വൃക്കരോ​ഗികളുടെ എണ്ണം ഇന്ന് കൂടി വരികയാണ്. ശരീരത്തിലെ രക്തം, ആഹാരം, വെള്ളം തുടങ്ങിയവയിൽ നിന്നും ആവശ്യമുള്ള പോഷകങ്ങൾ സ്വീകരിക്കുകയും മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളെയും പുറത്ത് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് വൃക്കകളാണ്‌. കിഡ്നി പ്രവര്‍ത്തനരഹിതമായിരിക്കുന്ന അവസ്ഥയിലാണെങ്കില്‍ ശരീരം പല വിധത്തിലാണ് പ്രതികരിക്കുന്നത്. 

ശരീരത്തിൽ നിന്നും മാലിന്യങ്ങൾ പുറത്ത് കളയുന്ന പ്രക്രിയ ചെയ്യുന്ന ആന്തരികാവയവം ആണ്‌ വൃക്ക. വൃക്ക തകരാർ മൂലം ശരീരത്തിലെ കാത്സ്യം ധാരാളമായി മൂത്രത്തിലൂടെ നഷ്ടപ്പെടുന്നു. എല്ലുകള്‍ക്ക് ബലം കുറയുക, അസ്ഥികള്‍ക്ക് വേദന, തരിപ്പ്, പേശികളുടെ ബലക്ഷയം തുടങ്ങിയവയ്ക്ക് കാരണമാകും. വൃക്കരോ​ഗികൾ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ മാത്രം കഴിക്കുക. വൃക്കരോ​ഗികൾ ഒഴിവാക്കേണ്ടതും കഴിക്കേണ്ടതുമായ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം....

1. പരമാവധി ഉപ്പില്ലാത്ത ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കുക. എരിവുള്ളതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക. 

2. ബേക്കറി സാധനങ്ങൾ, സോഡാപ്പൊടി ചേർത്തുണ്ടാക്കുന്ന വിഭവങ്ങൾ, ടിന്നുകളിൽ ലഭിക്കുന്ന സംസ്കരിച്ച ഭക്ഷ്യവസ്തുക്കള്‍, പപ്പടം, പോപ്കോൺ, ബിസ്ക്കറ്റ് ശീതളപാനീയങ്ങൾ, ഉണക്കിയ മത്സ്യം എന്നിവയും ഒഴിവാക്കണം. 

3. പാൽ, തൈര്, പയറുവർഗങ്ങൾ, പച്ചമാങ്ങ, കാരറ്റ്, പരിപ്പു കീര, പാലക് എന്നിവ ഉപയോഗിക്കാം. 

4. കാബേജ്, ക്യാരറ്റ്, ചെറിയ ഉള്ളി, റാഡിഷ്, പാവയ്ക്ക, കത്തിരിക്ക, വെണ്ടയ്ക്ക, മത്തങ്ങ, കോളിഫ്ളവർ എന്നിവ വേവിച്ചു വെള്ളം ഊറ്റിക്കളഞ്ഞ് ഉപയോഗിക്കാം.

5. ഇഞ്ചി ധാരാളം കഴിക്കാൻ ശ്രമിക്കുക. വൃക്കരോ​ഗികൾ ദിവസവും ഒരു ​ഗ്ലാസ് ഇഞ്ചി വെള്ളം കുടിക്കുന്നത് നല്ലതാണ്. കൊളസ്ട്രോൾ കുറയ്ക്കാനും മോണരോ​ഗങ്ങൾക്കുമെല്ലാം ഇഞ്ചി ഏറെ നല്ലതാണ്. 

6. വൃക്കരോ​ഗികൾ മുട്ടയുടെ മഞ്ഞ ഒരു കാരണവശാലും കഴിക്കരുത്. മുട്ടയുടെ മഞ്ഞ കഴിക്കുമ്പോൾ ശരീരത്തിൽ കൊഴുപ്പ് കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. മുട്ടയുടെ വെള്ള കഴിക്കുന്നത് കൊണ്ട് പ്രശ്നമൊന്നുമില്ല. 

7. ബർ​ഗർ, സാൻവിച്ച്, പിസ പോലുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. ഇത്തരം ഭക്ഷണങ്ങൾ കഴിക്കുമ്പോൾ കിഡ്നി തകരാർ ഉണ്ടാകാമെന്നാണ് പഠനങ്ങൾ പറയുന്നത്. 

8. ഉപ്പ് പോലെ തന്നെ ഒഴിവാക്കേണ്ട ഒന്നാണ് മധുരവും. മധുരം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ കിഡ്നിയുടെ പ്രവർത്തനത്തെ മാത്രമല്ല പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങളും പിടിപെടാം.