വയറ്റിലെ കൊഴുപ്പ് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക. വയറിന് ചുറ്റും അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടിയ അവസ്ഥയെയാണ് അബ്ഡോമിനൽ ഒബിസിറ്റി അഥവാ സെൻട്രൽ ഒബിസിറ്റി എന്ന് പറയുന്നത്.ഇത് വെറും ഒരു ശരീര അഴകിന്റെ മാത്രം പ്രശ്നമായി കാണാവുന്ന ഒന്നല്ല. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാം. 

കൊഴുപ്പ് രണ്ട് തരത്തിലാണ് വയറുഭാഗത്ത് രൂപപ്പെടുന്നത്. ഒന്ന് തൊലിക്കടിയിൽ രൂപപ്പെടുന്ന സബ്കൂട്ടേനിയസ് ഫാറ്റ്. ഇത്തരത്തിലുള്ള കൊഴുപ്പ് വയറുഭാഗത്ത് മാത്രമല്ല ശരീരത്തിലെവിടെയും രൂപപ്പെടാം. എന്നാൽ വയറിനുള്ളിൽ രൂപപ്പെടുന്ന വിസറൽ ഫാറ്റിന്റെ കഥ മറിച്ചാണ്. ഇത് ആന്തര‍ികാവയവങ്ങളുടെ ചുറ്റുമാണ് രൂപപ്പെടുന്നത്. ഇതാണ് യഥാർഥ വില്ലൻ. വയറ്റിലെ കൊഴുപ്പ് കളയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

വെള്ളം ധാരാളം കുടിക്കുക...

ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. ഇത് വയറ്റില കൊഴുപ്പ് പുറന്തള്ളാന്‍ സഹായിക്കും. ശരീരത്തിലെ വിഷാംശം ഇതുവഴി പുറന്തള്ളിപ്പോകുന്നതോടെ അപചയപ്രക്രിയ ശരിയായി നടക്കുകയും ചെയ്യും.

ഉപ്പ് കുറയ്ക്കുക...

 ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഉപ്പ്. ഉപ്പ് ആരോ​ഗ്യത്തിന് നല്ലതല്ലെന്ന് ഓർക്കുക. ഉപ്പ് ശരീരത്തില്‍ വെള്ളം കെട്ടിനിര്‍ത്തും. വയറ്റിലെ കൊഴുപ്പു കൂടുകയും ചെയ്യും.

മധുരം ഒഴിവാക്കുക...

മധുരത്തിന് പകരം തേൻ ഉപയോ​ഗിക്കുക. മധുരം അടിവയറ്റിലെ കൊഴുപ്പും തടിയും കൂട്ടുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ ഭക്ഷണത്തില്‍ കറുവാപ്പട്ട ഉള്‍പ്പെടുത്തുക. ഇത് പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്.

നട്‌സ് കഴിക്കാം...

 ശരീരത്തിന് നല്ല ഫാറ്റ് ആവശ്യമാണ്. ഇത് വയറ്റില്‍ അടിഞ്ഞു കൂടുന്ന ചീത്ത കൊഴുപ്പിനെ അകറ്റാന്‍ അത്യാവശ്യവും. നട്‌സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഇതിനു സഹായിക്കും.

അവോക്കാഡോ ധാരാളം കഴിക്കാം...

ബട്ടര്‍ ഫ്രൂട്ട് അഥവാ അവോക്കാഡോ നല്ല കൊഴുപ്പിന്റെ ഉറവിടമാണ്. ഇത് വയറ്റില്‍ അടിഞ്ഞു കൂടുന്ന ചീത്ത കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. വിശപ്പറിയാതിരിക്കാനും ഇതു നല്ലതാണ്.

ഓറഞ്ച്....

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻഏറ്റവും നല്ലൊരു ഫ്രൂട്ടാണ് ഓറഞ്ച്. സമ്മർദ്ദം ഉണ്ടാകുമ്പോൾ ശരീരം കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ പുറപ്പെടുവിക്കും. ഇത് ശരീരഭാരം കൂട്ടാം. ഓറഞ്ചിലെ വൈറ്റമിന്‍ സി ഇത് നിയന്ത്രിക്കാനും വയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.

ഗ്രീന്‍ ടീ....

ഗ്രീന്‍ ടീയിലെ ആന്റിഓക്‌സിഡന്റുകള്‍ വയര്‍ കുറയ്ക്കാന്‍ സഹായിക്കും. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തും. വയറ്റിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കും.

ചൂടുവെള്ളത്തിൽ നാരങ്ങ നീര്...

 രാവിലെ വെറുംവയറ്റില്‍ ചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞ് ഇതില്‍ തേന്‍ ചേര്‍ത്തു കഴിക്കുന്നത് അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.

വെള്ളരിക്ക...

വയര്‍ കുറയാന്‍ സഹായിക്കുന്ന ഭക്ഷണമാണ് വെള്ളരിക്ക. ഇത് വിശപ്പു മാറ്റും. നാരുകള്‍ അടങ്ങിയത് കൊണ്ട് സുഗമമായ ദഹനത്തിനും സഹായിക്കും.