Asianet News MalayalamAsianet News Malayalam

കുട്ടികൾക്ക് ഈ 5 ഭക്ഷണങ്ങൾ നിർബന്ധമായും നൽകണം, കാരണം

ഇന്നത്തെ കാലത്ത്  90 ശതമാനം കുട്ടികളിലും ഏതെങ്കിലും തരത്തിലുള്ള കാഴ്​ച വൈകല്യങ്ങൾ കണ്ടുവരാറുണ്ട്. കാഴ്​ച വൈകല്യങ്ങളിൽ പലതിൽ നിന്നും പോഷകസമൃദ്ധമായ ഭക്ഷണത്തിലൂടെ നിങ്ങളുടെ കുട്ടിയുടെ കണ്ണുകളെ സംരക്ഷിക്കാവുന്നതാണ്​.

foods help maintain child eyesight
Author
Trivandrum, First Published Sep 27, 2019, 10:33 PM IST

കുട്ടികൾക്ക്​ ഭക്ഷണം നൽകുന്ന കാര്യത്തിൽ അമ്മമാർ എപ്പോഴും അതീവ ശ്രദ്ധാലുക്കളാണ്​. ഭൂരിഭാഗം അമ്മമാരും കുട്ടികൾക്ക്​ ഇഷ്​ടമുള്ളത്​ എന്തായാലും അത്​ നൽകി അവരെ സംതൃപ്​താരാക്കുന്നവരാണ്. എന്നാൽ അവരുടെ ഓരോ അവയവങ്ങളുടെ വളർച്ചയ്ക്കും ആവശ്യമായ പോഷകങ്ങൾ അറിഞ്ഞ്​ അവ ഉൾപ്പെട്ട ഭക്ഷണം നൽകുന്നതിലാണ്​ മിടുക്ക്​.

ഇന്നത്തെ കാലത്ത്  90 ശതമാനം കുട്ടികളിലും ഏതെങ്കിലും തരത്തിലുള്ള കാഴ്​ച വൈകല്യങ്ങൾ കണ്ടുവരാറുണ്ട്. കാഴ്​ച വൈകല്യങ്ങളിൽ പലതിൽ നിന്നും പോഷകസമൃദ്ധമായ ഭക്ഷണത്തിലൂടെ നിങ്ങളുടെ കുട്ടിയുടെ കണ്ണുകളെ സംരക്ഷിക്കാവുന്നതാണ്​. നിങ്ങളെ അലട്ടുന്ന കാഴ്​ച പ്രശ്​നങ്ങൾ പലതും പോഷകാഹാര കുറവി​​ന്റെ അടയാളമാണ്. 

മാനസികവും ശാരീരികവുമായ സമ്മർദ്ദം മുതൽ പോഷകാഹാരക്കുറവ്, അമിതമായ പഞ്ചസാരയുടെ ഉപയോഗം, അമിതമായി മാംസം, പ്രോട്ടീൻ, കൊഴുപ്പ്, ജങ്ക് ഫുഡ് എന്നിവയുടെ ഉപയോഗവും ശരിയായ തോതിൽ വ്യായാമമില്ലാത്തതുമെല്ലാം കാഴ്ച വൈകല്യങ്ങൾക്ക്​ കാരണമാകുന്നുവെന്ന്​ പ്രശസ്​ത ന്യൂട്രീഷ്യനിസ്​റ്റായ നമാമി അഗർവാർ പറയുന്നു. കാഴ്​ചക്കായി കുഞ്ഞുങ്ങളുടെ ഭക്ഷണത്തിൽ പ്രധാനമായി ഉൾപ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങൾ താഴേ ചേർക്കുന്നു...

ഒന്ന്...

കുട്ടികളുടെ ഭക്ഷണത്തിൽ ആഴ്​ചയിൽ രണ്ടു തവണയെങ്കിലും മത്സ്യങ്ങൾ ഉൾപ്പെടുത്താം. മത്തി, അയല, ട്യൂണ,കോര എന്നിവ ഒമേഗ 3 ഫാറ്റി ആസിഡുകളുടെ ഉറവിടങ്ങളാണ്. കണ്ണുകളി​ലെ വരൾച്ച,ഉയർന്ന രക്ത സമ്മർദ്ദം എന്നിവ കുറയ്ക്കുന്നതിൽ ഒഗേമ 3 ഫാറ്റി ആസിഡുകൾക്ക്​ കഴിവുണ്ട്​. ഭക്ഷണത്തിൽ മത്സ്യം ഉൾപ്പെടുത്തുന്നത്​ മാക്യുലാറി​​ന്റെ നാശം തടയുകയും തിമിരം വരാതെ സംരക്ഷിക്കുകയും ചെയ്യും.

രണ്ട്...

തോരനായോ സാലഡായോ ചീരയും കാബേജും ബ്രൊക്കോളിയുമെല്ലാം കുഞ്ഞിന്​ ശീലമാക്കണം. വിറ്റാമിൻ എയുടേയും വൈറ്റമിൻ സിയുടെ കലവറകളായ പച്ചിലകൾ കണ്ണുകളുടെ ആരോഗ്യം നിലനിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നവയാണ്. 

മൂന്ന്...

ക്യാരറ്റ്​ ജ്യൂസായോ വിവിധ ആകൃതികളിൽ​ മുറിച്ചെടുത്തോ ക്യാരറ്റ്​ തോരനായോ കുഞ്ഞുങ്ങളെ ക​ഴിപ്പിക്കാൻ ശ്രമിക്കണം. വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവയാൽ സമ്പുഷ്​ടമാണ്​ ക്യാരറ്റ്. കണ്ണിലെ കോശങ്ങൾ സംരക്ഷിക്കുന്നതിനും കോർണിയയുടെ ആരോഗ്യത്തിനും വിറ്റാമിൻ എ ഉൾപ്പെട്ട ഭക്ഷണം കഴിക്കുന്നത്​ ഫലപ്രദമാണ്​. 

നാല്...

ഓറഞ്ച്​, മുസംബി, നാരങ്ങ, സ്ട്രോബറി എന്നിങ്ങനെയുള്ള പഴങ്ങൾ ഇടനേരങ്ങളിൽ നൽകുന്നത്​ അവരുടെ വിശപ്പകറ്റാൻ മാത്രമല്ല, നേത്രാരോഗ്യത്തിനും നല്ലതാണ്​. വിറ്റാമിൻ സി സമ്പുഷ്ടമായ സിട്രസ്​ പഴങ്ങൾ നിങ്ങളുടെ കുട്ടിയുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും. കണ്ണിനുണ്ടാകുന്ന അണുബാധ തടയാനും ഇവയ്ക്കു കഴിയും. 

അഞ്ച്...

അണ്ടിപരിപ്പ്​, ബദാം, നിലക്കടല, പിസ്​താ, വാൽനട്ട് തുടങ്ങിയവ ഇഷ്​ടമില്ലാത്ത കുഞ്ഞുങ്ങൾ കുറവാണ്​. അവരുടെ ഭക്ഷണത്തിൽ ഇത്തരം​ നട്​സുകൾ ധാരാളമായി ഉൾപ്പെടുത്തിക്കോളൂ. നട്​സുകളിൽ ഒമേഗ ഫാറ്റ്​ 3, വിറ്റാമിൻ ഇ എന്നിവ കൂടുതലായി അടങ്ങിയിരിക്കുന്നു. അത് നിങ്ങളുടെ കുട്ടിയുടെ കാഴ്ചശക്തിയെ സംരക്ഷിക്കാൻ സഹായിക്കുന്ന ആൻറിഓക്സിന്റായി പ്രവർത്തിക്കും. 

Follow Us:
Download App:
  • android
  • ios