിഐഎംഇആറിലേക്ക് മാറ്റുകയായിരുന്നു. 

ഇവിടെ ഒരാഴ്ചയോളം ചികിത്സയില്‍ തുടര്‍ന്നെങ്കിലും കുഞ്ഞിനെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കുകയില്ലെന്ന് ഡോക്ടര്‍മാര്‍ മനസിലാക്കി. ഒടുവില്‍ അവളുടെ മസ്തിഷ്‌ക മരണവും സ്ഥിരീകരിച്ചു. ഈ ഘട്ടത്തിലാണ് ഡോക്ടര്‍മാര്‍ അവയവദാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കുഞ്ഞിന്റെ പിതാവുമായി സംസാരിക്കാന്‍ തീരുമാനിച്ചത്. 

മകള്‍ നഷ്ടപ്പെടുന്ന തീരാവേദനയ്ക്കിടയിലും അവയവദാനത്തിന് ആ പിതാവ് സമ്മതം മൂളി. ഒരിക്കലും ഒരു കുടുംബവും ഇങ്ങനെയൊരു അവസ്ഥയിലൂടെ കടന്നുപോകരുതെന്ന് താന്‍ ആഗ്രഹിക്കുന്നതായും എന്നാല്‍, അവളുടെ ജീവന്‍ മറ്റ് പലര്‍ക്കും ആശ്രയമാകുമെങ്കില്‍, അവരുടെ കുടുംബങ്ങളെങ്കിലും ഞങ്ങള്‍ അനുഭവിക്കുന്ന വേദനയിലേക്ക് എത്താതിരിക്കുമെങ്കില്‍ അവളുടെ അവയവങ്ങള്‍ ദാനം ചെയ്യുന്നത് തന്നെയാണ് ഉചിതമെന്ന് തങ്ങള്‍ ചിന്തിച്ചതായും പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു.

ഹൃദയവും കരളും വൃക്കകളും പാന്‍ക്രിയാസുമാണ് പെണ്‍കുട്ടിയുടേതായി എടുത്തിരിക്കുന്നത്. 

'ദാതാവ് തയ്യാറാകുന്ന നിമിഷം മുതല്‍ കാര്യങ്ങള്‍ വേഗതയിലായി വരും. ഹൃദയത്തിനും കരളിനും യോജിച്ച രോഗികള്‍ ഞങ്ങളുടെ ആശുപത്രിയിലുണ്ടായിരുന്നില്ല. ഉടന്‍ തന്നെ ഞങ്ങള്‍ അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്ന മറ്റ് ആശുപത്രികളുമായി ബന്ധപ്പെട്ടു. അങ്ങനെയാണ് മുംബൈയിലും ദില്ലിയിലുമുള്ള യോജിച്ച സ്വീകര്‍ത്താക്കളെ കണ്ടെത്തിയത്. ഈ ഉദ്യമത്തിന് സഹായിച്ച എല്ലാവരോടും നന്ദിയുണ്ട്. പ്രത്യേകിച്ച് താങ്ങാനാകാത്ത ദുഖത്തിനിടെയും ഇത്തരത്തില്‍ സധൈര്യം തീരുമാനമെടുത്ത പെണ്‍കുട്ടിയുടെ കുടുംബത്തിനാണ് നന്ദി അറിയിക്കുന്നത്...'- പിജിഐഎംഇആര്‍ അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ടും റീജണല്‍ ഓര്‍ഗന്‍ ആന്റ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ ( നോര്‍ത്ത് ) നോഡല്‍ ഓഫീസറുമായ ഡോ. വിപിന്‍ കൗശല്‍ പറയുന്നു.

Also Read:- 'ഏട്ടന്‍ പോയിക്കഴിഞ്ഞ് പലരും ഞങ്ങളെ മറന്നു, സര്‍ക്കാര്‍ വാക്കുപറഞ്ഞ ജോലിയെങ്കിലും കിട്ടിയിരുന്നെങ്കിൽ'