രാവിലെ എഴുന്നേറ്റ് പല്ലുതേക്കുന്ന ശീലം എല്ലാവര്‍ക്കുമുണ്ടാകും. എന്നിട്ടും പല്ല് വൃത്തിയാകുന്നില്ലേ? നിങ്ങളൊക്കെ ഫ്ലോസിംഗ് ചെയ്യാറുണ്ടോ? എന്താണ് ഫ്ലോസിംഗ് എന്നാണോ ചിന്തിക്കുന്നത്? പല്ലിനിടയിലുള്ള ഭാഗം വൃത്തിയാക്കലാണ് ഫ്ലോസിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്. പല്ലിനിടയിലുള്ള ഭാഗം വൃത്തിയായി സൂക്ഷിച്ചാൽ ദന്തക്ഷയം തടയാം. അതുപോലെ തന്നെ, മൂന്ന് മാസം കൂടുമ്പോൾ ബ്രഷ് മാറ്റണം. പല്ലിന് യോജിച്ച ടൂത്ത്‌പേസ്‌റ്റ് തെരഞ്ഞെടുക്കുക. പല്ലിനിടയിലുള്ള ഭാഗം ടൂത്ത് ബ്രഷിന് വൃത്തിയാക്കാനാവില്ല. അതിനുള്ള വഴിയാണ് ഫ്‌ളോസിംഗ് . ഇത് ദന്തക്ഷയം പ്രതിരോധിക്കാന്‍ സഹായിക്കും. ദിവസത്തിൽ ഒരിക്കലെങ്കിലും ഫ്‌ളോസിംഗ് ചെയ്യണമെന്നാണ്  ദന്ത ഡോക്ടറായ സ്മിതാ റഹ്മാന്‍ പറയുന്നത്.

പല്ലുകളുടെ ഇടയിൽ പ്രത്യേക തരം നൂലുകളോ(ഫ്ലോസ്സ്) തനതായി നിർമ്മിച്ച കുഞ്ഞു ഉപകരണങ്ങളോ(ഫ്ലോസ്സർ) ഉപയോഗിച്ച് വൃത്തിയാക്കുന്ന പ്രക്രിയയാണ് ഫ്ലോസിംഗ്. 30% ബ്രഷിംഗിന്‍റെ ജോലി ആണ് ഫ്ലോസ്സിംഗ് ചെയ്യുന്നത്. ബ്രഷുകൾക്ക് എത്തി ചേരാനാകാത്ത പല്ലിന്‍റെ പ്രതലങ്ങൾ വൃത്തിയാക്കാതിരുന്നാൽ അവിടങ്ങളിൽ കേടും മോണരോഗവും വരാനുള്ള സാധ്യതകൾ കൂടുതലാണ്. ദന്തക്ഷയം ചെറുക്കുന്നതിൽ ഫ്ലോസ്സിംഗിന് വലിയ പങ്കുണ്ട്. ബ്രഷ് പോലെ തന്നെ ദിനചര്യയുടെ ഭാഗമാക്കേണ്ട ഒന്നാണ് ഫ്ലോസ്സ്. പല്ലു തേക്കാൻ പഠിക്കുന്നതു പോലെ തന്നെ ഫ്ലോസു ചെയ്യാനും കുട്ടികളെ പഠിപ്പിക്കണമെന്നും ഡോ. സ്മിതാ റഹ്മാന്‍ പറയുന്നു. 

കുട്ടികളെ ഫ്ലോസ്സിംഗ് പഠിപ്പിക്കാനും ശീലമാക്കാനുമുളള വഴികളെ കുറിച്ച് ഡോ. സ്മിതാ പറയുന്നത് ഇങ്ങനെ: 

1. നേരത്തെ തുടങ്ങാം. രണ്ടു പല്ലുകൾ അടുത്തു വന്നതു മുതൽ കുട്ടികൾക്ക് ഫ്ലോസ് കോടുക്കൂ. ഫ്ലോസ്സിംഗിന്റെ ആദ്യ പാഠം കുഞ്ഞിന്റെ ഡെന്റിസ്റ്റിൽ നിന്നും ആവുന്നത് ശാസ്ത്രീയമായ രീതിയിൽ അത് പഠിക്കാൻ അവരെ സഹായിക്കും.

2.ഫ്ലോസ്സറുകൾ ഉപയോഗിക്കൂ. വിവിധ ഡിസൈനുകളിൽ നിർമ്മിക്കപ്പെട്ട ഫ്ലോസ്സറുകൾ ഇന്ന് ലഭ്യമാണ്. എളുപ്പമാണവ, ഉപയോഗിക്കാനും സൂക്ഷിക്കാനും!

3.രക്ഷിതാക്കളുടെ മേൽ നോട്ടത്തിൽ ഫ്ലോസ്സിംഗ് തുടങ്ങുക. എന്റെ അഞ്ചു വയസ്സുകാരൻ ഇപ്പോഴേ അടിപൊളിയായി ഫ്ലോസ് ചെയ്തു തുടങ്ങി. എട്ടു വയസ്സു വരെ അവരുടെ മേൽ "ഒരു കണ്ണു" ണ്ടാവുന്നത് നല്ലത്!

4. കയ്യകലത്തിൽ ഫ്ലോസുണ്ടാകുക. കാറിലും ബാഗിലും ബാത്ത്റൂമിലും അവ കരുതുക. ഇടയ്ക്കിടെ കണ്ടു കൊണ്ടിരുന്നാൽ കുട്ടികൾക്ക് അവയെ മറന്നു പോകാതിരിക്കാൻ എളുപ്പമാവും. കല്യാണത്തിന് പോയി തിരിച്ചു വരുന്ന വഴി കാറിലിരുന്നും പല്ലിടകൾ വൃത്തിയാക്കാം!

5.മുന്നിൽ നടന്ന് കുട്ടികൾക്ക് മാതൃകയാവുക. ഡിജിറ്റൽ യുഗത്തിലെ കുഞ്ഞുങ്ങളാണ്. ആദ്യം അപ്പനും അമ്മയും നന്നാകട്ടെ എന്നിട്ട് ഞങ്ങളെ ഉപദേശിച്ചാ മതിയെന്ന് അവർ പറയാനുള്ള ഇട വരുത്താതിരിക്കുക!