മുടി കൊഴിച്ചിലിലേക്ക് നമ്മെ നയിക്കുന്ന മറ്റൊരു പ്രശ്നമാണ് പോഷകക്കുറവ്.  ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ പ്രധാനമായും നാം ഭക്ഷണത്തിലൂടെയാണ് കണ്ടെത്തുന്നത്.

മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് മിക്കവരും പരാതിപ്പെടുന്നൊരു കാര്യമാണ് മുടി കൊഴിച്ചില്‍. കാലാവസ്ഥയും വെള്ളത്തിന്‍റെ പ്രശ്നവും മുതല്‍ ഹോര്‍മോണ്‍ പ്രശ്നങ്ങള്‍, സ്ട്രെസ് എന്നിങ്ങനെ പല കാരണങ്ങളും മുടി കൊഴിച്ചിലിന് പിന്നില്‍ പ്രവര്‍ത്തിക്കാം. 

ഇത്തരത്തില്‍ മുടി കൊഴിച്ചിലിലേക്ക് നമ്മെ നയിക്കുന്ന മറ്റൊരു പ്രശ്നമാണ് പോഷകക്കുറവ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ പ്രധാനമായും നാം ഭക്ഷണത്തിലൂടെയാണ് കണ്ടെത്തുന്നത്. ഇങ്ങനെ ഭക്ഷണത്തിലൂടെ നമുക്ക് അവശ്യം വേണ്ടുന്ന പോഷകങ്ങളൊന്നും കൃത്യമായി എത്തുന്നില്ല എങ്കില്‍ അത് മുടിയുടെ ആരോഗ്യത്തെയും ബാധിക്കാം. വലിയ രീതിയിലുള്ള മുടി കൊഴിച്ചില്‍ തന്നെ പലരിലും പോഷകക്കുറവ് ഉണ്ടാക്കാറുണ്ട്. 

അതുപോലെ അനാരോഗ്യകരമായ ഭക്ഷണരീതി ആകെ തന്നെയും മുടി കൊഴിച്ചിലിലേക്ക് നയിക്കാം. ഇത് പലരും ശ്രദ്ധിക്കാതെ പോകുന്നൊരു സംഭവമാണ്. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതിന്‍റെ തോത് വളരെ കൂടുതലാണ്. അതിനിടയില്‍ ഇങ്ങനെയുള്ള പാര്‍ശ്വഫലങ്ങളെ കുറിച്ച് ചിന്തിക്കാനും അറിവ് നേടാനും എത്ര പേര്‍ ശ്രമിക്കും. 

കാര്യമായി പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവരെ സംബന്ധിച്ച് തീര്‍ച്ചയായും അവരുടേത് അനാരോഗ്യകരമായ ഭക്ഷണരീതി ആയിരിക്കുമെന്നത് തീര്‍ച്ച. പുറത്തുനിന്ന് എപ്പോഴും ഭക്ഷണം കഴിക്കുന്നവര്‍ അധികവും ഫാസ്റ്റ് ഫുഡ്സ്, ഫ്രൈഡ് ഫുഡ്സ്, ശീതളപാനീയങ്ങള്‍ എന്നിവയെല്ലാമായിരിക്കും കഴിക്കുക. 

ഈ ഭക്ഷണങ്ങളും പാനീയങ്ങളും പതിവായി കഴിക്കുന്നത് മുടി കൊഴിച്ചിലിന് കാരണമാകാം. പോഷകക്കുറവ്, ഹോര്‍മോണ്‍ വ്യതിയാനം എന്നിവയാണ് ഈ ഭക്ഷണപാനീയങ്ങളെല്ലാമുണ്ടാക്കുന്നത്. ഇതുവഴിയാണ് മുടി കൊഴിച്ചിലിലേക്കും നീങ്ങുന്നത്. 

മധുരപലഹാരങ്ങളാണ് ഇതില്‍ ഒഴിവാക്കേണ്ടൊരു ഭക്ഷണം. പലഹാരങ്ങള്‍ എന്നുപറയുമ്പോള്‍ ബേക്കറി വിഭവങ്ങളും എണ്ണ പലഹാരങ്ങളമെല്ലാം ഉള്‍പ്പെടുന്നു. ഇതിന് പുറമെ കേക്കുകള്‍, പേസ്ട്രി, ഡിസേര്‍ട്ടുകള്‍ എന്നിവയും നല്ലതുപോലെ നിയന്ത്രിക്കണം. മധുരപാനീയങ്ങളും അത്ര കഴിക്കുന്നത് നല്ലതല്ല. വിശേഷിച്ച് സോഡ പോലുള്ളവ. കൃത്രിമമധുരം അടങ്ങിയ വിഭവങ്ങളെല്ലാം നല്ലതുപോലെ നിയന്ത്രിക്കുന്നതാണ് മുടിക്ക് നല്ലത്. 

അനാരോഗ്യകരമായ കൊഴുപ്പ് കാര്യമായി അടങ്ങിയിട്ടുള്ള വിഭവങ്ങളാണ് ഫ്രൈഡ് ഫുഡ്സ്. ഇവ പതിവാക്കുന്നതും മുടിക്ക് ഒട്ടും നല്ലതല്ല. പ്രോസസ്ഡ് മീറ്റ് - വിഭാഗത്തില്‍ പെടുന്ന വിഭവങ്ങളും കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. സോസേജ്, ബേക്കണ്‍, ഹോട്ട് ഡോഗ്സ് പോലുള്ള വിഭവങ്ങളെല്ലാം ഇത്തരത്തിലുള്ളതാണ്. 

റിഫൈൻഡ് ധാന്യങ്ങളുടെ പതിവായ ഉപയോഗവും മുടിക്ക് നന്നാകില്ല. വൈറ്റ് ബ്രഡ്, പാസ്ത എന്നിവയെല്ലാം ഇതിനുദാഹരണമാണ്. ഇവയുടെ ഗ്ലൈസമിക് സൂചിക (മധുരത്തിന്‍റെ തോത് അറിയാനുള്ള സൂചിക) കൂടുതലാണ്. അതിനാല്‍ തന്നെ ഇവ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്ക് കാരണമാകാം, 

ചായയും കാപ്പിയും അമിതമായി കഴിക്കുന്നതും കഫീൻ കാര്യമായി അടങ്ങിയ പാനീയങ്ങള്‍ പതിവാക്കുന്നതും ഇതുപോലെ മുടി കൊഴിച്ചിലിന് കാരണമാകാം. അതിനാല്‍ ഇവയും പമാവധി നിയന്ത്രിക്കാം. കഫീൻ ആണ് ഇതില്‍ പ്രശ്നക്കാരൻ. കഫീൻ അധികമാകുമ്പോള്‍ അത് നിര്‍ജലീകരണത്തിന് കാരണമാകും. ഇതാണ് മുടിയെ ബാധിക്കുന്നത്. 

Also Read:- വെള്ളം മുടിയെ ബാധിക്കുന്നുണ്ടോ? മുടി ഡ്രൈ ആകുന്നത് തടയാൻ ചെയ്യാവുന്നത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo