Asianet News MalayalamAsianet News Malayalam

'ഏട്ടന്‍ പോയിക്കഴിഞ്ഞ് പലരും ഞങ്ങളെ മറന്നു, സര്‍ക്കാര്‍ വാക്കുപറഞ്ഞ ജോലിയെങ്കിലും കിട്ടിയിരുന്നെങ്കിൽ'

'അന്ന് അപകടം നടക്കുന്നതിന് അല്‍പം മുമ്പ് എന്നെ വിളിച്ചതാണ്. ദാ വരുന്നു എന്നാണ് എന്നോട് അവസാനമായി പറഞ്ഞത്. പിന്നെ ഞാന്‍ ആളെ കേട്ടിട്ടില്ല. കാണുന്നത് ആശുപത്രിയിലാണ്. കൈകാലുകളോ കണ്ണോ ഒന്നനങ്ങിക്കിട്ടിയാല്‍ സര്‍ജറിക്ക് കയറ്റാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. പക്ഷേ ഒന്നും ഉണ്ടായില്ല. അവയവദാന പത്രത്തില്‍ ഒപ്പ് വെക്കുമ്പോള്‍ അനുജിത്തേട്ടന്റെ ആഗ്രഹം മാത്രമായിരുന്നു മനസില്‍...'

wife of anujith whose organs donated for eight persons after death shares his memory
Author
Kollam, First Published Aug 13, 2021, 8:31 PM IST

ഇന്ന് ലോക അവയവദാന ദിനമാണ്. അവയവദാനത്തിന്റെ പ്രാധാന്യവും അതിന്റെ മൂല്യവും മാനുഷികതയുമെല്ലാം ഏറെ ചര്‍ച്ചയാകുന്ന ദിവസം. ഇന്ന് ഈ ചര്‍ച്ചകളെല്ലാം കണ്‍മുന്നില്‍ സജീവമായി നടക്കുമ്പോള്‍ കൊല്ലം കുളക്കട സ്വദേശി പ്രിന്‍സിയുടെ നെഞ്ചിനകത്ത് പ്രിയപ്പെട്ടവന്റെ ഓര്‍മ്മകള്‍ നിന്ന് കനക്കുകയാണ്. 

2020 ജൂലൈയില്‍ ബൈക്കപകടത്തില്‍ ഗുരുതര പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച അനുജിത്തിന്റെ അവയവങ്ങള്‍ എട്ട് പേര്‍ക്കാണ് ജീവിതം നല്‍കിയത്. ഹൃദയവും കണ്ണുകളും വൃക്കകളും ചെറുകുടലും കൈകളുമെല്ലാം അര്‍ഹരായ രോഗികള്‍ക്ക് 'മൃതസഞ്ജീവനി' പദ്ധതി പ്രകാരം എത്തിച്ചു. 

അന്ന് കേരളമാകെയും അനുജിത്തിനെയും കുടുംബത്തെയും വാഴ്ത്തി. ഭര്‍ത്താവിന്റെ വിയോഗശേഷം തനിച്ചായിപ്പോയ പ്രിന്‍സിക്കും മൂന്നുവയസുകാരനായ മകനും സംരക്ഷണം ഉറപ്പുവരുത്തുമെന്ന് പലരും വാഗ്ദാനം ചെയ്തു. കൂട്ടത്തില്‍ പ്രിന്‍സിക്ക് ഒരു ജോലി തരപ്പെടുത്തി നല്‍കാമെന്ന് സര്‍ക്കാരും ഉറപ്പ് നല്‍കി. 

സ്വര്‍ണം വിറ്റും വായ്പയെടുത്തും കടം വാങ്ങിയും പണിത വീട്ടില്‍ ആറ് മാസമേ അനുജിത്ത് താമസിച്ചുള്ളൂ.  വീടിന്മേലുള്ള ബാധ്യത അങ്ങനെ തന്നെ നിലനില്‍ക്കെയാണ് അപ്രതീക്ഷിതമായി അനുജിത്തിന്റെ മടക്കം. ആ മരണം ഒരുപാട് തിരിച്ചറിവുകളിലേക്കാണ് പ്രിന്‍സിയെ കൈപിടിച്ച് നടത്തിച്ചത്. 

'അനുജിത്തേട്ടന്‍ പോയിക്കഴിഞ്ഞ് പലരും എന്നെയും മോനെയും മറന്നു. ശരിക്കും അനുജിത്തേട്ടന്റെ കൂട്ടുകാരാണ് ഒരാശ്വാസമായത്. അവരുകൂടി ഇല്ലായിരുന്നെങ്കില്‍ ഞാന്‍ എന്താകുമായിരുന്നു എന്ന് പറയാന്‍ കഴിയില്ല. ഒന്നാമത് ഞാന്‍ ആ സമയത്ത് ഭ്രാന്തായത് പോലെ ആയിരുന്നു. അവയവദാനത്തിന് ഞങ്ങളൊരുമിച്ചാണ് അനുവാദമെഴുതിക്കൊടുത്തിരുന്നത്. എനിക്കെന്ത് സംഭവിച്ചാലും അക്കാര്യം നീ മറക്കരുതെന്ന് എടയ്ക്കിടെ ഓര്‍മ്മിപ്പിക്കും. പക്ഷേ അന്ന് തിരിച്ചുകിട്ടില്ല എന്ന് ഡോക്ടര്‍മാര്‍ അറിയിച്ച ആ സമയത്ത് എനിക്ക് ബോധമൊന്നും ഇല്ലാത്തത് പോലെ ആയിരുന്നു. ആശുപത്രിയില്‍ കിടന്ന് അലറിവിളിച്ചിരുന്നു. എങ്ങനെയാണ് ഞാന്‍ പേപ്പറിലെല്ലാം ഒപ്പിട്ടുകൊടുത്തതെന്ന് ഇപ്പോഴും ഓര്‍മ്മയില്ല. എല്ലാവരും അനുജിത്തേട്ടനെ കുറിച്ച് വാ തോരാതെ പറഞ്ഞു. എല്ലാവരും എന്നെയും മോനെയും ആശ്വസിപ്പിച്ചു. പക്ഷേ പിന്നെയാരും ഞങ്ങളെ ഓര്‍ത്തില്ല- അനുജിത്തേട്ടന്റെ കൂട്ടുകാരൊഴികെ...'- പ്രിന്‍സി പറയുന്നു. 

 

wife of anujith whose organs donated for eight persons after death shares his memory

 

നാട്ടില്‍ പൊതുപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം മുന്നിലായിരുന്നു അനുജിത്ത്. എം കോം പൂര്‍ത്തിയാക്കിയെങ്കിലും അര്‍ഹമായ ജോലിയൊന്നും കിട്ടിയിരുന്നില്ല. ആറ് വര്‍ഷം പ്രണയിച്ച ശേഷമാണ് പ്രിന്‍സിയെ വിവാഹം ചെയ്യുന്നത്. മകന്‍ കൂടി ജനിച്ചതോടെ അനുജിത്ത് ജീവിതത്തെ ഗൗരവത്തോടെ സമീപിക്കാന്‍ തുടങ്ങി. എങ്ങനെയും സ്വന്തമായി വീട് വേണമെന്നായി. കഷ്ടപ്പെട്ടിട്ടായാലും കടം ബാക്കിവച്ചിട്ടായാലും വീടെന്ന സ്വപ്നം അനുജിത്തും പ്രിന്‍സിയും നേടിയെടുത്തു. 

'ആളുടെ പൊസിറ്റീവ് ആറ്റിറ്റിയൂഡ് പറയാതിരിക്കാന്‍ പറ്റില്ല. ഏത് കാര്യത്തിലും ആള് മുന്നിലാണ്. ആര്‍ക്കും ഇഷ്ടമില്ലാത്തതായിട്ടില്ല. എല്ലാവരുടെയും പ്രിയപ്പെട്ട ആളാണ്. ഇടയ്ക്ക് ഇങ്ങനെയിരിക്കുമ്പോ എന്നോട് ചോദിക്കും ഞാന്‍ ഇല്ലാതായാല്‍ നീ എന്ത് ചെയ്യുമെന്ന്... ഞാന്‍ മോനെയും കൂട്ടി ആത്മഹത്യ ചെയ്യുമെന്നായിരുന്നു ആദ്യം ആ ചോദ്യത്തോടുള്ള എന്റെ ഉത്തരം. അന്നെന്നെ ഒരുപാട് വഴക്ക് പറഞ്ഞു. സ്‌നേഹത്തോടെ തന്നെ... ഒരിക്കലും അങ്ങനെ ചെയ്യരുത്. ധൈര്യമായി ജീവിക്കണം. നിനക്കതിന് പറ്റും. നീ മിടുക്കിയാണ്, ധൈര്യമുള്ള പെണ്‍കുട്ടിയാണ് എന്നെല്ലാം പറഞ്ഞു. മരിക്കുന്നതിന്റെ ദിവസങ്ങള്‍ക്ക് മുമ്പും എന്നോടീ ചോദ്യം ചോദിച്ചിരുന്നു. എന്നിട്ട് അന്നും കുറേ ഉപദേശം തന്നു. അപ്പോ എനിക്കറിയില്ലല്ലോ ഇങ്ങനെയൊക്കെ സംഭവിക്കാനിരിക്കുകയാണെന്ന്...- 

കൊവിഡ് കാലത്ത് ഒരു സൂപ്പര്‍മാര്‍ക്കറ്റിലായിരുന്നു അനുജിത്തിന് ജോലി. അവിടെ മോശമല്ലാത്തൊരു തസ്തികയിലേക്ക് മാറാനുള്ള അവസരവും ഒത്തുവന്നതായിരുന്നു. എന്നാല്‍ അതിന് മുമ്പേ അപകടം നടക്കുകയായിരുന്നു. 

'അന്ന് അപകടം നടക്കുന്നതിന് അല്‍പം മുമ്പ് എന്നെ വിളിച്ചതാണ്. ദാ വരുന്നു എന്നാണ് എന്നോട് അവസാനമായി പറഞ്ഞത്. പിന്നെ ഞാന്‍ ആളെ കേട്ടിട്ടില്ല. കാണുന്നത് ആശുപത്രിയിലാണ്. കൈകാലുകളോ കണ്ണോ ഒന്നനങ്ങിക്കിട്ടിയാല്‍ സര്‍ജറിക്ക് കയറ്റാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. പക്ഷേ ഒന്നും ഉണ്ടായില്ല. അവയവദാന പത്രത്തില്‍ ഒപ്പ് വെക്കുമ്പോള്‍ അനുജിത്തേട്ടന്റെ ആഗ്രഹം മാത്രമായിരുന്നു മനസില്‍. ഇപ്പോഴും അതില്‍ സന്തോഷവും അഭിമാനവുമേയുള്ളൂ. എട്ട് പേരുമായും നല്ല ബന്ധമുണ്ട്. കൊവിഡ് കാലമായതുകൊണ്ടാണ്, അല്ലെങ്കില്‍ എല്ലാവരെയും കാണാന്‍ പോയെനെ. ആന്തരീകാവയവങ്ങളൊന്നും നമുക്ക് കാണാന്‍ കഴിയില്ലല്ലോ, പക്ഷേ കൈകള്‍ കാണാമല്ലോ... ആ കൈകളില്‍ നഖമെല്ലാം വന്ന് സാധാരണനിലയിലായത്രേ. എല്ലാവരെയും കാണണം. അനുജിത്തേട്ടന്‍ ഈ എട്ട് പേരിലായി ജീവിക്കുന്നു എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്....'- നല്ലപാതിയെ കുറിച്ച് സാഭിമാനം പറയുമ്പോഴും കരച്ചിലിന്റെ ചെറിയ തിരയടികള്‍ പ്രിന്‍സിയുടെ ശബ്ദത്തെ ഇടര്‍ച്ചയിലാക്കുന്നു. 

 

wife of anujith whose organs donated for eight persons after death shares his memory


മകന്‍ എഡ്വിന് ഇപ്പോള്‍ നാല് വയസാണ്. കുളക്കടയില്‍ അനുജിത്തിനൊപ്പം താമസിച്ച ആ പുതിയ വീട്ടില്‍ തന്നെയാണ് പ്രിന്‍സിയും എഡ്വിനും ഇപ്പോള്‍. പ്രിന്‍സിയുടെ അമ്മയാണ് കൂട്ടിനുള്ളത്. ജ്വല്ലറി ജീവനക്കാരിയാണ് പ്രിന്‍സി. മുമ്പ് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ ജോലിയെ കുറിച്ച് പിന്നീടൊരു അറിവുമുണ്ടായില്ല. പലപ്പോഴും അങ്ങോട്ട് അന്വേഷണം നടത്തിയെങ്കിലും കൃത്യമായ വിവരമൊന്നും ലഭിച്ചില്ല. ഇപ്പോള്‍ മന്ത്രി കെ എന്‍ ബാലഗോപാലിന് വീണ്ടും അപേക്ഷ നല്‍കിയിരിക്കുകയാണ് പ്രിന്‍സി. 

'ഇനിയെങ്കിലും അന്ന് വാക്ക് പറഞ്ഞ ആ ജോലിയൊന്ന് കിട്ടിയിരുന്നെങ്കില്‍... ചെറിയ ജോലി ആയാലും മതി. എന്നാലും അതൊരു സുരക്ഷയല്ലേ. അനുജിത്തേട്ടന്‍ പോയ ശേഷം ഞാനും മോനും ആരുടെ മുന്നിലും കൈനീട്ടാന്‍ പോയിട്ടില്ല. ഇനിയും അങ്ങനെയൊരു അവസരം ഉണ്ടാകാതിരിക്കാന്‍ ജോലി കൂടിയേ പറ്റൂ. അച്ഛന്റെ തനി പകര്‍പ്പാണ് മോന്‍. ഭയങ്കര കെയറിംഗായിരുന്നു അനുജിത്തേട്ടന്‍. അതുപോലെ തന്നെയാണ് അവനും. ആള് മരിച്ച് ദിവസങ്ങളോളം ഞാന്‍ ഭക്ഷണമൊന്നും കഴിക്കാതെയിരിപ്പായിരുന്നു. അന്ന് മൂന്ന് വയസുള്ള മോനാണ് എന്നെ ബ്രഡും വെള്ളവും എടുത്തോണ്ട് വന്ന് കഴിപ്പിച്ചത്. ഇപ്പോഴും എന്റെ കണ്ണൊന്ന് നനഞ്ഞാല്‍ അച്ഛനെ ഓര്‍ത്തിട്ടാണെങ്കി കരയല്ലേ, ദൈവത്തിന്റടുക്കല്‍ പോയതല്ലേ എന്ന് പറഞ്ഞ് എന്നെ സമാധാനിപ്പിക്കും. ഒരു ദിവസം ചിത്രശലഭത്തിനെ കണ്ടപ്പോ അത് അച്ഛനായിരിക്കും, കുഞ്ഞ് കഴിച്ചോയെന്നറിയാന്‍ വന്നതാകുമെന്ന് ഞാന്‍ പറഞ്ഞു. അതീപ്പിന്നെ എല്ലാം ദിവസോം വൈകുന്നേരം ചിത്രശലഭങ്ങള്‍ വരാന്‍ കാത്തുനിക്കും. ഒരു ദിവസം കണ്ടില്ലെങ്കി ദുഖം പറയും. ആകാശത്തേക്ക് നോക്കി അച്ഛനോട് സംസാരിക്കും. ഞാനും മുമ്പൊന്നും തനിയെ ഇരുട്ടത്ത് പുറത്തെറങ്ങില്ലായിരുന്നു. ഇപ്പോ ഒരു ധൈര്യമാണ്, അനുജിത്തേട്ടന്‍ കൂടെയുള്ളത് പോലെ. ഫോണ്‍വിളിയൊക്കെ റെക്കോര്‍ഡ് ചെയ്ത് വെക്കുന്ന ശീലമുണ്ടായിരുന്നു ആള്‍ക്ക്. ഞാനതെല്ലാം ഇപ്പോഴും കേട്ടുകേട്ട് കെടക്കും. അപ്പോഴൊക്കെ ആള് എവിടെയും പോയിട്ടില്ലെന്ന് തോന്നും..'- സങ്കല്‍പങ്ങളില്‍ അനുജിത്തിനെ അനുഭവിക്കുന്ന സന്തോഷവും വിരഹത്തിന്റെ നെടുവീര്‍പ്പുമെല്ലാം പ്രിന്‍സിയുടെ വാക്കുകളെ നിറയ്ക്കുന്നു. 
'
അനുജിത്തിന്റെ മരണം നടന്ന് ആറ് മാസത്തിന് ശേഷം പ്രിന്‍സിയും എഡ്വിനും ഒരപകടത്തില്‍ പെട്ടിരുന്നു. പ്രിന്‍സിക്ക് കയ്യില്‍ സര്‍ജറിയും നടത്തേണ്ടി വന്നിരുന്നു. മൂന്ന് മാസം ജോലിക്ക് പോകാനായില്ല. എങ്കിലും ജീവന് അപകടമൊന്നുമുണ്ടായില്ല. വിധിയുടെ ഏത് പരീക്ഷണങ്ങളോടും അരക്കൈ നോക്കാന്‍ പ്രിന്‍സിക്കിപ്പോള്‍ ആത്മവിശ്വാസമുണ്ട്. ജോലിയെന്ന കടമ്പ കൂടി ഒന്ന് കടന്നുകിട്ടണമെന്ന് മാത്രം. 

 

wife of anujith whose organs donated for eight persons after death shares his memory

 

'ജീവിതത്തില്‍ എന്നെ അത്രയും സന്തോഷിപ്പിക്കാന്‍ വേറെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഇനി കഴിയുകയും ഇല്ല. എന്തെങ്കിലും എന്റെ കയ്യില്‍ നിന്ന് നഷ്ടപ്പെടരുതേ എന്ന് ഞാനാഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അത് അനുജിത്തേട്ടനെയാണ്. ദൈവം ഞങ്ങളില്‍ അസൂയപ്പെട്ടു, അതുകൊണ്ട് അങ്ങോട്ട് വിളിച്ചു എന്നുതന്നെ ഞാനും കരുതുന്നു...'- വേദനകളുടെ എല്ലാ ഭാരവും ദൈവത്തിലേല്‍പിച്ച് പ്രിന്‍സി ജീവിതത്തെ ധൈര്യപൂര്‍വ്വം നേരിടുകയാണ്. അനുജിത്തിന് പകരം ആ കരുതലിന്റെ അതേ പ്രകാശനവുമായി എഡ്വിന്‍ കൂടെയുണ്ട്. 

ഈ അവയവദാന ദിനം അനുജിത്തിനെ ഓര്‍ക്കാതെ നാം കടന്നുപോയിക്കൂട. അനുജിത്തിനെ മാത്രമല്ല, അതുപോലെ സ്വന്തത്തെ മറ്റുള്ളവരിലേക്ക് പകര്‍ന്ന് ഒരു വാക്ക് പോലും പറയാതെ പോയ എത്രയോ എത്രയോ പേരെ. ആ ഓര്‍മ്മ പുതുക്കലും ഒരു ആദരം തന്നെയാണ്.

Also Read:- അവയവദാന സമ്മതപത്രം സമർപ്പിച്ച് മലയാളി ട്രാൻസ്ജെൻഡർ ദമ്പതികൾ; മൃതദേഹം മെഡിക്കൽ പഠനത്തിന്

Follow Us:
Download App:
  • android
  • ios